വീട് കത്തി നശിച്ചു: സാന്ത്വന സഹായം നല്കി
പെരിന്തല്‍മണ്ണ നഗരസഭയിലെ ആറാം വാര്‍ഡിലെ ആഭരണകല്ല് കോളനിയിലെ എടപ്പറ്റ തങ്കത്തിന്റെ വീട് തീപിടിച്ച് ഭാഗികമായി കത്തി നശിച്ചു. കുളിര്‍മലയുടെ താഴെ ഒരു പാറകെട്ടിനു മുകളിലായി ആഭരണകല്ല് കോളനിയില്‍ ഒറ്റപ്പെട്ട് കിടക്കുന്ന ഈ വീടിനെ പെട്ടെന്ന് ശ്രദ്ധിക്കാനാവില്ല. മാത്രമല്ല പാറകെട്ടുകളിലുടെ കുറെ മുകളിലേക്ക് കയറണമെന്നതിനാല് വെള്ളവും മറ്റും എത്തിക്കാനും പ്രയാസമാണ്. അയല്‍വാസികളുടെ ശ്രമഫലമായി തീയണച്ചപ്പോഴേക്കും ഓടിട്ട മേല്‍ കൂരയും വീടിനകത്തെ ടി.വിയും മറ്റു വസ്തുക്കളും പൂര്‍ണ്ണമായും കത്തി നശിച്ചു.
62 വയസ്സുള്ള വിധവയായ എടപ്പറ്റ തങ്കം ഈ വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. ഏകമകള്‍ വിവാഹം കഴിഞ്ഞ് ഭര്‍തൃ വീട്ടിലാണ്. കോളനിക്കു താഴെയുള്ള വീടുകളിലെ വീട്ടു പണിക്കു പോകുന്ന തങ്കം വീടിനു തീ പിടിച്ച സമയത്ത് ജോലിക്ക് പോയിരുന്നു. നിര്‍ധനയും പരസഹായമില്ലാത്തവരുമായ ഈ സാധു വയോധിക ആകെയുള്ള വീടും തീയെടുത്തു പോയതിന്റെയ മാനസിക വിഷമത്തിലായിരുന്നു. കത്തി നശിച്ച വീട് നഗരസഭ ചെയര്മാന് എം.മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. അടിയന്തിര ധനസഹായമായി ചെയര്‍മാന്റെ സാന്ത്വന ഫണ്ടില്‍ നിന്നും പതിനായിരം രൂപ ചെയര്മാന് തങ്കത്തിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് മേല്കൂരയും മറ്റും പുനര്‍ നിര്‍മ്മിക്കാന്‍ വാര്‍ഡ് കൗണ്‍സിലറും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കിഴിശ്ശേരി മുസ്തഫയുടെ നേതൃത്വത്തില്‍ പുനര്‍ നിര്‍മ്മാണ കമ്മിറ്റി രൂപീകരിച്ചു. 15 ദിവസത്തിനകം വീടു പുനര്‍ നിര്‍മ്മിക്കും. വൈസ് ചെയര്മാന് നിഷി അനില്‍ രാജ്, കൗണ്‍സിലര്‍ കിഴിശ്ശേരി മുസ്തഫ, എം.എം മുസ്തഫ, വി. കൃഷ്ണ കുമാര്‍, നെച്ചിയില്‍ മന്‍സൂര്‍, വി.പി വിനോദ്, കെ.വി രജിത, എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
- Log in to post comments