Skip to main content

നോ സ്‌കാല്‍പല്‍ വാസക്ടമി പക്ഷാചരണം നാലിന് സമാപിക്കും

കുടുംബാസൂത്രണ മാര്‍ഗങ്ങളില്‍ പുരുഷന്‍മാര്‍ക്ക് സ്വീകരിക്കാവുന്ന നോ സ്‌കാല്‍പല്‍ വാസക്ടമി (എന്‍ എസ് വി) യെപ്പറ്റി പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ആരോഗ്യവകുപ്പ് നടത്തി വരുന്ന നോ സ്‌കാല്‍പല്‍ വാസ്‌ക്ടമി പക്ഷാചരണം ഡിസംബര്‍ നാലിന് സമാപിക്കും. കുടുംബാസൂത്രണത്തില്‍ പുരുഷ പങ്കാളിത്തം ഉറപ്പാക്കാം സന്തുഷ്ട കുടുംബത്തിന് അടിത്തറ പാകാം എന്നതാണ് ഈ വര്‍ഷത്തെ എന്‍ എസ് വി പക്ഷാചരണ സന്ദേശം.  എന്‍ എസ് വി യെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ആശങ്കള്‍ മാറ്റുക, കുടുംബാസൂത്രണ മാര്‍ഗമെന്ന നിലയില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കുക, സന്തുഷ്ട കുടുംബത്തിനായി പുരുഷ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയവയാണ് പക്ഷാചരണത്തിന്റെ ലക്ഷ്യം. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളിലാണ് എന്‍ എസ് വി ക്യാമ്പുകള്‍ നടത്തുക. ഡിസംബര്‍ രണ്ടിന് ജില്ലാ ആശുപത്രി, തളിപ്പറമ്പ് താലൂക്കാശുപത്രി, കൂത്തുപറമ്പ് താലൂക്കാശുപത്രി  എന്നിവിടങ്ങളിലും, മൂന്നിന് പയ്യന്നൂര്‍ താലൂക്ക്് ആശുപത്രിയിലും, നാലിന് തലശ്ശേരി ജനറല്‍ ആശുപത്രിയിലും ക്യാമ്പുകള്‍ നടക്കും .സേവനം ആവശ്യമുള്ളവര്‍ക്ക് തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ സമീപിക്കാം. ആശുപത്രിയില്‍ നേരിട്ടെത്തിയും എന്‍ എസ് വി ചെയ്യാം. സ്ത്രീകളില്‍ നടത്തുന്ന കുടുംബാസൂത്രണ മാര്‍ഗങ്ങളില്‍ അനസ്തീഷ്യ, ശസ്ത്രക്രിയ, അതിനോടനുബന്ധിച്ച് ആശുപത്രിവാസം, കൂടുതല്‍ ദിവസങ്ങള്‍ വിശ്രമം എന്നിവ ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ നോ സ്‌കാല്‍പല്‍ വാസ്‌ക്ടമി ചെയ്യുമ്പോള്‍ ലോക്കല്‍ അനസ്തീഷ്യ മാത്രമാണ് ആവശ്യമായി വരുന്നത്.
 എന്‍ എസ് വിക്ക് ശസ്ത്രക്രിയയോ മുറിവോ തുന്നലോ ആവശ്യമില്ല. വളരെ ലളിതമായി, കുറച്ച് സമയത്തിനുള്ളില്‍ എന്‍എസ്‌വി ചെയ്യാം. ആശുപത്രിവാസം ആവശ്യമില്ല. എന്‍ എസ് വിയെ തുടര്‍ന്ന് ലൈംഗിക ബന്ധത്തിന് തടസവുമുണ്ടാകുന്നില്ല. ഇനിയും കുട്ടികള്‍ വേണ്ട എന്ന് തീരുമാനിക്കുന്ന ദമ്പതികള്‍ക്ക് നോ സ്‌കാല്‍പല്‍ വാസക്ടമി സ്വീകരിക്കാം. വന്ധ്യംകരണം ചെയ്ത ദിവസം കഠിനമായ ജോലി ചെയ്യരുത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷം സാധാരണ ജോലികളില്‍ ഏര്‍പ്പെടാവുന്നതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടാം. ലൈംഗിക രോഗങ്ങള്‍ ഉള്ളവര്‍, മന്തുരോഗം ഉള്ളവര്‍, വൃഷണങ്ങളില്‍ അണുബാധ ഉള്ളവര്‍, മുഴകളോ നീര്‍വീക്കമോ ഉള്ളവര്‍ തുടങ്ങിയവര്‍ നോ സ്‌കാല്‍പല്‍ വാസക്ടമി സ്വീകരിക്കരുത്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു.
 

date