മങ്ങാട്ടുമുറി സ്‌കൂള്‍ പുതുമോടിയോടെ ഇന്ന് തുറക്കും
മാനേജര്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്നു സര്‍ക്കാര്‍ ഏറ്റെടുത്ത മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ പുതുമോടിയോടെ സര്‍ക്കാര്‍ സ്‌കൂളായി ഇന്ന് തുറക്കും. നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് 2016 ജൂണ്‍ ഏഴിനാണു മാനേജര്‍ സ്‌കൂള്‍ അടച്ചു പൂട്ടിയത്. സംസ്ഥാന സര്‍ക്കാെരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ നാല് സ്‌കൂളുകള്‍ക്കൊപ്പം ഈ സ്‌കൂളും സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 69 സെന്റ് സ്ഥലവും കെട്ടിടവുമാണ് വില നിശ്ചയിച്ചു നല്‍കി മാനേജ്‌മെന്റില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തത്.
കഴിഞ്ഞ രണ്ടു വര്‍ഷവും വാടകക്കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചത്. ഇത്തവണ വിവിധ ഫണ്ടുകള്‍ ചെലവഴിച്ച് ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. ആധുനിക സൗകര്യത്തോടെ നാല് ക്ലാസ് മുറികള്‍ സജ്ജീകരിച്ചു. പാചകപ്പുരയും ശൗചാലയങ്ങളുമൊരുക്കി. പൂന്തോട്ടവും ഔഷധചെടികളുമൊക്കെയായി ജൈവ വൈവിധ്യ പാര്‍ക്കും ഒരുങ്ങുന്നുണ്ട്. വിശാലമായ കളി സ്ഥലവും ഇപ്പോള്‍ സ്‌കൂളിനു സ്വന്തമാണ്.
കഴിഞ്ഞ വര്‍ഷം 61 കുട്ടികളുണ്ടായിരുന്ന സ്‌കൂളില്‍ ഈ വര്‍ഷം 75 പേരുണ്ട്. 35 കുട്ടികളാണ് പുതുതായി സ്‌കൂളില്‍ പ്രവേശനം നേടിയത്. ഒന്നാം ക്ലാസില്‍ മാത്രം 28 കുട്ടികളെത്തി. ഏഴു പേര്‍ വിവിധ ക്ലാസുകളിലായി പുതുതായി വന്നുചേര്‍ന്നു.
സര്‍ക്കാര്‍ സ്‌കൂളിലെ പഠനം ഉല്‍സവമാക്കാനൊരുങ്ങിയിരിക്കുകയാണ് വിദ്യാര്‍ഥികളും അധ്യാപകരും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു ജനകീയ പിന്തുണയിലൂടെ കരുത്തു പകര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും കൂടെയുണ്ട്. പഞ്ചായത്ത് തല പ്രവേശനോല്‍സവം മങ്ങാട്ടുമുറിയില്‍ നടക്കും. ചടങ്ങില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കു പഠനോപകരണങ്ങളും നല്‍കുന്നുണ്ട്.
- Log in to post comments