സാംസ്‌കാരിക നായകര്‍ ഓര്‍മിക്കപ്പെടാന്‍ സര്‍ക്കാര്‍ നടപടി: മന്ത്രി എ.കെ. ബാലന്‍ * പൈതൃക പഠനകേന്ദ്രം പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു
നാടിന്റെ താളം തെറ്റുമ്പോള്‍ സമൂഹത്തിനു മുന്നറിയിപ്പു നല്‍കുകയെന്ന ദൗത്യം നിര്‍വഹിക്കുന്നവരാണ് സാംസ്‌കാരിക പ്രവര്‍ത്തകരെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. കേരളത്തെ ഈ രൂപത്തില്‍ ശക്തിപ്പെടുത്താന്‍ ആശയലോകത്ത് ശക്തമായി ഇടപെട്ട ഒരാളെയും മറക്കാതിരിക്കാന്‍ സാംസ്‌കാരിക വകുപ്പ് നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പൈതൃക പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവയെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ചരിത്രത്തില്‍നിന്ന് പല മഹാന്മാരും പുറത്താക്കപ്പെടുകയാണ്. ഓര്‍മപ്പെടുത്തലിനുപോലും ഭരണകൂടം തയ്യാറാകുന്നില്ല. ഈ ഘട്ടത്തില്‍ കേരള പൈതൃകം സംരക്ഷിക്കുന്നതിനുള്ള ശ്രദ്ധയമായ പ്രവര്‍ത്തനങ്ങളാണ് പൈതൃക പഠനകേന്ദ്രം നിര്‍വഹിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ച ഏക മലയാളിയായ സര്‍ സി. ശങ്കരന്‍ നായരെ മലയാളികള്‍ മറന്നിട്ടും പൈതൃക പഠനകേന്ദ്രം ഓര്‍ക്കുകയും അദ്ദേഹത്തിന്റെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുകയും ചെയ്തത് അതിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും ചരിത്രകാരനുമായ ഇ.എം.എസ് നമ്പൂതിരിപ്പാട്, കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ അധ്യക്ഷന്‍ സര്‍ദാര്‍ കെ.എം. പണിക്കര്‍, ചരിത്രകാരന്‍ പ്രൊഫ. എ. ശ്രീധരമേനോന്‍ എന്നിവരുടെ പേരിലും അവസാനത്തെ കൊച്ചി രാജാവായ പരീക്ഷിത്ത് തമ്പുരാന്റെ പേരിലുമാണ് പുരസ്‌കാരങ്ങള്‍.
സര്‍ സി. ശങ്കരന്‍ നായര്‍ സ്മാരക പുരസ്‌കാരം പ്രൊഫ. കെ.കെ.എന്‍. കുറുപ്പും ഇ.എംഎസ് സ്മാരക പുരസ്‌കാരം പ്രൊഫ. കെ.എന്‍ പണിക്കരും സര്‍ദാര്‍ കെ.എം. പണിക്കര്‍ പുരസ്‌കാരം ടി.എച്ച്.പി. ചെന്താരശ്ശേരിയും പ്രൊഫ. എ. ശ്രീധരമേനോന്‍ പുരസ്‌കാരം ഡോ.എം. ആര്‍ രാഘവവാര്യരും പരീക്ഷിത്ത് തമ്പുരാന്‍ സ്മാരക പുരസ്‌കാരങ്ങള്‍ കെ.രാമകൃഷ്ണ വാര്യര്‍, പ്രൊഫ. കെ. വിജയന്‍, പ്രൊഫ. ഒ. വത്സല, പ്രൊഫ. സി. രാജേന്ദ്രന്‍ എന്നിവരും മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.
വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍ സ്വാഗതം പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍ വഞ്ചിയൂര്‍ പി. ബാബു, കലാമണ്ഡലം മുന്‍ വി.സി. പ്രൊഫ. കെ.ജി. പൗലോസ്, ചരിത്ര കൗണ്‍സില്‍ അധ്യക്ഷന്‍ പ്രൊഫ. മൈക്കിള്‍ തരകന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ജെ. പ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.1371/18
- Log in to post comments