Skip to main content

നാലു ലക്ഷത്തോളം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച്  അതിയന്നൂര്‍  ബ്ലോക്ക് പഞ്ചായത്ത്

 

അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം  3,81,640 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു.  പതിനായിരത്തോളം കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചത് കോട്ടുകാല്‍ ഗ്രാമപഞ്ചായത്താണ്.  1,14,884 തൊഴില്‍ ദിനങ്ങളാണ് കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് സൃഷ്ടിച്ചത്. പട്ടികജാതി വിഭാഗത്തില്‍പെട്ട 1,721 പേര്‍ക്ക് വിവിധതരം തൊഴില്‍ നല്‍കാനും കഴിഞ്ഞു.  

 500 ഫാംപോണ്ടുകള്‍, ഓടകള്‍, പാത കോണ്‍ക്രീറ്റിങ്, പാര്‍ശ്വഭിത്തി നിര്‍മാണം, അങ്കണവാടി കെട്ടിടങ്ങള്‍, പശുതൊഴുത്തുകള്‍, ആട്ടിന്‍കൂടുകള്‍, കോഴിക്കൂട്, കിണര്‍ നിര്‍മാണം, കക്കൂസ് നിര്‍മാണം, വനവത്കരണം, ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കല്‍, ബണ്ട് നിര്‍മിച്ച് കയര്‍ ഭൂവസ്ത്രം സ്ഥാപിക്കല്‍ തുടങ്ങിയവയാണ് ഇനി നടപ്പാക്കാനുദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍.   അഗ്രിക്കള്‍ച്ചര്‍ നഴ്‌സറികളില്‍ വൃക്ഷതൈകള്‍ ഉല്‍പ്പാദിപ്പിക്കുക, ജല സംരക്ഷണ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുക, കൃഷി വകുപ്പ്,കെപ്‌കോ, മൃഗ സംരക്ഷണ വകുപ്പ്, ഐ.സി.ഡി.എസ് എന്നിവയുമായി സംയോജിച്ചുള്ള പ്രവര്‍ത്തനങ്ങളും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുമെന്ന് ജോയിന്റ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ സുശീല എ.എം. പറഞ്ഞു.  
(പി.ആര്‍.പി 1709/2018)

date