കണ്ണൂര്‍ അറിയിപ്പുകള് 25-11-2021
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ നവംബര്‍ 27 ശനിയാഴ്ച മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഞ്ഞ അലര്‍ട്ട്
കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ നവംബര്‍ 28, 29 തീയതികളില്‍ കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
വിവരശേഖരണം
ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. ഐ ടി ഐയില്‍ നിന്നും 2017 മുതല്‍ വിവിധ ട്രേഡുകളില്‍ പരിശീലനം നേടി പാസ്സായവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. കേരളത്തിനകത്തും പുറത്തുമുളള കമ്പനികളിലേക്ക് ജോലി സന്നദ്ധരായവരുടെ ബയോഡാറ്റ, ഐ ടി ഐ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ itikyrplacement@gmail.com ല്‍ നവംബര്‍ 30ന് മുമ്പായി അയക്കണം. ഫോണ്‍: 0467 2230980.
ബി ടെക് സ്പോട്ട് പ്രവേശനം
കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ ഈ അധ്യയന വര്‍ഷം ബി ടെക് ഒന്നാം വര്‍ഷ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് പ്രവേശനം നവംബര്‍ 29ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും. കീം 2021 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ അസ്സല് രേഖകള്‍, പകര്‍പ്പുകള്‍ സഹിതം അന്നേ ദിവസം രാവിലെ 11 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gcek.ac.in സന്ദര്‍ശിക്കുക. അഡ്മിഷന് ലഭിക്കുകയാണെങ്കില്‍ അന്ന് തന്നെ മുഴുവന്‍ ഫീസും അടച്ച് പ്രവേശനം നേടാന്‍ സന്നദ്ധമായിരിക്കണം. ഫോണ്‍: 0497 2780226.
ഇ-ശ്രാം രജിസ്റ്റര്‍ ചെയ്യണം
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ 59 വയസ്സ് വരെ പ്രായമുള്ള എല്ലാ അംഗങ്ങളും ഇ-ശ്രാം (register.eshram.gov.in) പോര്‍ട്ടലില്‍ ഡിസംബര്‍ 15നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ആധാര്‍, ബാങ്ക് പാസ് ബുക്ക്, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് വിവരം ഡിസംബര്‍ 31നകം ജില്ലാ ഭാഗ്യക്കുറി ക്ഷേമ നിധി ഓഫീസില്‍ അറിയിക്കണം. ഫോണ്‍: 0497 2701081.
സ്പോട്ട് പ്രവേശനം
തോട്ടട, മട്ടന്നൂര്‍ ഗവ. പോളിടെക്നിക് കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് പ്രവേശനം നവംബര്‍ 29ന് തോട്ടട ഗവ. പോളിടെക്നിക്കില്‍ നടക്കും. പ്രവേശന ഷെഡ്യൂളിനും മറ്റ് വിവരങ്ങള്‍ക്കും www.polyadmission.org സന്ദര്‍ശിക്കുക. ഫോണ്‍: 9048254385, 9495014294, 8129681134.
വനിതാ കമ്മീഷന് മെഗാ അദാലത്ത് ഡിസംബര്‍ 4ന്
കേരളാ വനിതാ കമ്മീഷന് മെഗാ അദാലത്ത് ഡിസംബര്‍ നാലിന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഇന്റേണ്‍ഷിപ്പ്
ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിലെ ആന്തൂര്‍ വ്യവസായ വികസന പ്ലോട്ടിലെ അടിസ്ഥാന സൗകര്യ പ്രശ്ന പഠനത്തിനായി ഇന്റേണ്‍സിനെ നിയമിക്കുന്നു. മൂന്നു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത എം ബി എ ബിരുദം. പ്രായം 25നും 40നും മധ്യേ. കണ്ണൂര്‍ ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. പൂരിപ്പിച്ച അപേക്ഷ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ മൂന്ന് വൈകിട്ട് അഞ്ചു മണിക്കകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. വിലാസം: ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍, സിവില്‍ സ്റ്റേഷന് 670002. ഫോണ്‍: 0497 2700928.
കുടിവെള്ള വിതരണം മുടങ്ങും
മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ കെ എസ് ഇ ബിയുടെ 110 കെ വി സബ് സ്റ്റേഷന്റെ ടവര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി മുടങ്ങുന്നതിനാല്‍ വെളിയമ്പ്ര പഴശ്ശി പദ്ധതിയില്‍ നിന്നുള്ള പമ്പിങ്ങ് തടസ്സപ്പെടും. അതിനാല്‍ കണ്ണൂര്‍ കോര്പറേഷന് പ്രദേശങ്ങളിലും വളപട്ടണം, ചിറക്കല്‍, അഴീക്കോട് എന്നീ പഞ്ചായത്തുകളിലും നവംബര്‍ 26, 27, 28, 29 (വെള്ളി, ശനി, ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ കേരളാ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
നോര്‍ക്ക-റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഒറ്റത്തവണ ധനസഹായം നല്‍കുന്നത്. മൂന്നു ലക്ഷം രൂപ വരെയാണ് ധനസഹായം.
സഹകരണ സംഘങ്ങളുടെ അടച്ചുതീര്‍ത്ത ഓഹരി മൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപയോ ഏതാണോ കുറവ്, ആ തുക ഷെയര്‍ പാരിറ്റിയായും രണ്ടു ലക്ഷം രൂപ പ്രവര്‍ത്തന മൂലധനമായും നല്‍കും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തില്‍ 50 അംഗങ്ങളെങ്കിലും വേണം. രജിസ്ട്രേഷന് കഴിഞ്ഞു രണ്ടു വര്‍ഷം പൂര്‍ത്തിയായിരിക്കണം. എ, ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികള്‍/തിരിച്ചു വന്നവരായിരിക്കണം. ബൈലോയില്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്റെ മുന്‍ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണം.
പൊതുജന താല്പര്യമുളള ഉല്പാദന, സേവന, ഐ ടി, തൊഴില്‍ സംരംഭങ്ങള്‍ (കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, ചെറുകിടവ്യവസായം, മല്‍സ്യമേഖല, മൂല്ല്യവര്‍ധിത ഉല്പന്ന നിര്‍മ്മാണം, സേവന മേഖല, നിര്‍മ്മാണ മേഖല) എന്നിവയിലൂടെ കുറഞ്ഞത് 10 പേര്‍ക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അല്ലെങ്കില്‍ നിലവിലുളള സംരംഭങ്ങള്‍ മേല്‍പ്രകാരം തൊഴില്‍ ലഭ്യമാകത്തക്ക തരത്തില്‍ വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷം രൂപ പ്രവര്‍ത്തന മൂലധനം നല്‍കുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍, സംഘത്തിലെ അംഗങ്ങള്‍ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങള്‍ എന്നിവക്കാണ് ധനസഹായം നല്‍കുക.
അപേക്ഷാ ഫോറം www.norkaroots.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അവശ്യ രേഖകളായ ഭരണസമിതി തീരുമാനം, പദ്ധതി രേഖ, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, താല്‍ക്കാലിക കട ധന പട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 2021 ഡിസംബര്‍ 10 നകം ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക-റൂട്ട്സ്, നോര്‍ക്ക സെന്റര്‍, 3ാം നില, തൈക്കാട്, തിരുവനന്തപുരം-695 014 എന്ന വിലാസത്തില്‍ ലഭിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org സന്ദര്‍ശിക്കുക. 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കോള്‍ സേവനം) എന്നീ ടോള്‍ഫ്രീ നമ്പറുകളില്‍ വിളിക്കുക.
മാലിദീപിലേക്ക് ഫീസീഷ്യന്‍, അനസ്തെറ്റിസ്റ്റ് ഒഴിവുകള്‍
മാലിദ്വീപില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ ഫീസീഷ്യന്‍, അനസ്തെറ്റിസ്റ്റ് ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്സ് വഴി നിയമനം. ഏകദേശം 3.7 ലക്ഷം രൂപക്കും നാലു ലക്ഷം രൂപക്കുമിടയില്‍ അടിസ്ഥാന ശമ്പളം. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org സന്ദര്‍ശിക്കുക. അവസാന തീയതി നവംബര്‍ 28. ടോള്‍ ഫ്രീ നമ്പര്‍ 1800 425 3939.
പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ സൗജന്യ സംരഭകത്വ പരിശീലനം
നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ കൗണ്‍സിലിംഗിനായി രജിസ്റ്റര്‍ ചെയ്ത പുതിയതായി വ്യവസായം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍/ തിരികെ വന്ന പ്രവാസികള്‍ എന്നിവര്‍ക്കായി നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സൗജന്യ പരിശീലന പരിപാടി ഡിസംബര്‍ രണ്ടാം വാരം തിരുവനന്തപുരത്ത് നടക്കും. താല്പര്യമുള്ളവര് 0471 2770534 എന്ന നമ്പറില്‍ അല്ലെങ്കില്‍ nbfc.coordinator@gmail.com ല്‍ ബന്ധപ്പെടുക.
- Log in to post comments