വടവുകോട് ആരോഗ്യ ജാഗ്രത പരിപാടി
കൊച്ചി: മഴക്കാലം ആരംഭിക്കുന്നതിനു മുന്നോടിയായി പകര്‍ച്ചവ്യാധികള്‍ പെരുകുന്നതിനെതിരെ വടവുകോട് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ഉറവിടവത്കരണവും ബോധവത്കന്നവും എന്ന പരിപാടിയുടെ ഭാഗമായി ഡെങ്കു, മലേറിയ, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ പെരുകുന്നതിനെതിരെ പഞ്ചായത്തിന് കീഴിലുള്ള വീടുകളും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ച് ബോധവത്കരണം നടത്തി.
വീടിനും പരിസര പ്രദേശത്തും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാനുള്ള സാഹചര്യം പരിശോധിക്കുകയും ആവശ്യമായ നടപടിക്രമങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ടെന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ. സതീഷ് പറഞ്ഞു. വീടുകള്‍ സന്ദര്‍ശിച്ചും നോട്ടീസുകള്‍ വിതരണം ചെയ്തുമാണ് ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രശ്‌നങ്ങള്‍ കണ്ടെത്തിയ പ്രദേശങ്ങളില്‍ രണ്ടാം ഘട്ട സന്ദര്‍ശനം നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചോ എന്ന് അന്വേഷിക്കും. ഈ മാസം 27 വരെ ഗൃഹസന്ദര്‍ശന പരിപാടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യ ജാഗ്രത പരിപാടിക്ക് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എന്‍.എന്‍. രാജന്‍, പഞ്ചായത്ത് മെംബര്‍ ജോണ്‍ ജോസഫ്, ഹെല്‍ത്ത് നേഴ്‌സ് ലില്ലി എന്നിവര്‍ നേതൃത്വം നല്‍കി.
- Log in to post comments