കണ്ണൂര്‍ അറിയിപ്പുകള്‍ 18-12-2021
ദേശീയ ഉപഭോക്തൃ ദിനാചരണം: സെമിനാര്‍ 24 ന്
ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 24 ന് ജില്ലാ സെമിനാര്‍ സംഘടിപ്പിക്കുന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മണിക്ക് രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡണ്ട് രവിസുഷ, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എം രാജീവ് എന്നിവര്‍ ക്ലാസെടുക്കും.
ഐ വി ദാസ് പുരസ്‌കാരം പന്തളം കേരളവര്‍മ്മ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്
കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഐ വി ദാസ് പുരസ്‌കാരത്തിന് പന്തളം കേരളവര്‍മ്മ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം അര്‍ഹരായി. സംസ്ഥാനത്തെ 50 വര്‍ഷം പിന്നിട്ട മികച്ച പ്രവര്‍ത്തനം സംഘടിപ്പിക്കുന്ന ഗ്രന്ഥാലയത്തിനാണ് ഐ വി ദാസ് പുരസ്‌കാരം നല്‍കുന്നത്.
മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിന് വള്ളവും എഞ്ചിനും പരിശോധന
സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കാന്‍ വള്ളവും എഞ്ചിനും പരിശോധിക്കുന്നു. ഫീഷറീസ്, മത്സ്യഫെഡ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ സംയുക്തമായി ജനുവരി ഒമ്പതിന് തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് പരിശോധന നടത്തുക. മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന വള്ളവും എഞ്ചിനും യഥാര്‍ഥ രേഖകള്‍ സഹിതം പരിശോധനക്ക് ഹാജരാക്കണം.
10 വര്‍ഷം വരെ പഴക്കമുള്ള എഞ്ചിനുകള്‍ മാത്രമേ പരിശോധനക്ക് വിധേയമാക്കേണ്ടൂ. പരിശോധനക്കായി അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ജനുവരി രണ്ടിനകം നല്‍കണം. അപേക്ഷ ഫോറം മത്സ്യഭവന്‍ ഓഫീസുകളില്‍ സൗജന്യമായി ലഭിക്കും. അപേക്ഷ വള്ളം/എഞ്ചിന്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ്, ടി ആര്‍ 5 രസീത്, നിലവിലുള്ള പെര്‍മിറ്റിന്റെ പകര്‍പ്പ്, പുതിയ എഞ്ചിനാണെങ്കില്‍ അതിന്റെ ഇന്‍വോയ്‌സ്/ബില്ല്, റേഷന്‍ കാര്‍ഡ്, ക്ഷേമനിധി ബോര്‍ഡിന്റെ പാസ്ബുക്ക്, എഫ് ഐ എം എസ് രജിസ്‌ട്രേഷന്‍, ആധാര്‍/ബയോമെട്രിക്ക് കാര്‍ഡ് എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പുകള്‍ സഹിതം അതത് പ്രദേശത്തെ മത്സ്യഭവനില്‍ എത്തിക്കണം. ഓരോ എഞ്ചിനും പ്രത്യേകം അപേക്ഷ നല്‍കണം.
ദേശീയ യുവജനോത്സവം: പ്രബന്ധ രചനാ മത്സരം
ജനുവരി 12 മുതല്‍ 16 വരെ പുതുച്ചേരിയില്‍ നടക്കുന്ന ഇരുപത്തിയഞ്ചാമത് ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ 15-29 പ്രായമുള്ളവര്‍ക്ക് പ്രബന്ധ രചനാ മത്സരം നടത്തുന്നു. 2047ല്‍ എന്റെ സ്വപ്നത്തിലെ ഭാരതം, ആസാദി കാ അമൃത് മഹോത്സവം: ശ്രദ്ധിക്കപ്പെടാത്ത സ്വാതന്ത്ര്യ സമര നായകന്മാര്‍ എന്നീ രണ്ട് വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ 300 വാക്കില്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ പ്രബന്ധം ഡിസംബര്‍ 22ന് വൈകിട്ട് അഞ്ച് മണിക്കകം dyc.kannur@gmail.com ല്‍ അയക്കണം. രചയിതാവിന്റെ പേര്, ജനന തീയ്യതി, വയസ്, ബ്ലോക്ക്, ജില്ല, പൂര്‍ണ്ണ മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ പ്രത്യേക പേപ്പറില്‍ തയ്യാറാക്കി പ്രബന്ധത്തോടൊപ്പം സമര്‍പ്പിക്കണം. തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ ദേശീയ യുവജനോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ സര്‍ട്ടിഫിക്കറ്റും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നെഹ്‌റു യുവകേന്ദ്ര ജില്ലാ ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍: 0497 2700881, 9957192496.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
സൈക്കോ സോഷ്യല്‍ വര്‍ക്കര്‍ ഒഴിവ്
ബാലനീതി നിയമം-2015 പ്രകാരം ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ മാനസിക ആരോഗ്യനില നിര്‍ണയിക്കുന്നതിന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിദഗ്ധ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എം എസ് സി സൈക്കോളജി യും കുട്ടികളുടെ മേഖലയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. എം എസ് ഡബ്ല്യു, എം എ (സോഷേ്യാളജി), അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് സൈക്കോ സോഷ്യല്‍ വര്‍ക്കറുടെ യോഗ്യത.
ഉദേ്യാഗാര്‍ഥികള്‍ അപേക്ഷ, ഫോട്ടോ, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 31 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുനിസിപ്പല്‍ ടൗണ്‍ഹാള്‍ ഷോപ്പിങ്ങ് കോംപ്ലക്‌സ്, രണ്ടാംനില, റൂം നമ്പര്‍ എസ് 6, തലശ്ശേരി 670104 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍:0490 2967199.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
തവന്നൂര്‍ കാര്‍ഷിക എഞ്ചിനീയറിങ്ങ് കോളേജിലെ വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നു. അഭിമുഖം ഡിസംബര്‍ 24ന് രാവിലെ 9.30ന് കോളേജില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in എന്നിവ സന്ദര്‍ശിക്കുക. ഫോണ്‍: 0494 2686214.
- Log in to post comments