Skip to main content

സഹകരണ പ്രസ്ഥാനങ്ങളെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയണം: മന്ത്രി കെ. രാജന്‍

 

രാജ്യത്തിന്റെ ഗ്രാമീണ സാമ്പത്തിക സ്രോതസുകളായ സഹകരണ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്ന് റവന്യൂ, ഭവന വകുപ്പ് മന്ത്രി കെ. രാജന്‍. മുവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘത്തിന്റെ ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

രാജ്യത്തിന്റെ സാമ്പത്തിക ചരിത്രത്തില്‍ ഏറ്റവും അപകടകരമായ ദുരന്തമായിരുന്നു നോട്ട് നിരോധനം. സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു തലയില്‍ നിന്നു പോലും ആരംഭിക്കാതെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് 1977 ല്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങളൊന്നും സ്വാംശീകരിക്കാതെ കേവല ലക്ഷ്യങ്ങളുയര്‍ത്തി കേന്ദ്രഭരണകൂടത്തിന്റെ മുതലാളിത്ത ചങ്ങാത്തത്തിന് അവസരമൊരുക്കിയ നടത്തിയ അപകടകരമായ ഒന്നായിരുന്നു നോട്ട് നിരോധനം. അതിനു ശേഷം സാമ്പത്തിക മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടായി. കേരളത്തിന്റെ സഹകരണ പ്രസ്ഥാനത്തിനകത്ത് വ്യാപകമായി ആരോപണങ്ങളുന്നയിക്കപ്പെട്ട് കള്ളപ്പണം ആരോപിച്ച് സുസജ്ജമായ സഹകരണ സംവിധാനത്തെ ആകെ തകര്‍ക്കുന്ന പലവിധ പരിശ്രമങ്ങളും നടത്തിയിട്ടുണ്ട്. പക്ഷേ കേരളത്തിലെ സഹകരണ ബാങ്കുകള്‍ തകര്‍ന്നില്ല.

 

സഹകരണ മേഖലയെച്ചൊല്ലി വിവാദങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ തന്നെയാണ് ഇത്തരത്തിലുള്ള ഒരു പ്രസ്ഥാനം വിപുലമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. തെറ്റായ പ്രവണതകളെ ചൂണ്ടിക്കാട്ടി എല്ലാം അപകടത്തിലാണെന്ന പ്രചാരണം കേരളത്തിന്റെ പാരമ്പര്യമുയര്‍ത്തിപ്പിടിച്ച് മുന്നേറുന്ന സഹകരണ പ്രസ്ഥാനത്തെ കൊല്ലാക്കൊല ചെയ്യാനാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

 

ഓരോ ഘട്ടത്തിലും സ്വരൂപിച്ചതെല്ലാം ചേര്‍ത്തുവെച്ച് നാലാമത്തെ നിലയിലേക്കും ശീതീകരിക്കപ്പെട്ട കോണ്‍ഫറന്‍സ് ഹാളിലേക്കും മുവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം വളരുമ്പോള്‍ അത് ഏറെ അഭിമാനകരമായ നേട്ടമാണ്. എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും ഭവനം എന്ന മുദ്രാവാക്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഈ ശ്രമങ്ങള്‍ എല്ലാ കൂട്ടായ്മകളുടെയും പിന്തുണ വേണം. സ്വരൂപിച്ച വച്ച സ്വത്തിനെ ഗുണപരമായി വിനിയോഗിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് മുവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

 

 

സഹകരണ മേഖലയുമായി ബന്ധപ്പെട്ട് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും ആക്ഷേപങ്ങളും സാര്‍വ്വത്രികമായി കൊള്ളയാണ് നടക്കുന്നതെന്ന പ്രചാരണങ്ങളിലൂടെ നിക്ഷേപകരെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും ഗോപി കോട്ടമുറിക്കല്‍ നിര്‍വഹിച്ചു.

 

സംഘം പ്രസിഡന്റ് കെ.എ. നവാസ് അധ്യക്ഷത വഹിച്ചു. സംഘത്തിന്റെ ഉപഹാരവും അദ്ദേഹം മന്ത്രിക്ക് കൈമാറി. മുന്‍ എം എല്‍ എ മാരായ എല്‍ദോ എബ്രഹാം, ബാബു പോള്‍, മുവാറ്റുപുഴ ആര്‍ഡിഒ എം.വി. സുരേഷ് കുമാര്‍, എം സി എസ് ഹോസ്പിറ്റല്‍ പി.എം. ഇസ്മയില്‍, സഹകരണ സംഘം വൈസ് പ്രസിഡന്റ് വി.കെ. വിജയന്‍, സംഘം സെക്രട്ടറി വി.പി. പ്രസന്നകുമാരി, മുന്‍ ജില്ലാ പഞ്ചായത്തംഗം എന്‍.അരുണ്‍, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ യു.ആര്‍. ബാബു, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രസിഡന്റ് വി.കെ. ഉമ്മര്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പര്‍ എന്‍.എം. കിഷോര്‍, ജോയിന്റ് രജിസ്ട്രാര്‍ കെ, സജീവ് കര്‍ത്ത, അസി. രജിസ്ട്രാര്‍ ജനറല്‍ സി.പി. രമ, അസിസ്റ്റന്റ് ഡയറക്ടര്‍ ജെയ്‌മോന്‍ യു. ചെറിയാന്‍, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ രഞ്ചിത്ത് രാജ് പി., സംഘം അക്കൗണ്ടന്റ് സുജയ് സലിം തുടങ്ങിയവര്‍ പങ്കെടുത്തു.

date