ലിഗയുടെ സഹോദരിയെ മന്ത്രി കടകംപള്ളി സുരേന്ദ്രന് സന്ദര്‍ശിച്ചു
കോവളത്ത് മരിച്ച നിലയില്‍ കാണപ്പെട്ട ലാത്വിയന്‍ യുവതി ലിഗയുടെ സഹോദരി ഇല്‍സയെ യാത്രിനിവാസിലെത്തി വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് സന്ദര്‍ശിച്ചു. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം ശരിയായ ഗതിയില്‍ മുന്നോട്ടുപോകുകയാണെന്ന് മന്ത്രി ഇല്‍സയെ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ സമാശ്വാസമായി അഞ്ചുലക്ഷം രൂപയുടെ ചെക്ക് യൂറോ ആയി മന്ത്രി ഇല്‍സയ്ക്ക് കൈമാറി. ലിഗയുടെ ഭര്‍ത്താവിനും ഇല്‍സയ്ക്കും കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എത്ര ദിവസം തങ്ങണമോ അത്രയും ദിവസത്തെ ചെലവ് സര്‍ക്കാര്‍ വഹിക്കും. നാട്ടിലേക്ക് തിരികെ പോകാനാവശ്യമായ വിമാന ടിക്കറ്റും സൗജന്യമായി നല്‍കും.
സഹോദരിയെ കാണാതായതുമുതല്‍ വിനോദ സഞ്ചാരവകുപ്പ് ആവശ്യമായ സഹായങ്ങള്‍ നല്‍കിയതായി ഇല്‍സ പറഞ്ഞു. മന്ത്രിയും സെക്രട്ടറി റാണി ജോര്‍ജും വലിയ പിന്തുണയും സമാശ്വാസവും നല്‍കിയതായും അവര്‍ പറഞ്ഞു. മന്ത്രിയോടൊപ്പം വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍, അഡീഷണല്‍ ഡയറക്ടര്‍ ജാഫര്‍ മാലിക് തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
പി.എന്‍.എക്സ്.1534/18
- Log in to post comments