പദ്ധതി ഭേദഗതിക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം
ഗൂഗിള്‍ മീറ്റ് വഴി ഇന്നലെ(ജനുവരി 20) കൂടിയ ജില്ലാ ആസൂത്രണ സമിതി പത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്കി.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം പടിഞ്ഞാറേ കല്ലട, ആര്യങ്കാവ് ഗ്രാമപഞ്ചായത്തുകളിലെ നീര്‍ത്തട പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനിന് യോഗത്തില്‍ അംഗീകാരമായി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരവൂര്‍ നഗരസഭയുടെ ലേബര്‍ ബഡ്ജറ്റിനും ആക്ഷന്‍ പ്ലാനിനും സമിതി അംഗീകാരം നല്കി.
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഗോത്ര സാരഥി പദ്ധതി ഗ്രാമപഞ്ചായത്തുകളും നഗരസഭകളും പട്ടികവര്‍ഗ പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ പറഞ്ഞു. ടേക്ക് എ ബ്രേക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ യൂസഫ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ജില്ലയില്‍ പട്ടികജാതി-പട്ടികവര്‍ഗ ഫണ്ട് വിനിയോഗം വര്‍ധിപ്പിക്കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ജെ ആമിന പറഞ്ഞു. വിവിധ വകുപ്പുകള്‍ മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ചെലവ് ശതമാനം കുറവായതിനാല്‍ ഫെബ്രുവരി മാസത്തോടെ പദ്ധതി തുക കൃത്യമായി വിനിയോഗിക്കുന്നതിനും നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
വികേന്ദ്രീകൃതാനുസൃത റൗണ്ട് സര്‍വേയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാലതാമസം കൂടാതെ സോഫ്റ്റ്വെയറില് രേഖപ്പെടുത്തുന്നതിന് ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഫെബ്രുവരി 23 നകം 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കി ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കുന്നത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാനും യോഗം നിര്‍ദ്ദേശിച്ചു. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍.182/2021)
- Log in to post comments