എറണാകുളം അറിയിപ്പുകള്
പറവുര്‍ സബ് ആര് റ്റി ഓഫീസിലെ ഫാസ്റ്റ് ട്രാക്ക് കൗണ്ടര്‍ കാര്യക്ഷമം
കൊച്ചി: പറവൂര്‍ സബ് ആര്.ടി. ഓഫീസില്‍ ഫാസ്റ്റ് ട്രാക്ക് കൗണ്ടര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് മദ്ധ്യമേഖല ട്രാന്‍സ്പോര്‍ട് ഡെപ്യൂട്ടി കമ്മീഷണര്‍ എം പി അജിത് കുമാര്‍ പറഞ്ഞു.
പറവൂര്‍ ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ചില പ്രസ്താവനകള്‍ വന്നിരുന്നു. അതില്‍ ഓഫീസില്‍ നേരിട്ട് ചെന്നാല്‍ സേവനങ്ങള്‍ ചെയ്തു കിട്ടുന്നില്ല എന്ന പരാമര്‍ശം ഉണ്ടായിരുന്നു. പറവൂര്‍ സബ് ആര്.ടി. ഓഫീസില്‍ ഫാസ്റ്റ് ട്രാക്ക് കൗണ്ടര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഫാസ്റ്റ് ട്രാക്ക് കൗണ്ടറില്‍ അപേക്ഷകള്‍ എല്ലാം അന്നു തന്നെ തീര്‍പ്പാക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. നേരിട്ട് വരുന്നവരുടെ അപേക്ഷകള്‍ എല്ലാം അന്നു തന്നെ പരിഗണിക്കുന്നുണ്ട്.
ഫാസ്റ്റ് ട്രാക്ക് കൗണ്ടറിലെ എല്ലാ അപേക്ഷകളും ഇനി മുതല്‍ 30 മിനിറ്റിനുള്ളില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വാഹന ഉടമകളും ലൈസന്‍സ് ഉടമകളും പറവൂര്‍ സബ് ആര്.ടി.ഒ.യില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്കി ഈ സേവനം പ്രയോജനപ്പെടുത്തണം. രാവിലെ രാവിലെ മുതല്‍ തന്നെ ഫാസ്റ്റ് ട്രാക്ക് കൗണ്ടറില്‍ അപേക്ഷ സ്വീകരിക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
വൃക്ഷത്തൈകള്‍ സൗജന്യമായി നല്കുന്നു
കൊച്ചി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഫലവൃക്ഷത്തൈകള്‍ ഉള്‍പ്പെടെ വിവിധ ഇനം വൃക്ഷത്തൈകള്‍ വിതരണത്തിനായി തയാറായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ (എന്‍.ജി.ഒ) മാധ്യമ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്കരണത്തിനായി വനംവകുപ്പ് നഴ്സറികളില്‍ നിന്നും വൃക്ഷത്തൈകള്‍ നല്‍കും. ഇതിനായുളള അപേക്ഷ ഇടപ്പളളിയിലുളള സാമൂഹിക വനവല്കരണ ഓഫീസില്‍ നല്‍കണം. വൃക്ഷത്തൈകള്‍ എറണാകുളം, പെരുമ്പാവൂര്‍ റെയിഞ്ചുകളിലെ വിവിധ നഴ്സറികളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8547603736, 8547603737, 8547603744 നമ്പരില്‍ ബന്ധപ്പെടാം. ഇതു കൂടാതെ വൃക്തികള്‍ക്ക് തൈ ഒന്നിന് 17 രൂപ നിരക്കില്‍ ഇടപ്പളളിയിലുളള സാമൂഹിക വനവല്‍ക്കരണ ഓഫീസ് കോമ്പൗണ്ടില്‍ ലഭിക്കും.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി:
യോഗം 10-ന്
കൊച്ചി: ജലസംരക്ഷണം, ജലകൊയ്ത്ത്, നദികളുടെ പുന:രുജ്ജീവനം, ഭവന നിര്‍മ്മാണം (ലൈഫ് പദ്ധതിയില്‍) ഭവന നിര്‍മ്മാണത്തിന് ആവശ്യമായ കട്ട നിര്‍മ്മാണം, വനവത്കരണം എന്നിവയില്‍ ഫലപ്രദമായ ഇടപെടലുകള്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഏറ്റെടുക്കും. ഇത് സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നതിന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ അദ്ധ്യക്ഷതയില്‍ മെയ് 10-ന് രാവിലെ 10.30 മുതല്‍ എറണാകുളം കലൂരിലുളള കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ മെമ്മോറിയല്‍ റിന്യൂവല്‍ സെന്ററില്‍ യോഗം സംഘടിപ്പിക്കും. യോഗത്തില്‍ തദ്ദേശസ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ലൈഫ് മിഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ശുചിത്വ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ എന്നിവര്‍ പങ്കെടുക്കും.
കോണ്‍ക്രീറ്റ് ജനല്‍, കട്ട്ല മോള്‍ഡുകള്‍ പഞ്ചായത്തുകള്‍ക്ക്
വിതരണം ചെയ്യുന്നതിന്റെ ബ്ലോക്ക്തല ഉദ്ഘാടനം നിര്‍വഹിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ലൈഫ് പദ്ധതിയിലെ ഭവന ഗുണഭോക്താക്കള്‍ക്ക് കോണ്‍ക്രീറ്റ് ജനല്‍, കോണ്‍ക്രീറ്റ് കട്ട്ല എന്നിവ സൗജന്യമായി തൊഴിലുറപ്പ് പദ്ധതി വഴി നിര്‍മ്മിച്ച് വിതരണം നടത്തുന്നതിന് 2017-18 ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ആവശ്യമായ മോള്‍ഡുകള്‍ വാങ്ങി ബ്ലോക്ക് പരിധിയിലുളള അഞ്ച് പഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിളളി നിര്‍വഹിച്ചു. യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച കോട്ടുവളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശാന്തയ്ക്ക് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. യോഗത്തില്‍ ബീ.പി.ഒ കമലാകാന്ത പൈ സ്വാഗതം ആശംസിച്ചു. ജോയിന്റ് ബി.ഡി.ഒ എ.വി.സന്തോഷ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ലിസി റാഫേല്‍, മെമ്പര്‍മാരായ സി.കെ.അനില്‍കുമാര്‍, വനജ അശോകന്, ബിജാ പുളിക്കല്‍, ജമാല്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments