അഴീക്കൽ തുറമുഖ വികസനം കൺസൽട്ടൻസി കരാർ ഒപ്പുവെച്ചു .
കിഫ്ബിയിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെ അഴീക്കൽ തുറമുഖം വികസിപ്പിക്കുന്നതിനുള്ള ടെക്‌നിക്കൽ കൺസൽട്ടൻസി കരാറിൽ ഒപ്പുവെച്ചു. രണ്ട് ഘട്ടമായി വികസിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭഘട്ടത്തിന് വേണ്ടി 500 കോടി രൂപയാണ് കിഫ്ബിയിൽ നിന്ന് അനുവദിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും സാന്നിദ്ധ്യത്തിൽ, കൺസൽട്ടന്റ് കമ്പനിയായ ഹോവെ എൻജിനീയറിംഗ് പ്രൊജക്ട്‌സ് ഇന്ത്യ ലിമിറ്റഡ് പ്രതിനിധി സീനിയർ വൈസ് പ്രസിഡന്റ് വിനയ് സിംഗാൾ, തുറമുഖ വികസനത്തിന് വേണ്ടി രൂപീകരിച്ച കമ്പനിയായ അഴീക്കൽ പോർട്ട് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ എച്ച്. ദിനേശൻ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
രണ്ട് ഘട്ടങ്ങളിലായിട്ടാണ് അഴീക്കൽ തുറമുഖം വികസിപ്പിക്കാനുദ്ദേശിക്കുന്നത്. തുറമുഖ വികസനത്തിന്റെ വിശദമായ പദ്ധതിരേഖയും, പാരിസ്ഥിതിക പഠനവും പൂർത്തിയാക്കുന്നതിനാണ് ആഗോള ടെണ്ടർ വഴി ടെക്‌നിക്കൽ കൺസൽട്ടന്റിനെ നിയമിച്ചിരിക്കുന്നത്. കരാർ പ്രകാരം 61 ആഴ്ചയാണ് ടെക്‌നിക്കൽ കൺസൽട്ടന്റിന് സാങ്കേതിക പഠനവും, വിശദമായ പദ്ധതി രേഖയും, പാരിസ്ഥിതിക പഠനവും പൂർത്തിയാക്കാൻ അനുവദിച്ചിരിക്കുന്നത്. തുറമുഖ വികസനവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ സർക്കാർ രൂപീകരിച്ച അഴീക്കൽ പോർട്ട് ലിമിറ്റഡ് കമ്പനി സമയബന്ധിതമായി പൂർത്തീകരിച്ച്, 2019-ൽ തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
- Log in to post comments