Skip to main content

തദ്ദേശഭരണ സ്ഥാപനങ്ങള്‍ സംയുക്ത പ്രോജക്ടുകള്‍ അടിയന്തിരമായി തയാറാക്കണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും മറ്റു തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കാനുദ്ദേശിക്കുന്ന സംയുക്ത പ്രോജക്ടുകള്‍ അടിയന്തിരമായി തയാറാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതികള്‍ തയാറാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും അവരുടെ പരിധിയിലുള്ള ഗ്രാമ പഞ്ചായത്തുകളുടെ യോഗം രണ്ടു ദിവസത്തിനുള്ളില്‍ വിളിച്ചുചേര്‍ത്ത് ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകള്‍ ചേര്‍ന്ന് നടപ്പാക്കാനുദ്ദേശിക്കുന്ന സംയുക്ത പ്രോജക്ടുകള്‍ക്ക് അന്തിമ രൂപം നല്‍കണം. ജില്ലാ പഞ്ചായത്ത് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുമായി ചേര്‍ന്ന് നടപ്പാക്കുന്ന സംയുക്ത പദ്ധതികള്‍ സംബന്ധിച്ച വിശദമായ രൂപരേഖ 20ന് മുന്‍പ് ജില്ലാ പഞ്ചായത്തില്‍ നിന്നും എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളെയും അറിയിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജില്ലാ ആസൂത്രണ സമിതി ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്ന സംയുക്ത പദ്ധതികള്‍ മാത്രമേ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം മുതല്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥരും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമായി മനസിലാക്കി പദ്ധതി രൂപീകരണം നടത്തണം. പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ആദ്യവര്‍ഷം എന്ന നിലയില്‍ പദ്ധതി രൂപീകരണത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതിനാല്‍ ഇക്കാര്യങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ആവാസ് എന്ന പേരില്‍ ഒരു സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും ഇതിനായുള്ള വിവരശേഖരണത്തിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ സഹകരണം നല്‍കണമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ യോഗത്തില്‍ അഭ്യര്‍ഥിച്ചു. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിലെ ഫോട്ടോയെടുപ്പ് സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ജനപ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു. പലപ്പോഴും ഫോട്ടോയെടുപ്പിനായി കൊണ്ടുവരുന്ന മിക്ക മെഷീനുകളും കേടാകുന്നതും വിവരശേഖരണത്തിനെത്തുന്നവര്‍ ഗുണഭോക്താക്കളോട് മോശമായി പെരുമാറുന്നത് പതിവാണെന്നും ജനപ്രതിനിധികള്‍ പരാതിപ്പെട്ടു. ഫോട്ടോയെടുപ്പിനെത്തുന്നവരോട് മാന്യമായി പെരുമാറുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കാന്‍ ജില്ലാ കളക്ടര്‍ ജില്ലാ ലേബര്‍ ഓഫീസറോട് നിര്‍ദേശിച്ചു. ഫോട്ടോയെടുപ്പുമായി ബന്ധപ്പെട്ട കരാര്‍ ഏറ്റൈടുത്തിട്ടുള്ളത് സ്വകാര്യ കമ്പനിയായതിനാല്‍ ഇവര്‍ക്ക് ഇതു സംബന്ധിച്ച് കത്തു നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. യോഗത്തില്‍ ആസൂത്രണ സമിതി അംഗങ്ങളായ ലീല മോഹന്‍, ബി.സതികുമാരി, വിനീത അനില്‍, അഡ്വ. ആര്‍.ബി രാജീവ്കുമാര്‍, സാം ഈപ്പന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.വി കമലാസനന്‍ നായര്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date