Skip to main content

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം;  സെമിനാര്‍ സംഘടിപ്പിച്ചു

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ നിയമങ്ങളുമായി ബന്ധപ്പെട്ട് വനിതാ ശിശു വികസന വകുപ്പിന്റെയും വനിതാ സംരക്ഷണ ഓഫീസിന്റെയും നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ചും അതിനെ തടയുന്നതിനെക്കുറിച്ചും അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും ചൂഷണം ചെയ്യപ്പെടാത്ത നല്ല സന്തോഷമുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യാന്‍ സാധിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഓഫീസുകളില്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ പി സുലജ, ഹൃദയാരാം എസ് പി സി ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. കെ അനു, ശാസ്ത്ര എസ് പി സി അഡ്വ. പ്രസന്ന മണികണ്ഠന്‍, തലശ്ശേരി ടി എസ് എസ് പി സി അഡ്വ. കെ ബിന്ദു തുടങ്ങിയവര്‍ ക്ലാസ്സെടുത്തു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംകികാതിക്രമം(തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013, ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം-2005, സ്ത്രീധന നിരോധന നിയമം -1961 എന്നീ വിഷയങ്ങളിലാണ് ക്ലാസ്സെടുത്തത്.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി 'ഓറഞ്ച് ദ വേള്‍ഡ്' ക്യാമ്പയിന്റെ ഭാഗമായി നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ദേനാ ഭരതന്‍ അധ്യക്ഷയായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എം അഞ്ജു, ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജ്, കണ്ണൂര്‍ വനിതാ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി എസ് ലീലാമ്മ, തലശ്ശേരി ഐ സി ഡി എസ് സിഡിപിഒ എ കെ റീനാകുമാരി, വകുപ്പ് മേധാവികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, സര്‍വീസ് സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു

date