മത്സ്യത്തൊഴിലാളി സുരക്ഷ: ഫിഷറീസ് മന്ത്രി ഇന്‍കോയ്‌സുമായി ചര്‍ച്ച നടത്തി
മത്സ്യത്തൊഴിലാളി സുരക്ഷയ്ക്കായി കടലിലെ വാര്‍ത്താവിനിമയ ശൃംഖല മെച്ചപ്പെടുത്തുന്നതിന് ഫിഷറീസ് വകുപ്പു മന്ത്രി ജെ മെഴ്‌സിക്കുട്ടി അമ്മ ഹൈദരാബാദിലെ ഇന്ത്യന്‍ നാഷണല്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് (ഇന്‍കോയ്‌സ്) അധികാരികളുമായി ചര്‍ച്ച നടത്തി. നിലവില്‍ കരയില്‍ നിന്നും കടലിലേക്കുളള വാര്‍ത്താവിനിമയം 20 കിലോമീറ്റര്‍ ആണ്. കടലിലെ വാര്‍ത്താവിനിമയ സൗകര്യം 1500 കിലോമീറ്റര്‍ ആയി വര്‍ദ്ധിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളി സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും നാവിക് (നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്‍സ്റ്റലേഷന്‍) ഉപകരണം മെയ് മാസം രണ്ടാം വാരത്തോടെ കൂടി വിതരണം നടത്താന്‍ സാധിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാനില്‍ നിന്ന് കത്ത് ലഭിച്ചതായി മന്ത്രി അറിയിച്ചു. സുരക്ഷാ മുന്നറിയിപ്പുകള്‍ക്കു പുറമെ കടലിലെ മത്സ്യലഭ്യത സംബന്ധിച്ച വിവരങ്ങളും മത്സ്യത്തൊഴിലാളികളെ യഥാസമയം അറിയിക്കാനുളള സംവിധാനങ്ങള്‍ ഇന്‍കോയ്‌സിന്റെ സഹായത്തോടെ നാവിക്കില്‍ ഉള്‍പ്പെടുത്തും. ഗഗാന്‍ (GPS Aided GEO Augmented Navigation) സാങ്കേതിക വിദ്യ ഉപയോഗിച്ച് മത്സ്യത്തിന്റെ കമ്പോള വില യഥാസമയം മത്സ്യത്തൊഴിലാളികളെ അറിയിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്കാമെന്ന് ഇന്‍കോയ്‌സ് ഡയറക്ടര്‍ ഡോ. എസ്. സതീഷ് ചന്ദ്ര ഷേണായ് മന്ത്രിക്ക് ഉറപ്പു നല്കി.
പി.എന്‍.എക്‌സ്.1507/18
- Log in to post comments