Skip to main content

കാലവര്‍ഷക്കെടുതി : ജില്ലയില്‍ ഇതുവരെ 7.23 കോടിയുടെ നാശനഷ്ടം - ജില്ലാ കലക്ടര്‍

ജില്ലയില്‍ കാലവര്‍ഷ കൊടുതിയില്‍ ഇതുവരെ 7.23 കോടിയുടെ നാശ നഷ്ടമുണ്ടായതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.  12 വീടുകള്‍ പൂര്‍ണമായും 160 വീടുകള്‍ ഭാഗികമായും നശിച്ചിട്ടുണ്ട്. ഇവക്ക് 47,52,800 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇതിനു പുറമെ 6.76 കോടി രൂപയുടെ  കാര്‍ഷിക നഷ്ടം ഉണ്ടായിട്ടുണ്ട്. ആകെ 7,23,81,883 രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. കാര്‍ഷിക നഷ്ടം ഇനിയും കൂടുമെന്നാണ് വിലയിരുത്തുന്നത്. കാലവര്‍ഷം 41 വില്ലേജുകളെ ബാധിച്ചു. 121.5 ഹെക്ടര്‍ പ്രദേശത്തെ നെല്‍ക്യഷി വെള്ളത്തിലായി. 202199 കുലച്ച വാഴകള്‍ കാറ്റില്‍ വീണു. 38576 കുലക്കാത്ത വാഴകളും നശിച്ചു.  ടാപ്പിംഗ് നടത്തുന്ന 4302 റബര്‍ മരങ്ങളും ടാപ്പിങ് നടത്താത്ത 470 റബര്‍ മരങ്ങളും കടപുഴകി വീണു. 1280 കായ്ക്കുന്ന കുരുമുളക് ചെടികള്‍ നശിച്ചു.  
ജില്ലയില്‍ കാലവര്‍ഷക്കെടുതിയെ തരണം ചെയ്യാന്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും ഉണര്‍ന്നു പ്രവര്‍ത്തിച്ചതായി ജില്ലാ കലക്ടര്‍ പറഞ്ഞു. ഉദ്യോഗസ്ഥരും പൊതു ജനങ്ങളും സഹകരിച്ചു പ്രവര്‍ത്തിച്ചതുകൊണ്ട് ദുരിത ബാധിത പ്രദേശങ്ങളില്‍ സഹായം എത്തിക്കാനും ആവശ്യമായവരെ മാറ്റി പാര്‍പ്പിക്കാനും കഴിഞ്ഞു.  റംസാന്‍ ദിവസങ്ങളിലും ജില്ലയിലെ ദുരന്ത നിവാരണ വകുപ്പിന്റെ നേത്യത്വത്തില്‍ ജീവനക്കാര്‍ ഏതൊരു അടിയന്തിര ഘട്ടത്തെയും നേരിടാന്‍ തയ്യാറായി നിന്നു. റവന്യൂ ഓഫിസുകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. താലൂക്ക് കേന്ദ്രങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജീവമാക്കി.
മണ്‍സൂണ്‍ തുടങ്ങിയ മെയ് 29 മുതല്‍ ജില്ലയില്‍ ഇതുവരെ 428.23 മില്ലി ലിറ്റര്‍ മഴയാണ് ലഭിച്ചത്. ജൂണ്‍ 14 ന് മാത്രം 141.03 മില്ലിമീറ്റര്‍ മഴ പെയ്തു. 15 ന്  22.053 മില്ലിമീറ്റര്‍ മഴയും പെയ്തു. ഏറനാട് താലൂക്കിലെ മൂന്ന് വില്ലേജുകളിലാണ് ഉരുള്‍ പൊട്ടലുണ്ടായത്. തക്ക സമയത്ത് ഇടപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദുരന്ത നിവാരണ വകുപ്പിന് കഴിഞ്ഞു.
 പെരകമണ്ണ വില്ലേജിലെ ചാത്തല്ലൂര്‍, ഊരങ്ങാട്ടിരിയിലെ വള്ളിപ്പാലം , വെറ്റിലപ്പാറയിലെ കൂരംകല്ല് എന്നിവടങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഇതിന്റെ ഭാഗമായി അടിയന്തരമായി നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു. എല്ലാവര്‍ക്കും സൗജന്യമായി ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തു. ആകെ 30 കുടുംബങ്ങളിലായി 132 പേരാണ് ക്യാമ്പുകളില്‍ തങ്ങിയത്. ജി.എല്‍.പി.എസ് പെരുമ്പത്തൂര്‍, ചാത്തല്ലൂര്‍ ബദല്‍ സ്‌കൂള്‍,മഞ്ചേരി വില്ലേജ് ഓഫിസ് ബില്‍ഡിംഗ്, പുള്ളിപ്പാടം വില്ലേജ് കമ്മ്യൂണിറ്റി ഹാള്‍ എന്നിവടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചത്. ഇതില്‍ പുള്ളിപ്പാടം ക്യാമ്പ് ഇപ്പോഴും തുടരുന്നുണ്ട്.

കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ നാല് പേര്‍ മരിച്ചു. താനൂരില്‍ നിന്ന് കടലില്‍ മീന്‍പിടിക്കാന്‍ പോയ ഹംസ, കരിമ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട നിസാമുദ്ദീന്‍, പുല്‍പ്പറ്റയില്‍ കുളത്തില്‍മുങ്ങി മരിച്ച അബ്ദുല്‍ മുനീര്‍, കുതിരപ്പുഴയില്‍ മുങ്ങിമരിച്ച അബ്ദുറഹിമാന്‍ എന്നിവരാണ് ദുരന്തത്തിനിരയായത്. ഇതില്‍ കടലില്‍ മീന്‍പിടിക്കാന്‍ പോയ ഹംസ, കരിമ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട നിസാമുദ്ദീന്‍, എന്നിവരുടെ മ്യതശരീരം കിട്ടാന്‍ ദിവസങ്ങള്‍ തന്നെ എടുത്തു. തെരച്ചിലിനായി നാവിക സേനയുടെ സഹായം തേടേണ്ടിവന്നു. ഇതിനു പുറമെ ദേശീയ ദുരന്ത നിവാരണ സേനയുടെ 48 അംഗ സംഘവും ജില്ലയിലെത്തിയിരുന്നു.  
 മഴ ശമിച്ചങ്കിലും ജാഗ്രതയോടെ നില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് അടിയന്തിര സഹായത്തിനായി ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പറില്‍ വിളിക്കാം - 1077

 

date