നവീകരിച്ച കൊല്ലം, താന്നി ബീച്ചകളും മലമേല്‍പ്പാറ ടൂറിസം കേന്ദ്രവും മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു
സമുദ്രനിരപ്പില്‍ നിന്ന് 7000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മലമേല്‍ പാറയില്‍ ഒരുക്കിയ ടൂറിസം പദ്ധതി ജില്ലയിലെ കിഴക്കന്‍ മേഖലയുടെ വികസനത്തിന് ഏറെ പ്രയോജനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലമേല്‍ പാറ ടൂറിസം പദ്ധതി, നവീകരിച്ച കൊല്ലംധ താന്നി ബീച്ചുകള്‍ എന്നിവ നാടിന് സമര്‍പ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. 14 ജില്ലകളിലായി 26 വിനോദസഞ്ചാര പദ്ധതികള്‍ക്കാണ് മുഖ്യമന്ത്രി ഇന്നലെ(ഒക്ടോബര്‍ 22) തുടക്കമിട്ടത്.
നിരവധി വെല്ലുവിളികളെ അതിജീവിച്ച് വിനോദസഞ്ചാര മേഖല മുന്നേറിക്കൊണ്ടിരുന്ന സമയത്താണ് കോവിഡ് മഹാമാരി നേരിടേണ്ടിവന്നത്. 25000 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയില്‍ ഉണ്ടായത്. പ്രത്യക്ഷമായും പരോക്ഷമായും 15 ലക്ഷത്തോളം പേര് ജോലി ചെയ്യുന്ന ടൂറിസം മേഖലയില്‍ വലിയ തൊഴില്‍ നഷ്ടവും ഉണ്ടായി. അതുകൊണ്ടുതന്നെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
കോവിഡ് പ്രതിസന്ധികാലം അതിജീവിക്കുന്നതോടെ കേരളം വീണ്ടും വിനോദ സഞ്ചാരികളുടെ പറുദീസയായി മാറുമെന്നും ഇതിനായി ടൂറിസം മേഖലയെ പര്യാപ്തമാക്കുന്നതിന്റെ ഭാഗമായാണ് നൂറുദിന കര്‍മ്മ പദ്ധതികളില്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതിയെ യാതൊരുതരത്തിലും ബാധിക്കാത്ത രീതിയിലുള്ള പരമാവധി സൗകര്യങ്ങള്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ മോശം സാഹചര്യത്തില്‍ നിരാശപ്പെടേണ്ടതില്ലെന്നും കുതിപ്പുകള്‍ക്കുള്ള സമയമായി വേണം ഇതിനെ കാണാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
സംസ്ഥാന ടൂറിസം വകുപ്പിന് അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലും പുരസ്കാരങ്ങള്‍ നേടാനായതായി അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തി ഘട്ടംഘട്ടമായാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നത്. ടൂറിസം മേഖല സാധാരണ നിലയിലെത്താന്‍ സമയമെടുക്കും. ഇക്കാരണത്താലാണ് സംരംഭകര്‍ക്കും ടൂറിസം മേഖലയില്‍ ജോലി നോക്കുന്നവര്‍ക്കും ടൂറിസ്റ്റ് ഗൈഡുകള്‍ക്കും സര്‍ക്കാര്‍ വിവിധ സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചത്. സംസ്ഥാന ബാങ്കേഴ്സ് സമിതി കേരള ബാങ്ക് എന്നിവ വഴിയാണ് പലിശ ഇളവോടെ ധനസഹായ പദ്ധതികള്‍ നടപ്പിലാക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ ടൂറിസം വികസനപദ്ധതികള്‍ നാടിന്റെ മുഖച്ഛായ മാറ്റുന്ന താണെന്നും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് കാരണമാകുമെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
കോവിഡ് പ്രതിസന്ധിയിലും എല്ലാ മേഖലകളിലും നൂതന പദ്ധതികളിലൂടെ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. നാലര വര്‍ഷം കൊണ്ട് ടൂറിസം മേഖലയില്‍ തന്നെ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതായി മന്ത്രി കെ രാജു പറഞ്ഞു.
എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ്, എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്, കെ സോമപ്രസാദ്, മേയര്‍ ഹണി ബഞ്ചമിന്, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ്, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കമലമ്മ, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ രാജീവ്, ഡി ടി പി സി എക്സിക്യൂട്ടീവ് അംഗം എക്സ് ഏണസ്റ്റ്, ഡി ടി പി സി സെക്രട്ടറി സി സന്തോഷ്കുമാര്‍, തദ്ദേശ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധ ചടങ്ങളുകളിലായി ഓണ്‍ലൈനായും നേരിട്ടും പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 2885/2020)
- Log in to post comments