Skip to main content

തെരുവുനായ പ്രജനന നിയന്ത്രണം ജനകീയമാക്കാന്‍ സുരക്ഷ 2018: കുടുംബശ്രീ ഏകദിന ശില്‍പ്പശാല നടത്തി

 

കൊച്ചി: തെരുവുനായ പ്രജനന പദ്ധതി കുടുംബശ്രീയിലൂടെ ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്ന വേളയില്‍ എറണാകുളം ജില്ലാമിഷന്റെ നേതൃത്വത്തില്‍ സുരക്ഷ 2018 ഏകദിന ശില്‍പ്പശാല ആലുവ തോട്ടുമുഖത്തുള്ള എന്‍.കെ ഓഡിറ്റോറിയത്തില്‍ നടന്നു. ശില്‍പ്പശാലയുടെ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. തുളസി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.പി. ഗീവര്‍ഗീസ്, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ കെ. ആര്‍. രാഗേഷ്, കെ. വിജയം, ടി.എം. റെജീന എന്നിവര്‍ പ്രസംഗിച്ചു.  

മൃഗസംരക്ഷണ വകുപ്പ് വെറ്റിനറി സര്‍ജന്‍ ആക്ടി ജോര്‍ജ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കുടുംബശ്രീ തെരുവനായ വന്ധ്യകരണ പദ്ധതി ഏറ്റെടുത്ത് ഒരു വര്‍ഷം പൂര്‍ത്തീകരിച്ചപ്പോള്‍ എറണാകുളം ജില്ലയില്‍ 3958 തെരുവുനായ്ക്കളെ കുടുംബശ്രീ സൂക്ഷ്മസംരംഭങ്ങള്‍ മുഖേന വന്ധ്യകരണം നടത്തി. ഏഴായിരം തെരുവുനായ്ക്കളാണ് നിലവില്‍ ജില്ലയില്‍ ഉള്ളതെന്നാണ് കണക്ക്.   റോഡിലേക്ക് വലിച്ചെറിയുന്ന ഭക്ഷണാവിശിഷ്ടങ്ങള്‍ തെരുവു നായകള്‍ക്ക് ആഹാരം സുലഭമായി ലഭിക്കാന്‍ കാരണമാകുന്നു. ഒരോ ആറുമാസം കൂടുമ്പോഴാണ് നായയുടെ പ്രജനനം നടക്കുന്നത്. വന്ധ്യംകരണത്തിലൂടെ നായ്ക്കളുടെ അക്രമണ സ്വഭാവം കുറയുന്നു. തെരുവുനായ പ്രജനന നിയന്ത്രണം ജനകീയമാക്കുകയാണ് സുരക്ഷ 2018 ന്റെ ലക്ഷ്യം. ശില്‍പ്പശാല കൂടാതെ ഫോട്ടോഗ്രാഫി മത്സരവും ചിത്രരചനമത്സരവും സംസ്ഥാനമൊട്ടാകെ നടക്കുന്നു.  കൂടുതല്‍ പഞ്ചായത്തില്‍ പദ്ധതി കുടുംബശ്രീ ഏറ്റെടുത്ത് നടത്താനാണ് തീരുമാനം. 

ജില്ലയിലെ 82 പഞ്ചായത്തുകളില്‍ നിന്നും പ്രസിഡന്റുമാരും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരും കുടുംബശ്രീ ജില്ലാമിഷന്‍ ഉദ്യോഗസ്ഥരും ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരും ശില്‍പ്പശാലയില്‍ പങ്കെടുത്തു. 

 

ക്യാപ്ഷന്‍: കുടുംബശ്രീ എറണാകുളം ജില്ലാമിഷന്റെ നേതൃത്വത്തില്‍ നടന്ന സുരക്ഷ 2018 ഏകദിന ശില്‍പ്പശാല അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

date