Skip to main content

നൈപുണി പരിശീലനോദ്ഘാടനവും മൊബിലൈസേഷന്‍ ക്യാമ്പും

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയില്‍ നടപ്പിലാക്കുന്ന  സൗജന്യ അക്കൗണ്ട് അസിസ്റ്റന്റ് യുസിംഗ് ടാലി പരിശീലനത്തിന്റെ ഉദ്ഘാടനവും വിവിധ കോഴ്‌സുകളിലേക്കുള്ള മൊബിലൈസേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണ മനഴി ബസ്റ്റാന്റ് പരിശീലന കേന്ദ്രത്തില്‍ വെച്ച് നടന്ന പരിപാടി മുനിസിപ്പല്‍ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം പരിശീലന കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു .വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കിഴിശ്ശേരി മുസ്തഫ അധ്യക്ഷത വഹിച്ചു.

നഗര സഭയിലെ തൊഴില്‍ രഹിതരായ യുവതീ  യുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനത്തിലൂടെ സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗം ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കുമെന്നും സ്വയം തൊഴില്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ബാങ്ക് വായ്പ ലഭ്യമാക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
 സി.പി രമേശ് ബാബു (എന്‍.ടി.ടി.എഫ് ) , പി.പി ശ്രീരാഗ് ( ജെ.എസ് എസ് ) , ഷിറിന്‍ വര്‍ഗീസ് ( എച്ച്.എല്‍.എഫ്.പി.പി.ടി ), സി.പി ലത്തീഫ് ( സി.ഇ.ഇ.ജി) , എം അനസ് ( കൈറ്റ്‌സ്), പി മുബാരിഷ് (മഅദിന്‍),  ഡോ.പ്രമോദ് (ജീവനീയം ) , വി.പി കമല്‍ (എച്ച്.എല്‍.എല്‍ മാനേജ്‌മെന്റ് അക്കാദമി ) എന്നിവര്‍ വിവിധ കോഴ്‌സുകളെപ്പറ്റി ഉദ്യോഗാര്‍ത്ഥികളുമായി സംവദിച്ചു.
 പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് (എന്‍.സി.വി.ടി), നാഷണല്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍.എസ്.ഡി.സി ), സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുകള്‍ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള ഏജന്‍സികള്‍ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പരിശീലനാര്‍ത്ഥികള്‍ക്ക് യാത്രാബത്തയും, താമസിച്ചുള്ള പരിശീലനങ്ങള്‍ക്ക് ഭക്ഷണവും, താമസ സൗകര്യവും ഉണ്ടായിരിക്കും.
മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.സുന്ദരന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.പ്രേമലത, സിറ്റി പ്രൊജക്ട് ഓഫീസര്‍ ടി കുഞ്ഞിമുഹമ്മദ്, മെമ്പര്‍ സെക്രട്ടറി പി.രാജീവ്, സിറ്റി മിഷന്‍ മാനേജര്‍ സുബൈറുല്‍ അവാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

date