പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലെ വീട്ടിക്കുത്ത് മാതൃക
പുസ്തക പൂക്കളില്‍ തേന്‍ കുടിക്കാനായി ചിത്ര പദംഗങ്ങളെത്തി
പുസ്തക പൂക്കളില്‍ തേന്‍ കുടിക്കാനായി ചിത്ര പദംഗങ്ങളെത്തി
ഉല്‍സാഹമോടെ പറന്നു പറന്നവര്‍ ഉല്‍സവം കൂടുവാനെത്തി.
ഉല്‍സവം കൂടുവാനെത്തി.....
ഈ വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോല്‍സവ സ്വാഗത ഗാനത്തിന്റെ ആദ്യ വരികളാണിത്. അക്ഷരാര്‍ത്ഥത്തില്‍ പൊതു വിദ്യാലയത്തിലെ പഠനം ഉല്‍സവമാക്കുകയാണു മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കുട്ടികള്‍ കുറഞ്ഞതിനാല്‍ 2014 ല്‍ അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ട സ്‌കൂള്‍ ഇന്ന് കുട്ടികളുടെ ആധിക്യം മൂലം എല്ലാവര്‍ക്കും പ്രവേശനം നല്‍കാനാവാത്ത അവസ്ഥയിലാണ്. 284 കുട്ടികളുമായാണ് ഇക്കുറി സ്‌കൂള്‍ അധ്യയന വര്‍ഷത്തിലേക്കു കടന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രമാക്കുന്നതിനായുള്ള ജനകീയ ഇടപെടലുകളാണ് വീട്ടിക്കുത്ത് സ്‌കൂളിന്റെ ഗതി മാറ്റിയത്. ഈ വര്‍ഷം മാത്രം 111 കുട്ടികളാണ് വിവിധ ക്ലാസുകളിലേക്കായി പുതുതായി സ്‌കൂളിലെത്തിയത്. ഇതില്‍ 70 പേര്‍ പ്രൈമറി ക്ലാസിലും ബാക്കി കുട്ടികള്‍ പ്രീ പ്രൈമറി ക്ലാസിലുമാണ് പ്രവേശനം നേടിയത്. 50 കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നു. 20 ഓളം കുട്ടികള്‍ സമീപത്തെ സ്വകാര്യ സ്‌കൂളുകളില്‍ നിന്നു മുതിര്‍ന്ന ക്ലാസുകളിലേക്കു വിട്ടു വന്നവരാണ്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 20 ലക്ഷത്തിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് ജനകീയ പങ്കാളിത്തത്തില്‍ നടന്നത്. ഊട്ടുപുരയും മൂത്രപ്പുരയും മുതല്‍ ക്ലാസ് റൂം വരെ ഹൈടെക് ആവുകയായിരുന്നു. കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി, കുടിവെള്ള സൗകര്യം, വൈദ്യുതീകരണം, സൗണ്ട് സിസ്റ്റം, ഗോത്ര വര്‍ഗ്ഗ മ്യൂസിയം, ജൈവ വൈവിധ്യ പാര്‍ക്ക്, മഴ വെള്ള സംഭരണി തുടങ്ങി എല്ലാ മേഖലയിലും മികവിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു ഈ കൊച്ചു വിദ്യാലയം. ഈ വര്‍ഷം പുതുതലമുറ കുരുന്നുകള്‍ക്കായി ആറ് സ്മാര്‍ട്ട് ക്ലാസ് റൂമുകളും ഒരുങ്ങുന്നുണ്ട്. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഗജരാജ ശില്‍പ്പമാണ് സ്‌കൂളില്‍ എത്തുന്നവരെ വരവേല്‍ക്കുക. 1928 ല്‍ സ്ഥാപിതമായ 90 വര്‍ഷം പിന്നിട്ട സ്‌കൂള്‍ ഇന്ന് പുതിയൊരു ദിശയിലെത്തിയിരിക്കുന്നു. ജനപ്രതിനിധികള്‍, സര്‍ക്കാര്‍ എജന്‍സികള്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ തുടങ്ങി ജനകീയ കൂട്ടായ്മയിലൂടെയാണ് സ്വകാര്യ സ്‌കൂളുകളെ മറികടക്കുന്ന വികസനങ്ങള്‍ ചുരുങ്ങിയ സമയത്തിനകം സ്‌കൂളിന് ലഭ്യമായത്.
രക്ഷിതാക്കളുടെ ഒഴിവുസമയം കൂടി പരിഗണിച്ച് തുടക്കമിട്ട രാത്രികാല പി.ടി.എ കളാണ് സ്‌കൂളിന്റെ കുതിപ്പിന് ഊര്‍ജ്ജം പകര്‍ന്നത്. നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ഥികളും ഈ ന• കൂട്ടങ്ങള്‍ക്കു പിന്തുണയുമായി കരുത്തു പകര്‍ന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തയ്യാറാക്കിയ 'വീട്ടിക്കുത്ത് പെരുമ അറിവിന്‍ മുകുളം' അക്കാദമിക് മാസ്റ്റര്‍ പ്ലാനിനെ അടിസ്ഥാന മാക്കിയാണ് വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പാക്കി വരുന്നത്.
പുതുമ പകരും കുട്ടി ലൈബ്രറി
പതിവ് ലൈബ്രറി സങ്കല്പങ്ങളെ കാറ്റില്‍ പറത്തുന്ന ലൈബ്രറി സംവിധാനം നവ മാതൃകയാണ്. പുസ്തകങ്ങള്‍ അട്ടിവെച്ച ചില്ലുകൂടുകളല്ല, മറിച്ച് നിറമാര്‍ന്ന ചുമരുകളും കാര്‍ട്ടൂണ്‍ സിനിമയെ സ്മരിപ്പിക്കുന്ന പുത്തന്‍കാഴ്ചകളുമാണ് ലൈബ്രറിയില്‍ കുരുന്നുകളെ വരവേല്‍ക്കുന്നത്.
ചെറു മാതൃകകളിലൂടെ അക്ഷരം പഠിപ്പിച്ച് തുടര്‍ന്നു വാക്കുകളാക്കി ശേഷം വാചകം പഠിപ്പിക്കുന്ന രീതിയിലാണ് ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്. ഇതിനു ശേഷമാണ് കുട്ടികള്‍ക്കു പുസ്തകം നല്‍കുന്നത്. ലൈബ്രറി തന്നെ ക്ലാസ് റൂമാക്കുന്ന രീതി ഏറെ ശ്രദ്ധേയമാണ്. ഇതിനാവശ്യമായ എല്ലാ മോഡലുകളും തയ്യാറാക്കുന്നത് സ്‌കൂളിലെ അധ്യാപകര്‍ തന്നെ. ലൈബ്രറിയിലെ പുസ്തകങ്ങള്‍ ഓരോ മാസവും മാറിക്കൊണ്ടിരിക്കുന്നു. ഇതു കുട്ടികള്‍ക്ക് എന്നും വ്യത്യസ്താനുഭവം നല്‍കുന്നു.
ജൈവ വൈവിധ്യ പാര്‍ക്ക്
സങ്കല്‍പ്പത്തിനപ്പുറത്തുള്ള വിഭവങ്ങളാണ് സ്‌കൂളിലെ ജൈവ വൈവിധ്യ പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. പാര്‍ക്കിനോടു ചേര്‍ന്ന് ജൈവ പച്ചക്കറിത്തോട്ടം. തൊട്ടടുത്ത് ശലഭങ്ങളെ ആകര്‍ഷിക്കുന്ന പൂക്കളും തേനുമായി ശലഭോദ്യാനം. സ്‌കൂള്‍ പരിസരം സൗന്ദര്യവത്കരിക്കാന്‍ മാത്രമല്ല, പ്രകൃതിയെ പാഠ പുസ്തകമാക്കി മാറ്റി, പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഉണ്ടാക്കുകയെന്ന സങ്കല്‍പ്പമാണ് ഇതുവഴി സാക്ഷാത്കരിക്കുന്നത്.
കുട്ടികളില്‍ കൃഷിയോട് ആഭിമുഖ്യം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ജൈവ പച്ചക്കറി കൃഷി. ഉച്ച ഭക്ഷണത്തിനായുള്ള നല്ലൊരു ഭാഗം പച്ചക്കറികളും ഇതില്‍ നിന്ന് ലഭിക്കുന്നതിനാല്‍ അത് സ്വാശ്രയത്വത്തിന്റെ പാഠം കൂടി കുട്ടികള്‍ക്ക് നല്‍കുന്നു. ഞാവലും പാഷന്‍ ഫ്രൂട്ടും ഉള്‍പ്പെടെ വ്യത്യസ്ത പഴങ്ങളും സ്‌കൂള്‍ മുറ്റത്തിന് കുളിരാകുന്നു. ഓരോ കുട്ടിയും ഒരു ചെടിച്ചട്ടി പരിപാലിക്കുന്നുണ്ട്. അതില്‍ അലങ്കാരച്ചെടിയോ ഔഷധസസ്യങ്ങളോ വളര്‍ത്തുന്നു.
മരങ്ങള്‍ക്ക് മുകളിലായി തയ്യാറാക്കിയ നീര്‍ക്കുടങ്ങള്‍ തേടി പറവകള്‍ വിരുന്നെത്തുന്നതും പതിവ് കാഴ്ച്ചയാണ്. മൂങ്ങകളും വവ്വാലും പ്രാവുകളും അങ്ങാടി ക്കുരുവികളും കാക്കകളും പതിവുകാരായ കാംപസില്‍ മയിലും കൊക്കും വിരുന്നുകാരായെത്തുന്നു. മനോഹരമായ പൂന്തോട്ടവും തണല്‍ മരങ്ങള്‍ക്ക് താഴെ പ്രത്യേകം പണി കഴിപ്പിച്ച ഇരിപ്പിടങ്ങളും സീസോയും ക്യാമ്പസിലെ മരങ്ങള്‍ നിറയെ ആടിക്കളിക്കുന്ന കിളിക്കൂടുകളും ഊഞ്ഞാലുകളും മല്‍സ്യക്കുളവും വിനോദ പാര്‍ക്കിനെ ഓര്‍മിപ്പിക്കും വിധമാണ് ഒരുക്കിയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം മികച്ച മൂന്നാമത്തെ ജൈവ വൈവിധ്യ പാര്‍ക്കിനുള്ള അംഗീകാരവും ഈ സ്‌കൂളിനെ തേടിയെത്തി. പാര്‍ക്കില്‍ എല്ലാ വര്‍ഷവും മഴക്കൊയ്ത്തുത്സവം സംഘടിപ്പിക്കുന്നു. ശലഭോദ്യാനത്തിലെ പാറി കളിക്കുന്ന വിവിധ തരം പൂമ്പാറ്റകളും തുമ്പികളും ഇളം മനസ്സുകള്‍ക്ക് വര്‍ണ്ണക്കാഴ്ച്ചയൊരുക്കുന്നു
സംസ്ഥാനത്തെ ആദ്യ വിദ്യാലയ ആദിവാസി മ്യൂസിയം
സംസ്ഥാനത്തെ ആദ്യ വിദ്യാലയ ആദിവാസി മ്യൂസിയം വീട്ടിക്കുത്ത് എല്‍.പി. സ്‌കൂളിന് സ്വന്തമാണ്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണിത് യാതാര്‍ത്ഥ്യമാക്കിയത്. ആദിവാസി കുട്ടികള്‍ കൂടി പഠിക്കുന്ന വിദ്യാലയമായ ഇവിടെ നിരവധി ചരിത്രാന്വേഷികളാണ് മ്യൂസിയം തേടിയെത്തുന്നത്.
ആദിവാസി വിഭാഗക്കാര്‍ ഉപയോഗിക്കുന്ന സംഗീത ഉപകരണമായ കൊളല്‍, മാനിന്റെ തോല് കൊണ്ടു നിര്‍മ്മിക്കുന്ന ദൗല്‍മറ എന്ന പേരുള്ള ചെണ്ട, മൃഗങ്ങളെ വേട്ടയാടാനും സ്വയ രക്ഷക്കുമായി ഉപയോഗിച്ചിരുന്ന അമ്പും വില്ലും, മന്തം കോല്‍, ചെരങ്ങാത്തോട്, പെട്രോമാക്‌സ്, വഴിവിളക്ക്, ഭക്ഷണം സൂക്ഷിക്കുന്ന തൂക്ക് വട്ടി, ഉപ്പിട്ട് വെക്കാന്‍ ഉപയോഗിക്കുന്ന മരം കൊണ്ടുള്ള മരിക, പൂനിക്കുട്ട, ഒറ്റക്കൊമ്പ് മുറം, മീനരിപ്പ, അപ്പകൊട്ട, പരമ്പ്, കൊമ്പ് മുറം, മീന്‍ കൂട്, പാള ചെരുപ്പ്, വെറ്റില മുറുക്ക് വിഭവങ്ങള്‍ സൂക്ഷിക്കുന്ന പാക്കു സഞ്ചി, നെല്ല് കുത്തി അരിയാക്കാനും അരി കുത്തി വെളുപ്പിക്കാനും വേണ്ടി ഉപയോഗിക്കുന്ന മരം കൊണ്ടുള്ള വലിയ ഉരല്‍, കൃഷിയ്ക്കു നിലമൊരുക്കുമ്പോള്‍ പാടത്തെ കട്ടയുടയ്ക്കാനായി ഉപയോഗിക്കുന്ന കട്ടമുട്ടി, അരി ദീര്‍ഘകാലം കേട് കൂടാതെ സൂക്ഷിക്കുന്നതിനുള്ള പിടിയരി കുറ്റി തുടങ്ങി ആദിവാസി മ്യൂസിയത്തിലെ വിഭവങ്ങള്‍ നിരവധിയാണ്.
മുള വര്‍ഗ്ഗത്തില്‍ പെട്ട ഒട്ടലിന്റെ തണ്ടുകള്‍ കൊണ്ടു നിര്‍മ്മിച്ച മല്‍സ്യ ബന്ധനത്തിനായി ഉപയോഗിക്കുന്ന ഒറ്റാല്‍, ധാന്യങ്ങള്‍ അളക്കാന്‍ ഉപയോഗിക്കുന്ന മുള നാഴി, പുട്ട് കുറ്റി, മുളങ്കുറ്റി തുടങ്ങി മുള കൊണ്ടുള്ള 200 ഓളം ഉല്‍പ്പന്നങ്ങള്‍ ഈ മ്യൂസിയത്തില്‍ നിറ കാഴ്ചയൊരുക്കുന്നു.
വിദ്യാലയ മുറ്റത്തെ മരമുകളിലെ ആദിവാസി ഏറുമാടവും മണ്ണിനോടിഴകി ചേര്‍ന്നുള്ള ആദിവാസി കുടികളും അളകളും കുട്ടികളെ കാട്ടിലെത്തിച്ച പ്രതീതി ജനിപ്പിക്കുമെന്നത് തീര്‍ച്ച.
ആദിവാസി പഠനത്തിനായി നിലമ്പൂരിലെത്തുന്ന വിദ്യാര്‍ഥികളും ഗവേഷകരും വിദേശികളുള്‍പ്പെടെയുള്ള വിനോദ സഞ്ചാരികളും സ്‌കൂളിലൊരുക്കിയ മ്യൂസിയത്തിലെ സന്ദര്‍ശകരാണ്. മ്യൂസിയം കാണാനെത്തുന്നവര്‍ക്ക് കാടിനെയും കാട്ടാറുകളെയും ആദിവാസികളെയും പരിചയപ്പെടുത്തുന്ന 'ഓടൈ മനൈ' എന്നു പേരിട്ട സ്‌കൂള്‍ തന്നെ നിര്‍മ്മിച്ച മനോഹരമായ ഡോക്യൂമെന്ററി ബിഗ് സ്‌ക്രീനില്‍ കാണാനുള്ള സൗകര്യവും സ്‌കൂള്‍ സംവിധാനിച്ചിട്ടുണ്ട്.
നാല് വര്‍ഷം മുമ്പ് സ്ഥലം മാറി സ്‌കൂളിലെത്തിയ പ്രധാന അധ്യാപകന്‍ ഇല്ലിക്കണ്ടി അസീസിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പി.ടി.എ യുടെയും എസ്.എം.സി യുടെയും നാട്ടുകാരുടെയും കൂട്ടായ്മയിലാണ് സ്‌കൂളിലെ വിത്യസ്തത നിറഞ്ഞ പദ്ധതികള്‍ നടന്നു വരുന്നത്. 2014 ല്‍ നാല് അധ്യാപകര്‍ മാത്രമായി ചുരുങ്ങിയ സ്‌കൂളില്‍ കുട്ടികള്‍ വര്‍ദ്ധിച്ചതോടെ ഇപ്പോള്‍ എട്ട് പേരായി. 2017-18 ല്‍ മികച്ച പി.ടി.എ ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡും നേടി.
ഉപജില്ലാ ശാസ്ത്ര മേളയിലും സാമൂഹ്യ ശാസ്ത്ര മേളയിലും ഓവറോള്‍ ചാമ്പ്യ•ാര്‍, കലാമേള ഓവറോള്‍ നാലാം സ്ഥാനം, ഉപജില്ലാ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം, മികച്ച രീതിയില്‍ ഉച്ച ഭക്ഷണം വിതരണം ചെയ്തതിനുള്ള ബഹുമതി എന്നിങ്ങനെ സ് കൂളിനെ തേടിയെത്തിയ അംഗീകാരങ്ങള്‍ നിരവധിയാണ്.
കുട്ടികളിലെ അച്ചടക്കവും നേതൃഗുണവും വളര്‍ത്താനായി ആരംഭിച്ച കുട്ടി പൊലീസും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. പ്രീ പ്രൈമറി ശാക്തീകരണതിനായി ചോക്ലേറ്റ് എന്ന പേരില്‍ പ്രത്യേക പദ്ധതി, സംസ്ഥാനത്തെ മികച്ച സ്‌കൂളുകള്‍ സന്ദര്‍ശിക്കുന്ന പോകാം രസിക്കാം പരിപാടി എന്നിവ വിത്യസ്ത കൊണ്ടു ആകര്‍ഷണീയമാണ്. പഠന വൈകല്യമുള്ളവര്‍, ഓട്ടിസം ബാധിച്ചവര്‍ തുടങ്ങി പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കായി ഐ.ഇ.ഡി.സി കേന്ദ്രവും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.
ഈ വര്‍ഷത്തെ അധ്യായനത്തിന് പ്രവേശനോല്‍സവ ദിനത്തില്‍ സംഗീത നൃത്ത ശില്‍പ്പം അവതരിപ്പിച്ചാണ് തുടക്കമായത്. വിദ്യാഭ്യാസ വകുപ്പിന്റെ പ്രവേശനോല്‍സവ ഗാനത്തെ ആധാരമാക്കി സ്‌കൂളിലെ അധ്യാപികമാര്‍ ചിട്ടപ്പെടുത്തിയ സംഗീത നൃത്ത ശില്‍പ്പം സ്‌കൂളിലെ കുട്ടികള്‍ തന്നെയാണ് അവതരിപ്പിച്ചത്. തീര്‍ത്തും അവഗണിക്കപ്പെട്ട ഒരു പൊതു വിദ്യാലയത്തെ എങ്ങിനെ മുഖ്യധാരയിലെത്തിക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണ് നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവ.എല്‍.പി. സ്‌കൂള്‍. ഇതിനു കരുത്തായത് സംസ്ഥാന സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും.
- Log in to post comments