Skip to main content

പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന: ജില്ലയിലെ ആദ്യ ഗഡു കല്ല്യാശ്ശേരി ബ്ലോക്കില്‍ വിതരണം ചെയ്തു

പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പദ്ധതിയുടെ ആവാസ് പ്ലസ് പട്ടികയില്‍ നിന്നും വീടു നല്‍കുന്നതിന്റെ ഉദ്ഘാടനവും ആദ്യ ഗഡു വിതരണവും കെ വി സുമേഷ് എംഎല്‍എ നിര്‍വഹിച്ചു. ചെറുകുന്ന് പഞ്ചായത്തിലെ കെ ഷിനിക്ക് 48000 രൂപയുടെ ചെക്ക് എം എല്‍ എ കൈമാറി. ജില്ലയില്‍ ഈ വര്‍ഷത്തെ ആദ്യ ഗഡുവാണ് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ നല്‍കിയത്.
ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ റ്റൈനി സൂസന്‍ ജോണ്‍ പദ്ധതി വിശദീകരിച്ചു. കേന്ദ്ര വിഹിതത്തിന് പുറമെ ത്രിതല പഞ്ചായത്തുകളുടെ വിഹിതവും ചേര്‍ത്ത് നാല് ലക്ഷം രൂപയാണ് ഗുണഭോക്താവിന് ലഭിക്കുന്നത്. ആവാസ് പ്ലസ് ലിസ്റ്റില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കള്‍ക്കാണ് ധനസഹായം നല്‍കുന്നത്. ചെറുകുന്ന്, ചെറുതാഴം, ഏഴോം, കല്യാശ്ശേരി, കണ്ണപുരം, മാടായി, മാട്ടൂല്‍,നാറാത്ത് പഞ്ചായത്തുകളില്‍ നിന്നായി 27 ഗുണഭോക്താക്കളെ പദ്ധതിക്കായി തെരഞ്ഞെടുത്തു. എസ് സി വിഭാഗത്തില്‍ 15 പേരും ജനറല്‍ വിഭാഗത്തില്‍ എട്ട് പേരും, മൈനോറിറ്റി വിഭാഗത്തില്‍ നാല് പേരുമാണ് ഗുണഭോക്താക്കള്‍. ഇതില്‍ 24 പേരുടെയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഗുണഭോക്താക്കളുടെ തുക നല്‍കുന്നതിനുള്ള നടപടിയും പൂര്‍ത്തിയായി. മറ്റ് ഗുണഭോക്താക്കളുടെ തുക വിതരണത്തിനുള്ള നടപടികള്‍ നടന്നുവരികയാണ്.

ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്് പി പി ഷാജിര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഡി വിമല, ജില്ലാ പഞ്ചായത്തംഗങ്ങളായ സി പി ഷിജു, എസ് കെ ആബിദ ടീച്ചര്‍, കെ ടി തമ്പാന്‍ മാസ്റ്റര്‍, കെ താഹിറ, ബ്ലോക്ക് വികസ സമിതി അധ്യക്ഷരായ എ വി രവീന്ദ്രന്‍, പ്രേമ സുരേന്ദ്രന്‍, സി പി മുഹമ്മദ് റഫീഖ്, സെക്രട്ടറി എസ് ഫൈസല്‍, ജോയിന്റ് ബിഡിഒ കെ സി ശശിധരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date