ചരിത്ര രേഖാ സര്‍വ്വേ കോ ഓഡിനേറ്റര്‍മാര്‍ക്കുള്ള മേഖല പരിശീലനം നടത്തി
കൊച്ചി: സാക്ഷരതാ മിഷന്റെ പത്താംതരം, ഹയര്‍ സെക്കന്ററി തുല്യതാ കോഴ്സ് സെന്റര്‍ കോഓഡിനേറ്റര്‍മാര്‍ക്കുള്ള മേഖല പരിശീലനം നടത്തി. എറണാകുളം, തൃശൂര്‍, പാലക്കാട്, കോട്ടയം, ഇടുക്കി ജില്ലകളിലെ തുല്യതാ പഠന കേന്ദ്രങ്ങളിലെ സെന്റര്‍ കോ ഓഡിനേറ്റര്‍മാരായ പ്രേരക്മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. സംസ്ഥാന സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ. പി..എസ് ശ്രീകല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
പാര്‍ശ്വവല്‍കൃതരില്ലാത്ത നവകേരളം ലക്ഷ്യമിട്ട് ആദിവാസി, തീരദേശ, പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടാണ് സാക്ഷരതാ മിഷന് പ്രവര്‍ത്തിക്കുന്നതെന്നും ഇവരെക്കൂടാതെ ചേരിപ്രദേശവാസികളെയും ഭിന്നലിംഗക്കാരെയും പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും ഡോ.പി.എസ് ശ്രീകല പറഞ്ഞു.
തുല്യതാ കോഴ്സുകള്‍ സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൂടുതല്‍ ഫലപ്രദമായി സംഘടിപ്പിക്കുമെന്ന് സാക്ഷരതാ മിഷന് ജില്ലാ കോ ഓഡിനേറ്റര്‍ ഡോ. വി.വി. മാത്യു പറഞ്ഞുപ. അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുക, തുല്യതാ പഠനത്തിന്റെ ഭാഗമായി സാമൂഹ്യ സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ പഠിതാക്കളെ പങ്കാളികളാക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പഠന കേന്ദ്രങ്ങള്‍ കാര്യക്ഷമമാക്കുക, പഠിതാക്കളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്നിവയാണ് ലക്ഷ്യം.
എല്ലാ തുല്യതാ പഠനകേന്ദ്രങ്ങളിലും തുല്യതാ പഠന സഹായ സമിതികള്‍ രൂപീകരിക്കും. കൂടാതെ ചരിത്രരേഖ സര്‍വ്വേ, ജല സാക്ഷരതാ ക്ലാസ്, ലിംഗസമത്വബോധനം എന്നീ പ്രവര്‍ത്തനങ്ങളും ഈ വര്‍ഷം നടത്തും. പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ മുഖേനയാണ് ചരിത്രരേഖ സര്‍വ്വേ നടത്തുന്നത് ചരിത്ര രേഖ സര്‍വ്വേയുടെ സംസ്ഥാനതല റിപ്പോര്‍ട്ട് ജൂണ്‍ പത്തിന് ആര്‍ക്കൈവ്സ് ഡിപ്പാര്‍ട്ട്മെന്റിന് സമര്‍പ്പിക്കും. ജല സാക്ഷരതാ പരിപാടിയുടെ ഭാഗമായി ഒരു പഠിതാവ് 15 പേര് അടങ്ങുന്ന ഒരു സംഘത്തിന് ജല സാക്ഷരതാ ക്ലാസ് നല്‍കണം. 15 കുടുംബത്തില്‍പ്പെട്ട 15 പേര്‍ക്കാണ് ഇപ്രകാരം ക്ലാസ് എടുക്കേണ്ടത്. ജല സാക്ഷരതാ ക്ലാസുകളുടെ അതേ മാതൃകയിലാണ് ലിംഗസമത്വബോധന ക്ലാസുകളും സംഘടിപ്പിക്കുന്നത്.
കോട്ടയം ജില്ല കോഓഡിനേറ്റര്‍ പി.എം. കരീം, തൃശൂര്‍ ജില്ല അസിസ്റ്റന്റ് കോഓഡിനേറ്റര്‍ കെ.സുബൈദ, പാലക്കാട് ജില്ല അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍ കെ. രാധാകൃഷ്ണന്, ഇടുക്കി ജില്ല അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍ ജെമിനി ജോസഫ്, എറണാകുളം ജില്ല അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍മാരായ ജസ്റ്റിന് ജോസഫ്, ടി.വി. ശ്രീജന് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments