കിള്ളിയാര്‍ മിഷന്: ഇന്ന് (ഏപ്രില്‍ അഞ്ച്) ജനകീയ യാത്രകള്‍, സംഘടിപ്പിക്കും
കിള്ളിയാര്‍ മിഷന് പ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ജനകീയ യാത്രകള്‍ക്ക് ഇന്ന് (ഏപ്രില്‍ അഞ്ച്) തുടക്കമാവും. 'കിള്ളിയാറൊഴുകും സ്വസ്ഥമായ്' എന്ന സന്ദേശമുയര്‍ത്തി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, നെടുമങ്ങാട് മുനിസിപ്പാലിറ്റി, കരകുളം, അരുവിക്കര, പനവൂര്‍, ആനാട് ഗ്രാമ പഞ്ചായത്തുകള്‍, ജലശ്രീമിഷന്‍, ഹരിതകേരളം മിഷന് എന്നിവയ്ക്കു സംയുക്ത സംരംഭമാണ് കിള്ളിയാര്‍ മിഷന്. തൊഴിലുറപ്പ് പദ്ധതിയിലുള്ളവരുടെയും മുനിസിപ്പല്‍ പഞ്ചായത്ത്തല സമിതിയിലുള്ളവരുടെയും വിവിധ പ്രാദേശിക സമിതികളുടെയും കൂട്ടായ്മ ചേര്‍ന്ന വിപുലമായ ജനകീയ പങ്കാളിത്തമാണ് കിള്ളിയാര്‍ മിഷനുള്ളത്.
രാവിലെ എട്ടിന് കരിഞ്ചാത്തി മൂലയില്‍ നിന്നും വഴയിലയില്‍ നിന്നുമാണ് രണ്ട് ജനകീയ യാത്രകള്‍ ആരംഭിക്കുന്നത്. പുഴയുടെ തീരത്തു കൂടിയും സമീപത്തു കൂടിയും നടത്തുന്ന യാത്രയില്‍ ധനമന്ത്രി. തോമസ് ഐസക്, ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി തോമസ്, ഹരിതകേരളം മിഷന് എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ എന്നിവരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബഹുജനങ്ങളും പങ്കെടുക്കും.
ഉറവിടം മുതല്‍ വഴയില വരെ ആറിന്റെ ഒഴുകാനുള്ള ശേഷി സുഗമമാക്കി ഉടനീളം സമൃദ്ധമായി ശുദ്ധജലം ലഭ്യമാക്കുകയാണ് കിള്ളിയാര്‍ മിഷന്റെ പ്രധാന ലക്ഷ്യം. ആറിന്റെ ഉത്ഭവ സ്ഥാനമായ കരിഞ്ചാത്തി മൂലയില്‍ നിന്ന് വഴയില വരെയും അനുബന്ധമായുള്ള നീര്‍ച്ചാലുകളുടെയും തോടുകളുടെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണ്. ഈ മാസം 14 മുതല്‍ കിള്ളിയാറില്‍ ഒരു ശുചീകരണ യജ്ഞവും നടക്കും.
പി.എന്‍.എക്സ്.1258/18
- Log in to post comments