ആസാദി കാ അമൃത് മഹോത്സവ്': സ്വാതന്ത്ര്യ സമര സേനാനികളെ ആദരിച്ചു
ദേശീയ ദുരന്തനിവാരണ സേനയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം 'ആസാദി കാ അമൃത മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനികളായ കണ്ണന്‍ കുറ്റിയന്‍, ഗോപാലന്‍ നമ്പ്യാര്‍ എന്നിവരെ ആദരിച്ചു.
ഇരുവരുടെയും വസതിയില്‍ നടന്ന പരിപാടി എം വിജിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തില്‍ ജീവിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിനായി പോരാടിയവരെ ആദരിക്കുക ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്ന് എം എല്‍ എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. ദുരന്തനിവാരണ സേനയുടെ ഉപഹാരം അരക്കോണം സീനിയര്‍ കമാണ്ടന്റ് രേഖ നമ്പ്യാര്‍ സമ്മാനിച്ചു.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ രതി, പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, അഡീഷണല്‍ എസ് പി പ്രിന്‍സ് എബ്രഹാം, കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്ര ബോസ് , തളിപ്പറമ്പ് തഹസില്‍ദാര്‍ പി കെ ഭാസ്‌കരന്‍, ദുരന്ത നിവാരണ സേനയെ പ്രതിനിധീകരിച്ച് ഇന്‍സ്പെക്ടര്‍ ജഗന്നാഥന്‍, വൈശാഖ് കെ ദാസ്, ബി നരേഷ് എന്നിവരും മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75 മത് വാര്‍ഷിക വേളയില്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളാണ് രാജ്യത്താകമാനം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ജില്ലയിലെ സ്വാതന്ത്ര്യ സമരസേനാനികളെ ആദരിച്ചത്.
ജില്ലയിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികളാണ് കണ്ണപുരത്തെ കണ്ണന്‍ കുറ്റിയന്‍, അതുപോലെ തളിപ്പറമ്പ് പട്ടുവത്തെ ഗോപാലന്‍ നമ്പ്യാര്‍ എന്നിവര്‍. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇരുവരും അടുത്ത കാലത്ത് വരെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു.
- Log in to post comments