Skip to main content

ട്രോളിംഗ് നിരോധന ശബ്ദ സന്ദേശവുമായി ഫിഷറീസ് വകുപ്പ്

 

 കൊച്ചി: ഫിഷറീസ് വകുപ്പ് റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസുമായി സഹകരിച്ച് ട്രോളിംഗ് നിരോധന മൊബൈല്‍ വോയിസ് സന്ദേശം പ്രചരിപ്പിക്കലും, കടല്‍ സുരക്ഷ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. ട്രോളിംഗ് നിരോധനത്തെക്കുറിച്ചുള്ള മൊബൈല്‍ സന്ദേശം മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാക്കുന്നതിന്റെ ഔദ്യോഗീക ഉദ്ഘാടനം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ് നിര്‍വ്വഹിച്ചു. 

കേരള തീരത്ത് ജൂണ്‍ 09 (ശനിയാഴ്ച) അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസത്തെ ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്ന വിവരമാണ് ഫിഷറീസ് വകുപ്പ് റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസിന്റെ സഹായത്തോടെ മത്സ്യത്തൊഴിലാളികളുടെ മെബൈല്‍ ഫോണുകളില്‍ ലഭ്യമാക്കിയത്. നിരോധന കാലയളവില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ നിര്‍ബന്ധമായും ബയോ മെട്രിക്ക് ഐഡി കാര്‍ഡ് കൈവശം കരുതണമെന്ന സന്ദേശവും മൊബൈല്‍ ഫോണുകളില്‍ ലഭിക്കുന്നുണ്ട്. യാനങ്ങളില്‍ വേണ്ടത്ര സുരക്ഷ ഉപകരണങ്ങളും ജാഗ്രതയും പാലിക്കേണ്ടതിന്റെ ബോധവത്കരണവും ഇതോടൊപ്പം നല്‍കുന്നു.

ചെല്ലാനം ഹാര്‍ബറില്‍ ഓണ്‍ വീല്‍സ് പരിപാടിയിലൂടെ റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്‍ഫര്‍മേഷന്‍ ജില്ലാ മാനേജര്‍ നഫാസ് നാസറിന്റെ നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഭാരതീയ കാലാവസ്ഥ കേന്ദ്രം, ഇന്ത്യന്‍ ദേശീയസമുദ്ര സ്ഥിതി വിവരണ കേന്ദ്രം എന്നിവ നല്‍കുന്ന കടലിലെ കാലാവസ്ഥ വിവരങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിന് 18004198800ല്‍ വിളിച്ചു ചോദിക്കാവുന്നതാണ്. എറണാകുളം ജില്ലയിലെ ഇരുപതിനായിരത്തോളം തൊഴിലാളികള്‍ക്കാണ് ശബ്ദ സന്ദേശം നല്‍കിയത്.

date