ആഘോഷമായി ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം
കൊച്ചി: നാടൊന്നാകെ അണിനിരന്ന സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ഈ വര്‍ഷത്തെ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം മണീടില്‍ ആരംഭിച്ചത്. പുതുതായി വിദ്യാലയത്തിലേക്കെത്തിയ കുട്ടികളെ മണീട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഘോഷയാത്രയായാണ് പ്രാഥമിക വിദ്യാലയത്തിലേക്ക് എതിരേറ്റത്. ശിങ്കാരി മേളവും കാവടിയും മുതിര്‍ന്ന കുട്ടികള്‍ വേഷമിട്ട വിവിധ നാടന്‍ കലാരൂപങ്ങളുമായി അദ്ധ്യാപകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയില്‍ രക്ഷകര്‍ത്താക്കള്‍ക്ക് പുറമേ നാട്ടുകാരും അണിനിരന്നു.
രാവിലെ 9.30ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ അണിനിരന്ന ഘോഷയാത്ര മണീട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ. ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് മണീട് ലോവര്‍ പ്രൈമറി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ അനൂപ് ജേക്കബ് എം.എല്‍.എ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം കൈവരിച്ച പുരോഗതിയാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതു വിദ്യാലയങ്ങളില്‍ കൂടുതല്‍ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി അവയെ കൂടുതല്‍ മികവുള്ളതാക്കും. അപേക്ഷ നല്‍കിയ വിദ്യാലയങ്ങള്‍ക്ക് എം.എല്‍.എ ഫണ്ടുപയോഗിച്ച് വാഹന സൗകര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദ്ഘാടനചടങ്ങുകള്‍ക്ക് മുന്നേ വേദിയില്‍ മുന്‍ വര്‍ഷത്തെ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരം പ്രാഥമിക വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ കവി മുരുകന്‍ കാട്ടാക്കട രചിച്ച് വിജയ് കരുണ്‍ സംഗീതം നല്‍കിയ ഈ വര്‍ഷത്തെ പ്രവേശനോത്സവ ഗാനം ആലപിച്ചു. എറണാകുളം വിദ്യഭ്യാസ ഉപഡയറക്ടര്‍ സി.എ സന്തോഷ് സ്വാഗതം ആശംസിച്ചു. കുട്ടികള്‍ ഫല വൃക്ഷതൈകള്‍ നല്‍കി വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥിന്റെ സ്‌കൂള്‍ പ്രവേശനോത്സവ സന്ദേശം എറണാകുളം എ.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ സജോയ് ജോര്‍ജ്ജ് വായിച്ചു.
കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖല നേട്ടത്തിന്റെ പാതയിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് ആശാ സനല്‍ പറഞ്ഞു. സംസ്ഥാന സിലബസില്‍ പഠിക്കാന്‍ കൂടുതല്‍ കുട്ടികള്‍ എത്തുന്നത് വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയതിനാലാണെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് പിറവം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി ജോര്‍ജ്ജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങില്‍ സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമന്‍ നിര്‍വ്വഹിച്ചു. കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എറണാകുളം ജില്ല കാഴ്ചവെച്ച മികച്ച പ്രകടനത്തെ യോഗം പ്രശംസിച്ചു. 99.12 ശതമാനം വിജയം കൈവരിച്ച് എറണാകുളം സംസ്ഥാനത്തെ മികച്ച ജില്ലയായി. ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി.എ സന്തോഷിനെ യോഗത്തില്‍ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ പരീക്ഷകളിലും ദേശീയ സ്‌കൂള്‍ കായിക മേളയിലും നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. വിവിധ വ്യക്തികളും സന്നദ്ധ സംഘടനകളും സൗജന്യ പഠനോപകരണ വിതരണം നടത്തി. തുടര്‍ന്ന് പായസവും ഐസ്‌ക്രീമുമുള്‍പ്പെടെയുള്ള ഉച്ച ഭക്ഷണത്തോടെയാണ് പ്രവേശനോത്സവം സമാപിച്ചത്.
ക്യാപ്ഷന്‍: മണീട് ലോവര്‍ പ്രൈമറി സ്‌കൂളില്‍ അനൂപ് ജേക്കബ് എം.എല്‍.എ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു.
- Log in to post comments