കണ്ണൂര്‍ അറിയിപ്പുകള്‍ 30-12-2021
വളണ്ടിയർ അപേക്ഷ ക്ഷണിച്ചു
വുമൺ പ്രൊട്ടക്ഷൻ ഓഫീസിൽ ആരംഭിക്കുന്ന 'സ്വസ്ഥം' കുടുംബ പ്രശ്‌ന പരിഹാര കേന്ദ്രത്തിലേക്ക് വളണ്ടിയറാവാൻ താൽപര്യമുള്ള റിട്ട. അധ്യാപിക, വനിതാ സർക്കാർ ഉദ്യോഗസ്ഥർ എന്നിവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ജനുവരി 15നകം വിഡോ ഹെൽപ് ഡെസ്‌ക്, വുമൺ പ്രൊട്ടക്ഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ കോമ്പൗണ്ട്, കണ്ണൂർ എന്ന വിലാസത്തിൽ ബയോഡാറ്റ അയക്കണം. ഫോൺ: 8129469393
ഭരണാനുമതിയായി
ഇരിക്കൂർ എംഎൽഎ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും എട്ടു ലക്ഷം രൂപ വിനിയോഗിച്ച് നടുവിൽ പഞ്ചായത്തിലെ കരുവഞ്ചാൽ പബ്ലിക് ലൈബ്രറിക്ക് പുതിയ കെട്ടിടം നിർമ്മാണം, അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് ആലക്കോട് പഞ്ചായത്തിലെ ഒറ്റത്തൈ ഊളിമട റോഡ് ടാറിംഗ് പ്രവൃത്തി, 2.3 ലക്ഷം വിനിയോഗിച്ച് ചെങ്ങളായി പഞ്ചായത്തിലെ ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയം ആന്റ് വായനശാലയുടെ കെട്ടിട നിർമ്മാണം എന്നീ പ്രവൃത്തികൾക്ക് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.
അഭിമുഖം നാലിന്
ജില്ല പഞ്ചായത്തിന് കീഴിൽ ചട്ടുകപ്പാറയിൽ പ്രവർത്തിക്കുന്ന ജെൻഡർ റിസോഴ്‌സ് സെന്ററിൽ കൗൺസലർ കം കോ-ഓർഡിനേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ അഭിമുഖം നടത്തുന്നു. എംഎസ്ഡബ്ല്യൂ അല്ലെങ്കിൽ എംഎ/എംഎസ്‌സി സൈക്കോളജിയാണ് യോഗ്യത. പ്രായപരിധി 30നും 40 നും മധ്യേ. പ്രദേശവാസികൾക്ക് മുൻഗണന. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, എന്നിവ സഹിതം കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ ജനുവരി നാലിന് രാവിലെ 10 മണിക്ക് ഹാജരാകണം.
റാങ്ക് പട്ടിക റദ്ദായി
ജില്ലയിൽ എക്‌സൈസ് വകുപ്പിൽ ഡ്രൈവർ (എച്ച്ഡിവി-എൻസിഎ-വിശ്വകർമ്മ, കാറ്റഗറി നമ്പർ 153/2016) തസ്തികയുടെ തെരഞ്ഞെടുപ്പിനുള്ള റാങ്ക് പട്ടിക നിയമന ശിപാർശ ചെയ്ത ഉദ്യോഗാർഥി ജോലിയിലിൽ പ്രവേശിച്ചതിനാൽ 2018 സെപ്തംബർ 10 മുതൽ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസർ അറിയിച്ചു.
അഭിമുഖം
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) കാറ്റഗറി മ്പർ 516/2019 തസ്തികയുടെ തെരഞ്ഞെടുപ്പിനായി സെപ്റ്റംബർ ഒന്നിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച മൂന്നാംഘട്ടത്തിൽ ഉൾപ്പെട്ട 160 ഉദ്യോഗാർഥികളുടെ അഭിമുഖം നടത്തുന്നു. ജനുവരി അഞ്ച്, ആറ്, എഴ്, 27, 28, 29 തീയതികളിൽ പിഎസ്‌സി ജില്ലാ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ കമ്മീഷൻ അംഗീകരിച്ച അസ്സൽ തിരിച്ചറിയൽ രേഖ, അസ്സൽ പ്രമാണങ്ങൾ, ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോർമ, ഒടിവി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു.
ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ്; ഇന്റർവ്യൂ 5ന്
ജില്ലയിൽ എൻ സി സി/സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് (സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് -വിമുക്ത ഭടൻമാരായ പട്ടികജാതി/പട്ടികവർഗക്കാർ- കാറ്റഗറി നമ്പർ 260/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി സ്വീകാര്യമായ അപേക്ഷ സമർപ്പിച്ച ഉദേ്യാഗാർഥികൾക്ക് ജനുവരി അഞ്ചിന് പി എസ് സി ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഉദേ്യാഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോർമ എന്നിവ അവരുടെ പ്രൊഫൈലിൽ ലഭിക്കും. ഉദേ്യാഗാർഥികൾ കമ്മീഷൻ അംഗീകരിച്ച അസ്സൽ തിരിച്ചറിയൽ രേഖ, അസ്സൽ പ്രമാണങ്ങൾ, ഡൗൺലോഡ് ചെയ്‌തെടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോർമ, ഒ ടി വി സർട്ടിഫിക്കറ്റ് എന്നിവ സഹിതം കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് രാവിലെ 7.30 ന് പി എസ് സി ജില്ലാ ഓഫീസിൽ നേരിട്ട് ഹാജരാകണം.
കണ്ണൂർ പോസ്റ്റൽ ഡിവിഷൻ: മത്സര വിജയികൾ
ശിശുദിനത്തോടനുബന്ധിച്ച് കണ്ണൂർ പോസ്റ്റൽ ഡിവിഷൻ കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ ഭാഗ്യശ്രീ രാജേഷ്, പുതിയ വീട്, കൊട്ടാരത്തുംപാറ, അഴീക്കോട് ഒന്നാം സ്ഥാനം നേടി. അശ്വത്ത് അജയ്, ജൈത്രം, തായിനേരി, പയ്യന്നൂർ രണ്ടാം സ്ഥാനവും എസ് ആർ ദൈവിക്, പാറയിൽ, പുന്നക്കപ്പാറ, അഴീക്കോട് മൂന്നാം സ്ഥാനവും നേടി.
കത്തെഴുത്ത് മത്സരത്തിൽ സി പി സാൻവിയ, ലളിത നിവാസ്, തിലാന്നൂർ, കാപ്പാട് ഒന്നാം സ്ഥാനം നേടി. കെ കെ മുഹമ്മദ് ആമീൻ, ബൈത്തുൽ ഹംദ്, ഇരിവേരി രണ്ടാം സ്ഥാനവും തന്മയ കാപ്പാടൻ, ശ്രീപാദം, കരിവെള്ളൂർ തെരു മൂന്നാം സ്ഥാനവും നേടി. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ സമ്മാനങ്ങൾ കുട്ടികളുടെ വീട്ടിൽ നേരിട്ട് എത്തിക്കുമെന്ന് പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു.
മത്സ്യത്തൊഴിലാളികളുടെ വളളം, എഞ്ചിൻ പരിശോധന തീയതി മാറ്റി
സംസ്ഥാനത്തെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കാനായി ഫിഷറീസ്, മത്സ്യഫെഡ്, സിവിൽ സപ്ലൈസ് വകുപ്പുകൾ ജനുവരി ഒമ്പതിന് നടത്താനിരുന്ന വളളവും എഞ്ചിനും പരിശോധന ജനുവരി 16 ഞായറാഴ്ചയിലേക്ക് മാറ്റിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. തീരദേശ ജില്ലകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിശോധന. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ജനുവരി എട്ടിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷ സമർപ്പിക്കുമ്പോൾ അസ്സൽരേഖകളും പരിശോധനയ്ക്ക് വിധേയമാക്കണം.
ഗസ്റ്റ് അധ്യാപക നിയമനം
മട്ടന്നൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ 2021-22 അധ്യയന വർഷത്തിൽ ഷീറ്റ് മെറ്റൽ വർക്ക്‌ഷോപ്പിൽ ട്രേഡ്‌സ്മാൻ തസ്തികയിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഷയത്തിൽ ഐ ടി ഐ/ഡിപ്ലോമയാണ് യോഗ്യത. ഉദേ്യാഗാർഥികൾ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, ബയോഡാറ്റ, പാൻകാർഡ് എന്നിവയും സഹിതം ജനുവരി നാലിന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദ വിവരങ്ങൾ www.gptcmattanur.org ൽ ലഭിക്കും.
മരം ലേലം
കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ.വിമൻസ് കോളേജ് ക്യാമ്പസിൽ നിന്നും മുറിച്ചു മാറ്റിയ മരങ്ങൾ ജനുവരി ഏഴിന് രാവിലെ 11 മണിക്ക് ലേലം ചെയ്യുന്നു. ഫോൺ:0497 2746175.
കലക്ടേഴ്സ് അറ്റ് സ്‌കൂൾ; സ്‌കൂളുകളിൽ വീഡിയോ പ്രദർശിപ്പിക്കും
ശുചിത്വമിഷൻ നടപ്പാക്കുന്ന കലക്ടേഴ്സ് അറ്റ് സ്‌കൂൾ മാലിന്യ സംസ്‌കരണ ബോധവത്കരണ പദ്ധതിയുടെ ഭാഗമായി ജനുവരി ഒന്ന് മുതൽ ഏഴ് വരെ സ്‌കൂളുകളിൽ വീഡിയോ പ്രദർശനം നടത്തും. എല്ലാ സർക്കാർ, എയിഡഡ് സ്‌കൂളുകളിലും 'എന്റെ പരിസരങ്ങളിൽ' എന്ന വീഡിയോ പ്രദർശിപ്പിക്കും. സ്‌കൂളുകളിൽ ശുചിത്വ പ്രതിജ്ഞ ചൊല്ലും. ഹരിത കർമ സേനാംഗങ്ങളെ ആദരിക്കും. പെറ്റ് ബോട്ടിൽ, ഹാർഡ് ബോട്ടിൽ, പാൽ കവർ, കടലാസ് എന്നിവയാണ് ശേഖരിക്കുക. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 72 സ്‌കൂളുകൾക്കും, ശുചിത്വമിഷൻ 23 സ്‌കൂളുകൾക്കും നാലു വീതം ശേഖരണ ബിന്നുകളാണ് ആദ്യഘട്ടത്തിൽ പ്ലാസ്റ്റിക് ശേഖരണത്തിനായി നൽകിയത്. 33 പഞ്ചായത്തുകളിൽ പിബിഐജി ഫണ്ടുപയോഗിച്ച് ശേഖരണ ബിന്നുകൾ നൽകിക്കഴിഞ്ഞു. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പദ്ധതി പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ശുചിത്വമിഷൻ. സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് പദ്ധതി സജീവമാക്കാൻ ശുചിത്വമിഷൻ ഒരുങ്ങുന്നത്.
പ്രവാസി ഭദ്രത: സ്വയംതൊഴിൽ വായ്പകൾ
ഇനി കേരള ബാങ്കു വഴിയും
തിരിച്ചെത്തിയ പ്രവാസികൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് നോർക്ക റൂട്ട്സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴിൽ വായ്പ കേരള ബാങ്ക് വഴിയും വിതരണം തുടങ്ങി. കേരള ബാങ്കിന്റെ 769 ശാഖകളിലൂടെ അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭ്യമാവുമെന്ന് നോർക്ക സിഇഒ അറിയിച്ചു. ആരംഭിക്കുന്ന സംരംഭങ്ങളുടെ മാത്രം ഈടിൻ മേലാണ് കേരളാ ബാങ്ക് വായ്പ വിതരണം ചെയ്യുന്നത്. രണ്ടു വർഷം വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടിൽ തിരിച്ചെത്തിയവർക്കാണ് വായ്പയ്ക്ക് അപേക്ഷിക്കാൻ അർഹത. പദ്ധതി തുകയുടെ 25 ശതമാനം, പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്സിഡിയും ആദ്യ നാലു വർഷം മൂന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതകൾ. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത കേരള ബാങ്ക് ശാഖയിലോ നോർക്ക റൂട്ട്സിന്റെ 18004253939 എന്ന ടോൾ ഫ്രീ നമ്പരിലോ ബന്ധപ്പെടുക. കെഎസ്എഫ്ഇ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ വഴി പ്രവാസി ഭദ്രത വായ്പകൾ നൽകുന്നുണ്ട്.
സ്‌കോൾ കേരള: തീയതി നീട്ടി
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്‌കോൾ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെ്ക്കണ്ടറി സ്‌കൂളുകളിൽ നടത്തുന്ന ഡിസിഎ കോഴ്സിന്റെ ഏഴാം ബാച്ച് പ്രവേശന തീയതി നീട്ടി. ജനുവരി ഏഴ് വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ജനുവരി 15 വരെയുമാണ് നീട്ടിയിരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി www.scolekerala.org സന്ദർശിക്കുക.
സ്‌കോൾ കേരള മുഖേന 2021-23 ബാച്ച് ഹയർസെക്കണ്ടറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ജനുവരി 10 വരെ നീട്ടി. ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷ ഫോറവും നിർദ്ദിഷ്ട രേഖകളും ജില്ലാ കേന്ദ്രത്തിൽ നേരിട്ടോ സംസ്ഥാന ഓഫീസിൽ സ്പീഡ്/രജിസ്ട്രേഡ് തപാൽ വഴിയോ എത്തിക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ www.scolekerala.org ലഭിക്കും.
ജില്ലാ സാക്ഷരത സമിതി അഞ്ചിന്
ജില്ലാ സാക്ഷരതാ സമിതിയുടെ യോഗം ജനുവരി അഞ്ചിന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേംബറിൽ ചേരും.
ക്വട്ടേഷൻ
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലേക്ക് ഇലക്ട്രോണിക് സർക്യൂട്ട് ലാബിൽ ഉപഭോഗ വസ്തുക്കൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 31 ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ വാല്വേഷൻ ക്യാമ്പിലേക്ക് ഫാബ്രിക്കേറ്റഡ് ഷെൽഫുകളുടെ നിർമാണ പ്രവർത്തനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി നാലിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
വൈദ്യുതി മുടങ്ങും
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ചരപ്പുറം പോപ്പുലർ, സ്മാർട്ട് ഹോം, പുതിയകോട്ടം, ജ്യോതി പീടിക, പുളുക്കോപാലം, സ്പ്രിംഗ്ഫീൽഡ് വില്ല, കാപ്പാട് സി പി സ്റ്റോർ, കൃഷ്ണപുരം മുക്ക്, താർറോഡ്, നമ്പ്യാണ്ടികാവ് പരിസരം എന്നീ ഭാഗങ്ങളിൽ ഡിസംബർ 31 വെള്ളി രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഏര്യം ടവർ, ഏര്യം ടൗൺ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഡിസംബർ 31 വെള്ളി രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ സബ്‌സ്റ്റേഷൻ ക്വാർട്ടേഴ്‌സ്, കാഞ്ഞിരോട്, മുണ്ടേരി എച്ച് എസ് എസ്, കാഞ്ഞിരോട് ബസാർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഡിസംബർ 31 വെള്ളി രാവിലെ ഒമ്പത് മുതൽ രാവിലെ 11 വരെയും മുണ്ടേരിചിറ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കൽ സെക്ഷനിലെ പനങ്കാവ്, പങ്കാവ് കുളം, നീരൊഴുക്കുംചാൽ, പുതിയതെരു മാർക്കറ്റ്, ഓണപ്പറമ്പ്, അഴീക്കോടൻ മുക്ക് എന്നിവിടങ്ങളിൽ ഡിസംബർ 31 വെള്ളി രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും
- Log in to post comments