മാക്കൂട്ടം ചെക്ക് പോസ്റ്റിലെ കൊവിഡ് നിയന്ത്രണം: സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം-ജില്ലാ പഞ്ചായത്ത്
വടക്കന്‍ കേരളത്തില്‍ നിന്ന് ബംഗളൂരു, മൈസൂര്‍, മടിക്കേരി, വീരാജ്‌പേട്ട തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നതിന് മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ കുടക് ജില്ലാ ഭരണകൂടം തുടരുന്ന നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ജില്ലാപഞ്ചായത്ത് ഭരണസമിതിയോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ആര്‍ ടി പി സി ആര്‍ ടെസ്റ്റിന്റെ പേരില്‍ അസാധാരണമായ നിയന്ത്രണ നടപടികളാണ് കുടക് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ പ്രമേയം അവതരിപ്പിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്തംഗം തോമസ് വക്കത്താനം എന്നിവര്‍ പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു.
കരിമ്പം ജില്ലാ കൃഷിത്തോട്ടത്തില്‍ ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 25 ലക്ഷം രൂപയും വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ സൗരോര്‍ജ വേലി നിര്‍മ്മിക്കുന്നതിനായി 25 ലക്ഷം രൂപയും വകയിരുത്തി. 41 വിദ്യാലയങ്ങളില്‍ ജില്ലാപഞ്ചായത്ത് ഫര്‍ണിച്ചറുകളുടെ വിതരണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി വി ചന്ദ്രന്‍ വാര്‍ഷിക പദ്ധതി ചെലവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 579 പദ്ധതികളുടെ സൂക്ഷ്മപരിശോധനാ നടപടികള്‍ പൂര്‍ത്തിയായി. പതിനാലാം പഞ്ചവത്സര പദ്ധതികളുടെ മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ ധനകാര്യ റിപ്പോര്‍ട്ടും യു പി ശോഭ വികസനകാര്യ റിപ്പോര്‍ട്ടും അഡ്വ. ടി സരള പൊതുമരാമത്ത് റിപ്പോര്‍ട്ടും വി കെ സുരേഷ്ബാബു ക്ഷേമകാര്യ റിപ്പോര്‍ട്ടും അഡ്വ കെ കെ രത്‌നകുമാരി ആരോഗ്യ വിദ്യാഭ്യാസ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
- Log in to post comments