Skip to main content

എറണാകുളം അറിയിപ്പുകള്‍

സുനാമി മുന്നറിയിപ്പ് മോക്ഡ്രിൽ സംഘടിപ്പിച്ചു

 

എറണാകുളം: ദുരന്തങ്ങൾ നേരിടുന്നതിനുള്ള ആശയവിനിമയ സംവിധാനത്തിൻ്റെ കൃത്യത ഉറപ്പുവരുത്താൻ ജില്ലയിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായാണ് മോക്ഡ്രിൽ നടത്തിയത്. ജില്ലയിൽ സുനാമി മുന്നറിയിപ്പ് ഉണ്ടാകുന്ന ഘട്ടത്തിൽ എങ്ങനെയെല്ലാമാണ് ആശയ വിനിമയം സാധ്യമാകുക എന്നതാണ് മോക്ഡ്രി്ല്ലിലൂടെ പരിശോധിച്ച് ഉറപ്പു വരുത്തിയത്.

ഇൻമാർ സാറ്റ്, വി-സാറ്റ് എന്നീ ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും, ഹോട്ട്ലൈൻ, ലാൻഡ് ഫോൺ, മൊബൈൽ, ഇ-മെയിൽ, വാട്സാപ്പ് തുടങ്ങിയ സംവിധാനങ്ങളെല്ലാം സമയാനുസൃതമായി മുന്നറിയിപ്പ് കൈമാറുന്നതിന് മോക്ക്ഡ്രില്ലിലൂടെ പരീക്ഷിച്ച് ഉറപ്പ് വരുത്തി. 

 

അറബിക്കടലിൽ മക്കാൻ ട്രഞ്ചിനു സമീപത്തായി റിക്ടർ സ്കെയിലിൽ ഒൻപത് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൻ്റെ തുടർച്ചയായുള്ള സുനാമി മുന്നറിയിപ്പെന്ന സന്ദേശമാണ് കൈമാറിയത്. ഇൻകോയ്‌സിൽ നിന്ന് ലഭിച്ച മുന്നറിയിപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധ ആശയ വിനിമയ സംവിധാനങ്ങൾ വഴി ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ, നേവി, ദേശീയ ദുരന്ത നിവാരണ സേന, കോസ്റ്റ് ഗാർഡ്, ഫിഷെറീസ്, കോസ്റ്റൽ പോലീസ്, ഫയർ ആൻഡ്റെസ്ക്യൂ, തദ്ദേശ വകുപ്പ്, ഓൾ ഇന്ത്യ റേഡിയോ തുടങ്ങിയ പ്രധാന വകുപ്പുകളിലേക്ക് ഉടനടി കൈമാറി. ജില്ലാ ദുരന്ത നിവാരണ അതോറിറ്ററികൾ അവ ജില്ലകളിലെ ബന്ധപ്പെട്ട വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും കൈമാറി.

രണ്ട്‍ വർഷത്തിലൊരിക്കൽ ദേശീയ തലത്തിൽ നടക്കുന്ന സുനാമി മോക്ക്ഡ്രിൽ വഴി സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പും ശേഷിയുമാണ് പരിശോധിക്കപ്പെടുന്നത്. മോക്ക്ഡ്രിൽ നിരീക്ഷകരായി ദേശീയ ദുരന്ത നിവാരണ സേനയുടെ ഉദ്യോഗസ്ഥരെ സംസ്ഥാന അടിയന്തരഘട്ട കാര്യനിർവ്വഹണ കേന്ദ്രത്തിൽ നിയോഗിച്ചിരുന്നു. സംസ്ഥാനത്തെ ദുരന്ത നിവാരണത്തിനായുള്ള ആശയ വിനിമയ സംവിധാനങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിച്ചു. കൂടുതൽ മെച്ചപ്പെടേണ്ട മേഖലകൾ കണ്ടെത്താനും സാധിച്ചിട്ടുണ്ട്.

 

ക്വിസ് മത്സര വിജയികൾ

 

എറണാകുളം: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൻ്റെ വിജയികളെ പ്രഖ്യാപിച്ചു. അനീറ്റ ജോൺസൺ, കളത്തിൽ വീട് കണിയാംകുന്ന് , ആലുവ ഒന്നാം സ്ഥാനം നേടി. എറണാകുളം പുലവഴി വീട്ടിൽ കാർത്തിക ഇ വിശ്വനാഥ് രണ്ടാം സമ്മാനവും കാക്കനാട് പൂർവ എറ്റേണിറ്റിയിലെ പ്രണയ് ജയപ്രകാശ് മൂന്നാം സ്ഥാനവും നേടി. ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെ നടത്തിയ മത്സരത്തിൽ ആയിരത്തിലധികം ആളുകൾ രജിസ്റ്റർ ചെയ്തു. 30 മിനിറ്റായിരുന്നു സമയം. ഏറ്റവും കുറഞ്ഞ സമയത്തിൽ കൂടുതൽ ശരിയുത്തരങ്ങൾ നൽകിയ അഞ്ച് പേരെയാണ് തെരഞ്ഞെടുത്തത്.  ഇതിൽ നിന്നും ഏറ്റവും കുറഞ്ഞ സമയത്തിൽ കൂടുതൽ ശരിയുത്തരം നൽകിയ മൂന്നു പേരെ തിരഞ്ഞെടുക്കുകയായിരുന്നു.

 

കാവലാൾ; എറണാകുളം ക്ലസ്റ്റർ തല വെബിനാറുകൾ പൂർത്തിയായി

 

കൊച്ചി:  വിമുക്തി ലഹരി വർജനമിഷൻ, ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവ സംയുക്തമായി ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തുന്ന ലഹരി വിരുദ്ധ വെബിനാർ 'കാവലാൾ ' എറണാകുളം ക്ലസ്റ്റർ തലത്തിൽ പൂർത്തിയായി. എസ്.എൻ.എച്ച്.എസ്.എസ് തൃക്കണാർവട്ടം, ഒ.എൽ.എഫ്.എച്ച്.എസ്.എസ്. കുമ്പളങ്ങി എന്നീ വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ സമാപന വെബിനാർ അസി.എക്സൈസ് കമ്മീഷണർ ആന്റ് വിമുക്തി ജില്ലാ മാനേജർ ജി.സജിത്കുമാർ ഉദ്ഘാടനം ചെയ്തു. വിമുക്തി ലഹരി വർ ജന മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ. ഫൈസൽ അധ്യക്ഷത വഹിച്ചു.ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി.ശ്രീനിജിൻ മുഖ്യാതിഥിയായി. ക്ലസ്റ്റർ കോർഡിനേറ്റർ ടി.പി.അഭിലാഷ് , അധ്യാപികമാരായ സുപ്രിയ, മേജി എന്നിവർ പ്രസംഗിച്ചു. അസി.എക്സൈസ് ഇൻസ്പെക്ടർ പിഎ. വിജയൻ ക്ലാസ് നയിച്ചു.ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ ലഹരി വർജന- പ്രതിരോധ ശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം ആരംഭിചത്.. നേരത്തെ എറണാകുളം ക്ലസ്റ്ററിലെ സെന്റ് സെബാസ്റ്റ്യൻസ് ഏച്ച്എസ്.എസ്. പള്ളുരുത്തി, സെന്റ് ആൽബർട്ട് എച്ച്.എസ്.എസ്.എസ്., ജി.ജി.എച്ച്.എസ്.എസ്. എറണാകുളം, സെന്റ് പീറ്റേഴസ് എച്ച്.എസ്.എസ്.കുമ്പളങ്ങി, ജി.എച്ച്.എസ്.എസ്. എളമക്കര, എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. ഉദയംപേരൂർ, എസ്.എച്ച്.എച്ച്.എസ്.എസ്.തേവര, കെ.പി.എം.എച്ച്.എസ്.എസ് പൂത്തോട്ട എന്നിവിടങ്ങളിലും വെബിനാറുകൾ പൂർത്തീകരിച്ചിരുന്നു.  ജില്ലയിലെ വിവിധ ക്ലസ്റ്ററുകളിലെ മറ്റ് ഹയർ സെക്കണ്ടറി സ്കൂളുകളിലും വെബിനാറുകൾ അവസാന ഘട്ടത്തിലാണ്

 

തദ്ദേശ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

 

എറണാകുളം: കോവിഡ് പ്രതിസന്ധികൾക്കിടയിലും തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.  വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനയും ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും അവസാന ഘട്ടത്തിലാണ്. അടുത്ത മാസം തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

കച്ചേരിപ്പടി ഉഷ ടൂറിസ്റ്റ് ഹോം കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന മുപ്പത് ശതമാനം പൂർത്തിയായി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനായുള്ള മൾട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയുടെ അഞ്ച് എഞ്ചിനീയർമാരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. 20 റവന്യൂ ഉദ്യോഗസ്ഥരും ഇവരെ സഹായിക്കാനുണ്ട്. മൾട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനകൾക്കു ശേഷം നഗരസഭ തിരഞ്ഞെടുപ്പിനുപയോഗിക്കുന്ന സിംഗിൾ പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനകൾ ആരംഭിക്കും. ഈ മാസം തന്നെ യന്ത്രങ്ങളുടെ പരിശോധനകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 

 

തിരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരുടെ പരിശീലനവും പുരോഗമിക്കുകയാണ്. 11 ബ്ലോക്കു പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥരുടെ പരിശീലനമാണ് പൂർത്തിയായത്. മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഈ യാഴ്ച നടക്കും. ഒക്ടോബർ 28 ന്  പരിശീലനങ്ങൾ പൂർത്തിയാകും. തിരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടർ പട്ടിക 21ന്  (21/10/2020) പ്രസിദ്ധീകരിക്കും.

 

അഭയ കിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

എറണാകുളം : അശണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന ബന്ധുവിന് പ്രതിമാസം 1000 രൂപ നിരക്കിൽ ധനസഹായം നൽകുന്ന അഭയ കിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

നിബന്ധനകൾ : വിധവകൾ 50 വയസിനു മുകളിൽ പ്രായമുള്ളവർ ആവണം. വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിധവകളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

അപേക്ഷകൾ നവംബർ 15 ന് മുൻപായി ഐ. സി. ഡി. എസ് പ്രൊജക്റ്റ്‌ ഓഫീസുകളിൽ എത്തിക്കണം

ഫോൺ : 0484 2952949, 8086942159

 

കേരള ലളിതകലാ അക്കാദമി നല്‍കുന്ന കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള
കെ. കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പ്

കൊച്ചി: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം കേരള ലളിതകലാ അക്കാദമി കലാ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍ക്കുന്ന സ്‌ക്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ചിത്രകല/ശില്പകല/ഗ്രാഫിക്‌സ് എന്നീ വിഷയങ്ങളില്‍ എം.എഫ്.എ., എം.വി.എ./ബി.എഫ്.എ., ബി.വി.എ. കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌ക്കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്.
എം.എഫ്.എ./എം.വി.എ.യ്ക്ക് 6,000/- രൂപ വീതം 5 വിദ്യാര്‍ത്ഥികള്‍ക്കും ബി.എഫ്.എ./ബി.വി.എ.യ്ക്ക് 5,000/- രൂപ വീതം 5 വിദ്യാര്‍ത്ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പുകള്‍. പ്രസ്തുത കോഴ്‌സുകളില്‍ 2020 ജൂണില്‍ ആരംഭിച്ച അക്കാദമിക് വര്‍ഷത്തില്‍ അവസാനവര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. സ്ഥാപനത്തിന്റെ മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. തങ്ങള്‍ക്ക് മറ്റ് യാതൊരുവിധ സ്‌ക്കോളര്‍ഷിപ്പും ലഭിക്കുന്നില്ലെന്ന് അപേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഓരോ അപേക്ഷകരും അവരുടെ കലാസൃഷ്ടികളുടെ അനുയോജ്യമായ വലുപ്പത്തിലുള്ള പത്ത് കളര്‍ ഫോട്ടോഗ്രാഫുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഈ കലാസൃഷ്ടികള്‍ യഥാര്‍ത്ഥത്തില്‍ അവരവര്‍ ചെയ്തതാണെന്ന് ചിത്രങ്ങളുടെ പുറകുവശത്ത് സ്ഥാപന മേധാവിയോ വകുപ്പ് തലവനോ സാക്ഷ്യപ്പെടുത്തിയിരിക്കണം. കൂടാതെ അപേക്ഷകന്റെ കലാപ്രവര്‍ത്തനത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് അദ്ധ്യാപകന്റെ പ്രത്യേക അഭിപ്രായവും ഉള്‍ക്കൊള്ളിച്ചിരിക്കണം.
സ്‌ക്കോളര്‍ഷിപ്പ് നിബന്ധനകളും അപേക്ഷാ ഫോറങ്ങളും എല്ലാ കലാവിദ്യാലയങ്ങളിലും, അക്കാദമിയുടെ എല്ലാ ഗ്യാലറികളിലും അക്കാദമിയുടെ വെബ് സൈറ്റിലും (www.lalithkala.org)  
ലഭിക്കുന്നതാണ്. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ച് രൂപയുടെ പോസ്റ്റേജ് സ്റ്റാമ്പ് പതിച്ച സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20”എന്ന വിലാസത്തില്‍ അയയ്ക്കുക. പൂരിപ്പിച്ച അപേക്ഷ അക്കാദമിയില്‍
2020 നവംബര്‍ 20 നകം ലഭിച്ചിരിക്കണം.

റേഷന്‍ വിഹിതം

കൊച്ചി: 2020 ഒക്‌ടോബര്‍ മാസം ഇനി പറയും പ്രകാരം റേഷന്‍ വിഹിതം ഓരോ വിഭാഗം റേഷന്‍ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകളില്‍ നിന്നും ലഭിക്കും. എ.എ.വൈ വിഭാഗം (മഞ്ഞ കാര്‍ഡ്)  30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായും  ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ  പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം, കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കാര്‍ഡിന് ഒരു കിലോ പയര്‍ അല്ലെങ്കില്‍ കടല സൗജന്യമായി ലഭിക്കും. (കഴിഞ്ഞ മാസങ്ങളില്‍ പയര്‍/കടല ലഭിക്കാത്തവര്‍ക്ക് അതും കൂടി ചേര്‍ത്ത് ഈ മാസം ലഭിക്കും)
മുന്‍ഗണന (പ്രയോറിറ്റി) വിഭാഗം (പിങ്ക് കാര്‍ഡ്): കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കാര്‍ഡിലെ ഓരോ അംഗത്തിനും  നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കാര്‍ഡിന് ഒരു കിലോ പയര്‍ അല്ലെങ്കില്‍ കടല സൗജന്യമായി ലഭിക്കും. (കഴിഞ്ഞ മാസങ്ങളില്‍ പയര്‍/കടല ലഭിക്കാത്തവര്‍ക്ക് അതും കൂടി ചേര്‍ത്ത് ഈ മാസം ലഭിക്കും)
പൊതു വിഭാഗം സബ്‌സിഡി (നീല കാര്‍ഡ്) കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോയ്ക്ക് നാല് രൂപ നിരക്കില്‍ ലഭിക്കും. ലഭ്യതയ്ക്കനുസരിക്ക് കാര്‍ഡിന് രണ്ട് കിലോ മുതല്‍ മൂന്ന് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ അതത് കടകളിലെ സ്റ്റോക്ക് ലഭ്യതയനുസരിച്ച് കാര്‍ഡിന്  അഞ്ച് കിലോ അരി കിലോയ്ക്ക് 15 രൂപ നിരക്കില്‍ ലഭിക്കും.
പൊതുവിഭാഗം നോണ്‍ സബ്‌സിഡി (വെളള കാര്‍ഡ്): കാര്‍ഡിന് മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. ലഭ്യതയ്ക്കനുസരിച്ച് കാര്‍ഡിന് രണ്ട് കിലോ മുതല്‍ മൂന്ന് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ അതത് കടകളിലെ സ്റ്റോക്ക് ലഭ്യതയനുസരിച്ച് കാര്‍ഡിന് അഞ്ച് കിലോ അരി കിലോയ്ക്ക് 15 രൂപ നിരക്കില്‍ ലഭിക്കും.
കൂടാതെ എല്ലാ വിഭാഗത്തിലുമുളള വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ കാര്‍ഡിന് അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കപ്പെടാത്ത വീടുകളിലെ കാര്‍ഡിന് നാല് ലിറ്റിര്‍ മണ്ണെണ്ണയും ലിറ്ററിന് 28 രൂപ നിരക്കില്‍ ലഭിക്കും. വിതരണം സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുകളിലോ ജില്ലാ സപ്ലൈ ഓഫീസിലോ അറിയിക്കാം.

കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡ്;
അംഗത്വം പുന:സ്ഥാപിക്കാം

കൊച്ചി: കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗ തൊഴിലാളികളില്‍ രണ്ടിലധികം തവണ അംശാദായ കുടിശിക വന്ന് അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപനിക്കുന്നതിനുളള സമയപരിധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. കൂടാതെ 2019 ലെ വാര്‍ഷിക പുതുക്കല്‍ നടത്തുന്നതിനുളള സമയപരിധി  ഒക്‌ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  

date