ഉപഭോക്തൃ സെമിനാര്‍ സംഘടിപ്പിച്ചു
ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ രാമചന്ദ്രന് കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ വളരെയധികം ചൂഷണം ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അതിനെ നേരിടാനുുള്ള നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് നല്ല അവബോധം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷനായി. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് പ്രസിഡണ്ട് രവിസുഷ ഉപഭോക്താക്കളും നിയമ പരിരക്ഷയും എന്ന വിഷയത്തിലും ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എം രാജീവ് പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം എന്ന വിഷയത്തിലും ക്ലാസെടുത്തു.
ദേശീയ ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ തല മത്സരങ്ങളുടെ സമ്മാനദാനവും നടന്നു. പ്ലസ് ടു തലം വരെയുള്ള സ്കൂള്‍ കുട്ടികള്‍ക്കായി ഉണരൂ ഉപഭോക്താവേ ഉണരൂ എന്ന വിഷയത്തില്‍ ചിത്രരചനാ മത്സരവും കോളേജ് കുട്ടികള്‍ക്കായി ഹരിത ഉപഭോഗം- പ്ലാസ്റ്റിക് മലിനീകരണം എന്ന വിഷയത്തില്‍ ഫോട്ടോഗ്രഫി മത്സരവുമാണ് സംഘടിപ്പിച്ചത്. ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് കെ രാജീവന്, കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എം സുനില്‍കുമാര്‍, ഉപഭോക്തൃ സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments