Skip to main content

വെട്ടം പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ഖര-മാലിന്യമുക്ത പദ്ധതി. 25000 ഫലവൃക്ഷതൈകളും നട്ടുപിടിപ്പിക്കും

 

'ശുചിത്വ പച്ചപ്പിലേക്ക്' എന്ന ആശയവുമായി വെട്ടം പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ഖര- ജൈവ മാലിന്യമുക്ത പദ്ധതി നടപ്പാക്കുന്നു. 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 28.5 ലക്ഷം രൂപ ചെലവഴിച്ചാണ് മാലിന്യമുക്ത പദ്ധതി നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി മെഹറുന്നീസ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി  ജൂണ്‍ 20 മുതല്‍ ജൂലൈ 16 വരെയുള്ള ദിവസങ്ങളിലായി വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളെ ബോധവത്ക്കരിക്കാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം.
 
ജൂണ്‍ 20ന് രാവിലെ 10ന് പരിയാപുരത്തെ മദ്രസാ ഹാളില്‍ ശുചിത്വ കണ്‍വെന്‍ഷന്‍ ചേരും. 21ന് രാവിലെ 11ന് വെട്ടം തീക്കുംപടി ലിഖാഉല്‍ ഇസ്ലാം മദ്രസയില്‍ വ്യാപാരി പ്രതിനിധികളുടെ യോഗം നടത്തും. 22 മുതല്‍ 26 വരെ വാര്‍ഡ് തല കണ്‍വെന്‍ഷന്‍, ജൂണ്‍ 27 മുതല്‍ 28 വരെ റോഡുകളും കുളങ്ങളും ശുചീകരിക്കും. മാലിന്യശേഖരണവും നടത്തും. ജൂണ്‍ 30ന് വ്യാപാര ഹര്‍ത്താല്‍ ആചരിക്കും. ജൂലൈ രണ്ടിന് ഘടക സ്ഥാപനങ്ങളില്‍ ശുചീകരണം, മാലിന്യ ശേഖരണം എന്നിവ നടത്തും. ജൂലൈ മൂന്നിന് സ്‌കൂളുകളിലാണ് മാലിന്യശേഖരണം. ജൂലൈ മൂന്നിന് പറവണ്ണയില്‍ ബോധവത്ക്കരണ പാട്ടുവണ്ടി ഫ്ളാഗ് ഓഫ് ചെയ്യും. ജൂലൈ നാല് മുതല്‍ ആറ് വരെ പാട്ടുവണ്ടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. ജൂലൈ നാല് മുതല്‍ ആറ് വരെയാണ് ഗൃഹസന്ദര്‍ശനം. ജൂലൈ ആറിന് എട്ട് മുതല്‍ പത്ത് വരെയുള്ള ദിവസങ്ങളില്‍ വീടുകളില്‍ നിന്ന് മാലിന്യം ശേഖരിച്ച് മുന്‍നിശ്ചയിച്ച കേന്ദ്രങ്ങളിലെത്തിക്കും. ശേഖരിച്ച മാലിന്യം ജൂലൈ 10 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ കയറ്റിഅയക്കും. 16ന് സമ്പൂര്‍ണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കും. ശുചിത്വ മിഷന് കീഴിലെ എക്കോ ഗ്രീന്‍ ഏജന്‍സിയാണ് മാലിന്യങ്ങള്‍ ശേഖരിച്ച് കൊണ്ടുപോകുക.

പഞ്ചായത്തിനെ പച്ചപ്പിലേക്ക് കൊണ്ടുവരുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികള്‍ ഉത്പാദിപ്പിച്ച 25000 ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും. തരിശായും കൃഷിയിറക്കാതെയും കിടക്കുന്ന പഞ്ചായത്ത് പരിധിയിലെ 120 ഏക്കറില്‍ നെല്‍കൃഷിയിറക്കാനും പദ്ധതിയുണ്ട്. പുഴയില്‍ മാലിന്യം തള്ളുന്നത് തടയാന്‍ പാലങ്ങളോട് ചേര്‍ന്ന് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

 

date