Skip to main content

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളോട് അനീതി കാട്ടുന്നവര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തും: ചെയര്‍മാന്‍ ബി.എസ്.മാവോജി

 

പട്ടികജാതി പട്ടിക വര്‍ഗ്ഗവിഭാഗക്കാരോട് അവഗണനയോടെ പെരുമാറുകയും അനീതി നിറഞ്ഞ സേവനം നല്‍കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുമെന്ന് പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്.           മാവോജി. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  സംഘടിപ്പിച്ച ദ്വിദിന പരാതി പരിഹാര അദാലത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ആമുഖ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷന് ലഭിക്കുന്ന പരാതികളില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കിട്ടുന്ന നീതിപൂര്‍വ്വമല്ലാത്ത സേവനം സംബന്ധിച്ചാണ്. സാധാരണക്കാരായ ഇക്കൂട്ടര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നത് വെറും ആരോപണമല്ല യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എതിര്‍ക്കാന്‍ ശേഷിയില്ലാത്തവരെ അവഗണിക്കുന്ന ശീലം ഉദ്യോഗസ്ഥര്‍ മാറ്റണം. പാവപ്പെട്ടവരോട് അനുഭാവവും മാന്യതയും നിറഞ്ഞ പെരുമാറ്റം ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാകണം.അല്ലാത്തവര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ ചെയ്യാനാകുന്നതൊക്കെ കമ്മീഷന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അദാലത്തിന്റെ ആദ്യ ദിനത്തില്‍ 60 കേസുകള്‍ വിചാരണ നടത്തി. 46 കേസുകള്‍ക്ക് തീര്‍പ്പു കല്പിച്ചു. അഞ്ച് പുതിയ പരാതികളും ലഭിച്ചു. മൂന്നു ബഞ്ചുകളിലാണ് സിറ്റിംഗ്  നടത്തിയത്. ചെയര്‍മാന്റെ നേതൃത്വത്തിലുള്ള ബഞ്ചില്‍ ജില്ലാ കളക്ടര്‍ ബി.എസ്.തിരുമേനി, ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖ് എന്നിവരും പരാതികള്‍ പരിഹരിച്ചു.  പങ്കാളികളായി. മറ്റ് രണ്ടു ബെഞ്ചുകളില്‍  കമ്മീഷനംഗങ്ങളായ എസ്. അജയകുമാര്‍, അഡ്വ. സിജ എന്നിവര്‍ പരാതികള്‍ കൈകാര്യം ചെയ്തു.  രണ്ട് ബഞ്ചില്‍ സിറ്റിംഗ് ഇന്നും തുടരും.

                                                  (കെ.ഐ.ഒ.പി.ആര്‍-873/18)             

date