നികുതി പിരിവില്‍ മികച്ച നേട്ടം കൈവരിച്ച പഞ്ചായത്തുകളെ അനുമോദിച്ചു
വരാപ്പുഴ: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വസ്തുനികുതി പിരിവില്‍ എറണാകുളം ജില്ലയില്‍ മികച്ച നേട്ടം കൈവരിച്ച ഗ്രാമ പഞ്ചായത്തുകളെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ. തുളസിഭായിയുടെ അദ്ധ്യക്ഷതയില്‍ വരാപ്പുഴ ചെട്ടിഭാഗം ക്രിസ്തുനഗര്‍ പാരീഷ് ഹാളില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് ഡയറക്ടര്‍ പി. മേരിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ഈ നേട്ടം എല്ലാ ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും ഇത് തുടര്‍ന്നു കൊണ്ടു പോകണമെന്നും പി മേരിക്കുട്ടി പറഞ്ഞു.
86.06 ശതമാനം നികുതി പിരിവോടെ എറണാകുളം ജില്ല സംസ്ഥാനത്ത് ആറാം സ്ഥാനത്താണുള്ളത്. ജില്ലയിലെ ആകെയുള്ള 82 ഗ്രാമപഞ്ചായത്തുകളില്‍ 80 ഗ്രാമപഞ്ചായത്തുകളും 70 ശതമാനത്തിനു മുകളില്‍ നികുതി പിരിവ് പുരോഗതി കൈവരിച്ചു. അതില്‍ 22 പഞ്ചായത്തുകള്‍ 100 ശതമാനം നികുതി പിരിവ് നടത്തി. 90 ശതമാനത്തിനും നൂറു ശതമാനത്തിനുമിടയില്‍ നികുതിപിരിവ് നടത്തിയ 18 പഞ്ചായത്തുകളും ജില്ലയിലുണ്ട്. കൂടാതെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നികുതി പിരിച്ച 20 ഗ്രാമ പഞ്ചായത്തുകളില്‍ 12 എണ്ണം എറണാകുളം ജില്ലയിലാണ്. 70 ശതമാനത്തിനു താഴെ നികുതി പിരിവ് നടത്തിയ രണ്ട് പഞ്ചായത്തുകള്‍ മാത്രമാണ് എറണാകുളം ജില്ലയിലുള്ളത്. 196.75 ലക്ഷം രൂപ നികുതി പിരിച്ചെടുത്ത വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്താണ് ജില്ലയില്‍ ഒന്നാമത്. ചൂര്‍ണിക്കര, മുളവുകാട്, മഞ്ഞളളൂര്‍, മുളന്തുരുത്തി, കോട്ടപ്പടി, മുടക്കുഴ, വരാപ്പുഴ, പൈങ്ങോട്ടൂര്‍, പല്ലാരിമംഗലം, വാളകം, എടക്കാട്ടുവയല്‍, പിണ്ടിമന, ചെല്ലാനം, നായരമ്പലം, പോത്താനിക്കാട് കുമ്പളങ്ങി, പാമ്പാക്കുട, മണീട്, രാമമംഗലം, കടമക്കുടി, കുഴുപ്പിള്ളി എന്നിവയാണ് നൂറു ശതമാനം നേട്ടം കൈവരിച്ച മറ്റു ഗ്രാമ പഞ്ചായത്തുകള്‍.
ചടങ്ങില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സാമുവല്‍ എസ്. തോമസ്, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഒ.എന്‍ വിജയന്‍, സെക്രട്ടറി എ.പി ഉദയകുമാര്‍, വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് മുഹമ്മദ്, പെര്‍ഫോമന്‍സ് ആഡിറ്റ് യൂണിറ്റ് സീനിയര്‍ സൂപ്രണ്ട് പി.എസ് ടിംപിള്‍ മാഗി, ഡി.ഡി.പി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ഡൈന്യൂസ് തോമസ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments