ചാനലുകളും പത്രങ്ങളും പരസ്യം നൽകുമ്പോൾ സർട്ടിഫിക്കറ്റ് കൂടി ആവശ്യപ്പെടണം
ആലപ്പുഴ: നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ചാനലുകൾ, പ്രാദേശിക ചാനലുകൾ, റേഡിയോ നിലയങ്ങൾ എന്നിവയിൽ സ്ഥാനാർഥികളും, കക്ഷികളും നൽകുന്ന പരസ്യങ്ങൾ നൽകുംമുമ്പ് അവയ്ക്ക് മീഡിയ സർട്ടിഫിക്കേഷൻ സമതിയുടെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കിയിരിക്കണമെന്ന് ജില്ലാതല മീഡിയ സര്ട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിങ് സമതി (എം.സി.എം.സി.) ചെയർമാനായ ജില്ല കളക്ടർ ടി.വി.അനുപമ അറിയിച്ചു. അംഗീകാരമില്ലാത്ത ഒരു പരസ്യവും പ്രദര്ശിപ്പിക്കുകയോ സംപ്രേഷണം ചെയ്യുകയോ പ്രക്ഷേപണം ചെയ്യുകയോ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിബന്ധന. ഇത്തരം പരസ്യങ്ങൾ എം.സി.എം.സി. സമതി നിത്യവും അവലോകനം ചെയ്ത് കമ്മിഷന് റിപ്പോർട്ട് നൽകും. ഇത്തരത്തിലുള്ള പരസ്യങ്ങൾ സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾക്കൊള്ളിക്കേണ്ടതായതിനാലാണ് പരസ്യങ്ങൾക്ക് സർട്ടിഫിക്കറ്റ് നല്കുന്നത്.
തിരഞ്ഞെടുപ്പ് പരസ്യങ്ങൾ പ്രക്ഷേപണം ചെയ്യുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്ന ചാനലുകളും റേഡിയോ നിലയങ്ങളും അവയുടെ വിശദാംശം അടിയന്തരമായി ജില്ലാതല എം.സി.എം.സി. ഓഫീസിൽ നൽകണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ അറിയിച്ചു. സർട്ടിഫിക്കറ്റ് ലഭ്യമാക്കിയ പരസ്യങ്ങൾ സംബന്ധിച്ച് വരണാധികാരിക്ക് നിത്യവും റിപ്പോർട്ട് നൽകും.
(പി.എൻ.എ 951/ 2018)
- Log in to post comments