Skip to main content

നിയമ തടസം നീങ്ങി, അബ്ദുള്‍ ഖാദറിന്റെ ക്രഷര്‍ ഇനി പ്രവര്‍ത്തിക്കും

ക്രഷര്‍ തുടങ്ങുന്നതിന് വര്‍ഷങ്ങളായി വിവിധ ഓഫീസുകളില്‍ കയറിയിറങ്ങേണ്ടി വന്ന തളിപ്പറമ്പ് സ്വദേശി എം എ അബ്ദുള്‍ഖാദറിന്റെ നിയമതടസം നീങ്ങി. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്.  

നിയമക്കുരുക്കളാണ് വെള്ളാട് മാവുഞ്ചാല്‍ ക്രഷറിന് അനുമതി നല്‍കുന്നതിന് തടസമായത്. ക്രഷറിന് അനുമതി നല്‍കണമെന്ന്  ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഫയര്‍ എന്‍ഒസി ലഭിച്ചില്ല എന്ന കാരണത്താലാണ് പഞ്ചായത്ത് ഇവര്‍ക്ക് അനുമതി നല്‍കാതിരുന്നത്. എന്നാല്‍ ക്രഷറുകള്‍ തീവ്ര അപകടകാരികളല്ലാത്തതിനാല്‍ ഫയര്‍ എന്‍ഒസി ആവശ്യമില്ലെന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പ് അറിയിച്ചതിനാലാണ് പരാതിയില്‍ തീരുമാനമായത്.
2008ലാണ് അബ്ദുള്‍ ഖാദറിന് ക്രഷര്‍ പണിയുന്നതിന് ബില്‍ഡിംഗ് പെര്‍മിറ്റ് ലഭിച്ചത്.  പ്രളയവും മറ്റ് പ്രശ്‌നങ്ങളും കെട്ടിടം പണി വൈകിച്ചു ഒടുവില്‍. പണി പൂര്‍ത്തിയാക്കി ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റിന് നല്‍കിയപ്പോള്‍ ടൗണ്‍ പ്ലാനിംഗില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ എന്‍ഒസി ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.
 2020 ഒക്ടോബറിലാണ് കേരള ഫയര്‍ ആന്‍ഡ് സേഫ്റ്റി റെസ്‌ക്യൂ വകുപ്പിന്റെ അഡൈ്വസറി ബോര്‍ഡ് ക്രഷറുകളെ ലോ ഹസാര്‍ഡ് വിഭാഗത്തില്‍പ്പെടുത്തിയത്.
ഇവിടങ്ങളില്‍ ഫയര്‍ എക്‌സ്റ്റിംഗിഷര്‍ പോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതിയാകും എന്ന തീരുമാനമാണ് ഉണ്ടായത്.  എന്നാല്‍ പഞ്ചായത്ത് അധികൃതര്‍  പഴയ നിയമ പ്രകാരമുള്ള നിബന്ധനകള്‍ ചൂണ്ടിക്കാണിച്ചാണ് അനുമതി നല്‍കാതിരുന്നത്. അതിനാണ് ഇപ്പോള്‍ പരിഹാരമായത്.
 

date