Skip to main content

മലമേല്‍ പാറ ടൂറിസം പദ്ധതി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു മന്ത്രി കെ രാജു ശിലാഫലകം അനാച്ഛാദനം ചെയ്തു

ജില്ലയുടെ കിഴക്കന്‍ മേഖലക്ക് കൂടുതല്‍ കരുത്തുപകരുന്ന മലമേല്‍ പാറ ടൂറിസം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. വനം - വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു ശിലാഫലകം അനാച്ഛാദനം ചെയ്തു.
ചടയമംഗലം ജഡായു പാറ, കോട്ടുക്കല്‍ ഗുഹാക്ഷേത്രം, വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള സെന്‍ട്രല്‍ നഴ്‌സറി, തെ•ല ഇക്കോ ടൂറിസം, ശെന്തുരുണി വന്യജീവി സങ്കേതം തുടങ്ങി വിവിധ ഇക്കോ ടൂറിസം പദ്ധതികളാല്‍ സമ്പന്നമാണ് ജില്ലയുടെ കിഴക്കന്‍ മേഖല. അതുകൊണ്ട് തന്നെ പുനലൂര്‍ നിയോജകമണ്ഡലം പൂര്‍ണമായും ടൂറിസം ഹബ്ബായി മാറിയിരിക്കുകയാണ് മന്ത്രി പറഞ്ഞു. കുളത്തൂപ്പുഴയില്‍ നിര്‍മാണം നടന്നുവരുന്ന വനം മ്യൂസിയത്തിന്റെ ആദ്യഘട്ടം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും മന്ത്രി  അറിയിച്ചു.
കോവിഡ് പ്രതിസന്ധിയിലും എല്ലാ മേഖലകളിലും നൂതന പദ്ധതികളിലൂടെ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. നാലര വര്‍ഷം കൊണ്ട് ടൂറിസം മേഖലയില്‍ തന്നെ നിരവധി പദ്ധതികള്‍ നടപ്പിലാക്കി. തെ•ല ഇക്കോ ടൂറിസം സെന്ററില്‍ മാത്രമായി അഞ്ചുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതായും മന്ത്രി  കൂട്ടിച്ചേര്‍ത്തു.
ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന മലമേല്‍ പാറ ടൂറിസം പദ്ധതിക്ക് മൂന്നുകോടി രൂപയാണ് വിനിയോഗിച്ചത്. ടിക്കറ്റ് കൗണ്ടര്‍, കഫെറ്റീരിയ, ഷോപ്പുകള്‍, പാത് വേ, സ്ട്രീറ്റ് ലൈറ്റ്, ഫെന്‍സിംഗ്, ലാന്‍ഡ്‌സ്‌കേപ്പിങ്, സോളാര്‍ ലൈറ്റ്, ഇരുമ്പ് വേലികള്‍ എന്നിവയുടെയെല്ലാം നിര്‍മാണം പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ ഭാഗമായ ബൈനോക്കുലര്‍ ഒബ്‌സര്‍വേറ്ററിയുടെ പണി പുരോഗമിക്കുകയാണ്.
മലമേല്‍ പില്‍ഗ്രിം സെന്ററില്‍ നടന്ന ചടങ്ങില്‍ ഡി ടി പി സി സെക്രട്ടറി സി സന്തോഷ് കുമാര്‍ അധ്യക്ഷനായി. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ഇടമുയ്‌ളക്കല്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി ഷൗക്കത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിബു, ശ്രീലക്ഷ്മി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജോസ്, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2875/2020)

 

date