Skip to main content

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മെയ് 14 മുതല്‍

    സംസ്ഥാനത്ത് ആദ്യമായി കുട്ടികള്‍ക്ക് വേണ്ടി അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു.  സംസ്ഥാന ശിശുക്ഷേമ സമിതിയും ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോര്‍പ്പറേഷനും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.  മെയ് 14 മുതല്‍ 20 വരെ തീയതികളില്‍ തലസ്ഥാനത്ത് അഞ്ച് തിയേറ്ററുകളിലായാണ് ചലച്ചിത്രോത്സവം.  ഒരു ദിവസം ഒരു തിയേറ്ററില്‍ നാല് സിനിമകള്‍ വീതം പ്രദര്‍ശിപ്പിക്കും.  ഏഴ് ദിവസങ്ങളിലായി 140 സിനിമയും ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി വിഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവയും മേളയില്‍ പ്രദര്‍ശിപ്പിക്കും.  ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിച്ച് ചിത്രങ്ങളുടെ ആസ്വാദനം തയ്യാറാക്കാന്‍ മത്സരവും സംഘടിപ്പിക്കും.
    സംസ്ഥാനത്തെ ആദിവാസി മേഖലകളിലും അനാഥ മന്ദിരങ്ങളിലും കഴിയുന്ന സിനിമ കാണാന്‍ അവസരം ലഭിക്കാത്ത കുട്ടികള്‍ക്കും അവസരമൊരുക്കും. അതോടൊപ്പം സിനിമയുടെ സാങ്കേതിക വശങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തുക, സിനിമ ആസ്വദിക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ഉദ്ദേശങ്ങളിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.   വിവിധ ജില്ലകളിലെ ആദിവാസ മേഖലയില്‍ നിന്നും പ്രത്യേക ഡെലിഗേറ്റുകളെ തലസ്ഥാനത്ത് എത്തിച്ച് താമസസൗകര്യം ഒരുക്കി സിനിമ കാണാന്‍ അവസരം നല്‍കും.  അനാഥ മന്ദിരങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സൗജന്യമായി ചിലച്ചിത്രോത്സവം കാണാനും സൗകര്യം ഒരുക്കും. 
    ചലച്ചിത്ര മേഖലയുടെ ഭാഗമായി തെരഞ്ഞെടുത്ത വേദികളില്‍ ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികളുടേയും മറ്റ് കുട്ടികളുടെയും കലാപരിപാടികള്‍ അവതരിപ്പിക്കും.  സിനിമയിലെ ആദ്യകാല ബാലതാരങ്ങള്‍ മുതല്‍ ഇപ്പോഴത്തെ ബാലതാരങ്ങളെ വരെ പങ്കെടുപ്പിച്ച് ഇവര്‍ക്ക് പ്രത്യേക ആദരം നല്‍കും.  എല്ലാ ദിവസവും ഓപ്പണ്‍ഫോറം ഉണ്ടായിരിക്കും.  4000 ഡെലിഗോറ്റ് പാസ്സ് വിതരണം ചെയ്യും.  150 രൂപയാണ്  പാസിന്റെ ഫീസ്.  ഫാമിലി പാസിന് 300 രൂപയും ഒരു ദിവസത്തെ എല്ലാ സിനിമയും കാണാനുള്ള ഡെയ്‌ലി പാസ്സിന് 25 രൂപയും ഫീസ് നിശ്ചയിച്ചു.  ഡെലിഗേറ്റ് രജിസ്‌ട്രേഷന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും.
    ചലച്ചിത്രമേളയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.  മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയും ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്, ആരോഗ്യ-സാമൂഹ്യ നീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍, കമല്‍, സിനിമാ നടന്‍ മധു തുടങ്ങിയ പ്രമുഖര്‍ രക്ഷാധികാരികളായിരിക്കും.
    ചലച്ചിത്ര നടനും എം.എല്‍.എയുമായ മുകേഷ് സംഘാടക സമിതിയുടെ ചെയര്‍മാനും കെ.റ്റി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ വര്‍ക്കിംഗ് ചെയര്‍മാനും സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ്.പി. ദീപക് ജനറല്‍ കണ്‍വീനറുമാണ്.
    ചലച്ചിത്രമേളയുടെ സുഗമമായ നടത്തിപ്പിന് 15 സബ് കമ്മിറ്റികളും രൂപീകരിച്ചു.  തൈക്കാടുള്ള ശിശുക്ഷേമ സമിതി ഓഫീസ് ഫെസ്റ്റിവല്‍ ഓഫീസായി പ്രവര്‍ത്തിക്കും.
പി.എന്‍.എക്‌സ്.1167/18
 

date