Skip to main content

അരോളി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടോദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു

 

അരോളി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എം എല്‍ എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ -എയ്ഡഡ് മേഖലയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണം വര്‍ധിച്ചത് സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഇടപെടലിന്റെ ഭാഗമായാണെന്ന് മന്ത്രി പറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 28482 കുട്ടികളാണ് ഒന്നാം ക്ലാസ്സില്‍ ഇത്തവണ കൂടുതല്‍ എത്തിയത്. 2016-21 കാലയളവില്‍ വിദ്യാഭ്യാസ രംഗത്ത് നിരവധി പദ്ധതികള്‍ നടപ്പാക്കിയതിന്റെ മാറ്റം കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയില്‍ കാണാന്‍ സാധ്യമാണ്.

അഴീക്കോട് നിയോജക മണ്ഡലത്തിന്റെ പൊതുമരാമത്ത്, ടൂറിസം ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വകുപ്പിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ഓരോ തദ്ദേശ സ്ഥാപനത്തിലും അറിയപ്പെടാതിരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കണ്ടെത്തി ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്ന പദ്ധതി നടപ്പാക്കി വരികയാണ്. ഇത്തരം കേന്ദ്രങ്ങളുടെ ഏറ്റവും വലിയ പട്ടിക നല്‍കിയത് കണ്ണൂര്‍ ജില്ലയാണ്. 2022ല്‍ ആരംഭിക്കുന്ന പദ്ധതിയില്‍ വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ 500 പുതിയ കേന്ദ്രങ്ങള്‍ ഉയര്‍ത്തി കൊണ്ടു വരാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ഹയര്‍സെക്കണ്ടറി കെട്ടിടം നിര്‍മ്മിച്ചത്.

കഴിഞ്ഞ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കുള്ള ഉപഹാരം മന്ത്രി വിതരണം ചെയ്തു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ക്കും എന്‍ എം എം സ്‌കോളര്‍ഷിപ്പ് നേടിയവര്‍ക്കുമുള്ള അനുമോദനവും നടന്നു.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി ഇ പി ജയരാജന്‍ വിശിഷ്ടാതിഥിയായി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി വി അജിത, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രദീപന്‍, സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന പോള, അംഗം സി എച്ച് അബ്ദുള്‍ സലാം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍, ഡി ഡി ഇ മനോജ് മണിയൂര്‍, ആര്‍ഡിഡി പി വി പ്രസീത, ഡി ഇ ഒ വാഹിദ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ വി സുരേന്ദ്രന്‍, പ്രധാനാധ്യാപിക എ സി സുജിത, പൊതുമരാമത്ത് കെട്ടിട വിഭാഗം തലശ്ശേരി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ജിഷാ കുമാരി, രാഷ്ട്രീയ സാമൂഹിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date