Skip to main content

ആടിയും പാടിയും ആഘോഷമാക്കി ഉണര്‍വ്വ് 2021 ലോക ഭിന്നശേഷി ദിനം ആചരിച്ചു

സമ്മാനം വാങ്ങി വേദിയില്‍ നിന്നിറങ്ങിയപ്പോഴാണ് ആര്യ പ്രകാശിനെ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ തിരിച്ചു വിളിച്ചത്. കവിതാലാപന മത്സരത്തില്‍ സമ്മാനം നേടിയ മിടുക്കിയുടെ പാട്ട് കേള്‍ക്കാന്‍ എം എല്‍ എ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ആര്യ പ്രകാശ് മറ്റൊന്നും ആലോചിച്ചില്ല. മുരുകന്‍ കാട്ടാക്കടയുടെ പ്രസിദ്ധമായ കവിത രേണുക ശ്രുതി മധുരവും പ്രൗഢവുമായി ആര്യ ആലപിച്ചു. ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ...എന്ന വരിയോടെ ആലാപനം അവസാനിപ്പിച്ചപ്പോള്‍ അതുവരെ നിശബ്ദമായിരുന്ന വേദിയും സദസ്സും കയ്യടികള്‍ കൊണ്ട് നിറഞ്ഞു.

 

ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിച്ച ഉണര്‍വ്വ് 2021 പരിപാടിയിലാണ് ആര്യ പ്രകാശ് മധുരാലാപനത്തിലൂടെ ഏവരുടെയും മനംകവര്‍ന്നത്. ആര്യ മാത്രമല്ല എത്തിച്ചേര്‍ന്ന മുഴുവന്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആടിയും പാടിയും ലോക ഭിന്നശേഷി ദിനാചരണം ആഘോഷമാക്കി. എല്ലാവരും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, എല്ലാവര്‍ക്കും പ്രാപ്യമായ സുസ്ഥിരമായ കൊവിഡാനന്തര ലോകത്തിനായി ഭിന്നശേഷിയുള്ളവരുടെ നേതൃത്വവും പങ്കാളിത്തവും എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.

 

പോലീസ് സഭാ ഹാളില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. സാങ്കേതിക ഭൗതിക സൗകര്യങ്ങളെക്കാളുപരി സമൂഹത്തിന്റെ സ്‌നേഹ സമ്പന്നമായ സമീപനമാണ് ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമെന്ന് എം എല്‍ എ പറഞ്ഞു. എല്ലാ ഓഫീസുകളും ഭിന്നശേഷി സൗഹൃദമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബഹുമുഖങ്ങളായ പരിപാടികള്‍ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി നടപ്പാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

 

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന 'ഉണര്‍വ്വ് 2021' ഓണ്‍ലൈന്‍ മത്സരങ്ങളുടെ സമ്മാന വിതരണവും രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ നിര്‍വഹിച്ചു. ഗാനാലാപനം, നൃത്തം, ചിത്രരചന, ഷോര്‍ട്ട് ഫിലിം എന്നീ മത്സരങ്ങള്‍ക്കുള്ള ക്യാഷ് പ്രൈസ്, സര്‍ട്ടിഫിക്കറ്റ്, ട്രോഫി എന്നിവയാണ് നല്‍കിയത്. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ്ബാബു, കോര്‍പറേഷന്‍ കൗണ്‍സിലര്‍ സുരേഷ് ബാബു എളയാവൂര്‍, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എം അഞ്ജു മോഹന്‍, സാമൂഹ്യ നീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി കെ നാസര്‍, വിവിധ ഭിന്നശേഷി ക്ഷേമ സംഘടന പ്രതിനിധികള്‍, രക്ഷിതാക്കള്‍, ബഡ്സ് സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date