Skip to main content

തൊഴിലുറപ്പു പദ്ധതി: ജില്ലയ്ക്കു മികച്ച നേട്ടം

 

കൊച്ചി: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കി എറണാകുളം ജില്ല മികച്ച നേട്ടം കൈവരിച്ചു. അംഗീകൃത ലേബര്‍ബഡ്ജറ്റിന്റെ 116 ശതമാനം നേട്ടമാണ് ജില്ല നേടിയത്. 35,09,052 തൊഴില്‍ദിനങ്ങളാണ് നല്‍കിയത്. ഇതില്‍ 92 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തുകയും ചെയ്തു.

7666കുടുംബങ്ങള്‍ക്ക് 100 ദിവസവും 598കുടുംബങ്ങള്‍ക്ക് 150 ദിവസവും  7 കുടുംബങ്ങള്‍ക്ക് 150 നും 200 നും ഇടയില്‍ തൊഴില്‍ നല്‍കിയിട്ടുണ്ട്.

20.27 ശതമാനം തൊഴില്‍ ദിനങ്ങളാണ് പട്ടികജാതിക്കാര്‍ക്കു നല്‍കിയത്. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ആദിവാസി കുടുംബത്തിന് 200 ദിവസം തൊഴില്‍ നല്‍കിക്കൊണ്ട് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള കൂടുതല്‍ കുടുംബങ്ങളെ പദ്ധതിയുടെ ഗുണഭോക്താക്കളാക്കുന്നതിന് തുടക്കമിട്ടു. 1.35%  തൊഴില്‍ദിനങ്ങളാണ് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നല്‍കിയിട്ടുണ്ട്.

വിവിധ വകുപ്പുകളുമായി സംയോജിച്ച് നിരവധി പ്രവര്‍ത്തങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തൊഴില്‍ ദിനങ്ങള്‍ ഉപയോഗിച്ചു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി 15 ലക്ഷം ഫല വൃക്ഷത്തൈകളുടെ നേഴ്‌സറികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു. കൂടാതെ ലൈഫ്മിഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് 90 ദിവസത്തെ തൊഴില്‍, ശുചിമുറി, കിണര്‍ , ഉപജീവനം മെച്ചപ്പെടുത്തുന്നതിനായി തൊഴുത്ത്, ആട്ടിന്‍കൂട്, പന്നിക്കൂട് തുടങ്ങിയവയുടെ നിര്‍മാണം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും നടപടിയെടുത്തതായി ജോയിന്റ് പ്രോ ഗ്രാം കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ജില്ലയില്‍ 116 കോടി 48 ലക്ഷം രൂപ പദ്ധതി നിര്‍വഹണത്തിനായി ചെലവഴിച്ചു.  ഇതില്‍ 91 കോടി 25 ലക്ഷം രൂപ തൊഴിലാളികളുടെ വേതനത്തിനായാണ് ചെലവഴിച്ചത്. കോതമംഗലം ബ്‌ളോക്കില്‍ കുട്ടമ്പുഴയില്‍ 104901 തൊഴില്‍ദിനങ്ങളും അങ്കമാലി ബ്‌ളോക്കില്‍ അയ്യമ്പുഴയില്‍  81531 ഉം കൂവപ്പടി ബ്‌ളോക്കില്‍ വേങ്ങൂരില്‍ 80546ഉം തൊഴില്‍ദിനങ്ങളാണ് നല്കിയത്. വടക്കേക്കരയില്‍ 431 ഉം, എടവനക്കാട് 395 ഉം നായരമ്പലം 358 ഉം കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ദിനങ്ങള്‍  നല്‍കി. എടവനക്കാട്, നായരമ്പലം, വടക്കേക്കര എന്നിവിടങ്ങളില്‍ നല്കിയ ശരാശരി തൊഴില്‍ദിനങ്ങള്‍ യഥാക്രമം 87,80,80 എന്നിങ്ങനെയാണ്. 

date