ലിംഗഭേദങ്ങളിലെ വൈവിധ്യം : ശില്‍പ്പശാല സംഘടിപ്പിച്ചു
ജില്ലാ ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു. ലിംഗഭേദങ്ങളിലെ വൈവിധ്യം- കേള്‍ക്കേണ്ടതും അറിയേണ്ടതും എന്ന വിഷയത്തില്‍ നടന്ന ശില്‍പശാല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തിന്റെ അസ്ഥിത്വം പൊതു സമൂഹം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നും ലൈംഗിക ന്യൂന പക്ഷങ്ങളെക്കൂടി അംഗീകരിച്ച് അവര്‍ക്ക് മനുഷ്യനെന്ന നിലയിലുള്ള പരിഗണ നല്‍കണമെന്നും ബിനോയ് കുര്യന്‍ പറഞ്ഞു. അത്തരക്കാരുടെ കഴിവുകള്‍ പരിപോഷിപ്പിച്ച് അവരുടേത് കൂടിയാണ് ഈ ലോകം എന്ന് ബോധ്യപ്പെടുത്താന്‍ കഴിയണം. അവര്‍ക്കായി ആരോഗ്യവകുപ്പിന്റെയും തദ്ദേശവകുപ്പുകളുടെയും നേതൃത്വത്തില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും അഡ്വ ബിനോയ് കുര്യന്‍ പറഞ്ഞു.
ജില്ലയിലെ ലൈംഗിക ന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെടുന്ന ക്വീര്‍ വ്യക്തികള്‍ നേരിടേണ്ടിവരുന്ന ശാരീരിക മാനസിക സാമൂഹിക വെല്ലുവിളികള്‍ മനസിലാക്കുന്നതിനും, അവര്‍ക്ക് ആരോഗ്യ മേഖലകളിലെ വിവിധ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുമായി ആരോഗ്യപ്രവര്‍ത്തകരെ സന്നദ്ധരാക്കുന്നതിനാണ് ശില്‍പശാല സംഘടിപ്പിത്. ട്രാന്‍സ്‌ജെന്ററും കേരളീയ സമൂഹവും എന്ന വിഷയത്തില്‍ ക്വീര്‍ ആക്ടിവിസ്റ്റ് ആദി, എല്‍ജിബിടിക്യൂ ആക്ടിവിസ്റ്റ് എമി എന്നിവരും ജെന്റര്‍- മാറേണ്ട കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ എച്ച്ഒഡി ഡോ എ കെ ജയശ്രീ, ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സൈക്യാട്രിസ്റ്റ് ഡോ വാനതി സുബ്രഹ്മണ്യം എന്നിവരും ക്ലാസെടുത്തു. തുടര്‍ന്ന് കുടുംബശ്രീ മിഷന്‍ സോഷ്യല്‍ ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് ടി എം ശ്രീജിത്ത് മോഡറേറ്ററായി ആശയസംവാദവും നടന്നു.
ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ ബി സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ പി കെ അനില്‍ കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് എസിഎച്ച് ഇന്‍ചാര്‍ജ് കെ പി ഗ്ലാഡിസ്, ദേശീയ ആരോഗ്യദൗത്യം ജെസിഡി ആന്റ് സി ബിന്‍സി രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments