Skip to main content

നമ്മുടേത് സമ്പന്നമായ വായന സംസ്‌കാരം :  ജില്ലാ കളക്ടര്‍ ടി.വി. അനുപമ

 കേരളത്തിന്റേത് സമ്പന്നമായ വായനാ സംസ്‌കാരമാണെന്നും ഇത് വരുംതലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും ജില്ലാ കളക്ടര്‍ ടി.വി. അനുപമ. ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പ്, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍,  വിദ്യാഭ്യാസവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ മിഷന്‍, സാക്ഷരതാമിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ നടത്തിയ ജില്ലാതല വായനാപക്ഷാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. 
    1950-60 കാലഘട്ടങ്ങളില്‍ തന്നെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മികച്ചൊരു വായനാസംസ്‌കാരം നിലനിന്നിരുന്നു. വായനയിലൂടെ നമുക്ക് കൈവന്നത് ആശയങ്ങളെ മികച്ച രീതിയില്‍ ഉള്‍ക്കൊള്ളാനുള്ള കഴിവാണ്. ഇതിന്റെ ഭാഗമായി സമ്പൂര്‍ണ സാക്ഷരതയിലേക്ക് കേരളത്തിനെത്താനായി. എഴുപതു വര്‍ഷങ്ങള്‍ക്കിപ്പുറത്ത് സമൂഹം വായനയെ എത്രത്തോളം ആഗിരണം ചെയ്തുവെന്നത് പ്രസക്തമാണ്. വായന മരിക്കുന്നുവെന്നു പറയുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം അതിനെ നിറഞ്ഞമനസ്സോടെ സ്വീകരിക്കുന്നുവെന്നത് ഏറെ ആശാവഹമാണ്. ജനകീയവും ജനാധിപത്യപരവുമായ പ്രവര്‍ത്തനത്തിന് വായന ഉപകരിച്ചുവെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് ജോണ്‍ പോള്‍ വായനാദിന സന്ദേശം നല്‍കി.  കേരളസ്റ്റേറ്റ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗമായ ടി.കെ.വാസു പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേരളസ്റ്റേറ്റ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം സുനില്‍ ലാലൂര്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. ആര്‍ മല്ലിക, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ്‌കുമാര്‍, സാക്ഷരത മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കൊച്ചുറാണി മാത്യു, പഞ്ചായത്ത് വകുപ്പ് സീനിയര്‍ സൂപ്രണ്ട് വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍. ഹരി സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.ആര്‍. സന്തോഷ് നന്ദിയും പറഞ്ഞു. യോഗത്തില്‍ ജില്ലയിലെ മികച്ച 6 ഗ്രന്ഥശാല പ്രവര്‍ത്തകരെ ആദരിച്ചു. മികച്ച ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ട എടത്തിരിത്തി ഗ്രാമപഞ്ചായത്ത് ലൈബ്രറിയിലെ ടി.എ.ശങ്കരന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. രാധാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിച്ചു. ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലെ പൂങ്കുന്നം ജിഎച്ച്എച്ച്എസ്, എറിയാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വലപ്പാട് ജിവിഎച്ച്എസ് എന്നിവയ്ക്കും പുത്തന്‍ചിറ പുത്തന്‍ബസാറിലെ തുടര്‍വിദ്യാകേന്ദ്രത്തിനും പുസ്തക കിറ്റുകള്‍ നല്‍കി.
    ജില്ലയിലെ 12 സബ്ജില്ലകളിലെ സ്‌കൂളുകളിലും വായനാപക്ഷാചരണത്തിനു തുടക്കമായി. വിവിധ വായനശാലകളില്‍ വനിതകള്‍ക്കു വേണ്ടി വായനാമത്സരം സംഘടിപ്പിച്ചു. പഞ്ചായത്തു ലൈബ്രറികളില്‍ പി.എന്‍.പണിക്കര്‍ അനുസ്മരണം സംഘടിപ്പിച്ചു. ഇന്ന് (ജൂണ്‍ 20)ജില്ലയിലെ യു പി സ്‌കൂളുകളിലെ 82 കേന്ദ്രങ്ങളില്‍ വായനാപക്ഷാചരണത്തിന്റെ ഭാഗമായി എഴുത്തുപ്പെട്ടി സ്ഥാപിക്കും.  
 
 

date