കണ്ണൂര്‍ അറിയിപ്പുകള്‍
ഗതാഗത നിയന്ത്രണം
കാവിൻമുനമ്പ്-മുള്ളൂൽ-വെള്ളിക്കീൽ-ഏഴാംമൈൽ-തൃച്ഛംബരം-ബാവുപ്പറമ്പ-കോൾമൊട്ട റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ബാവുപ്പറമ്പ ജങ്ഷൻ മുതൽ കോൾമൊട്ട വരെയുള്ള റോഡിലെ ബസ് സർവീസ് ഒഴികെയുള്ള വാഹന ഗതാഗതം ജനുവരി 31 വരെ നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. കോൾമൊട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നണിച്ചേരിക്കടവ് പാലം കടന്ന് അരിമ്പ്ര-മുല്ലക്കൊടി വഴി പറശ്ശിനിക്കടവ് പാലം റോഡ് വഴി പോകണമെന്ന് കണ്ണൂർ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
സീനിയോറിറ്റി ലിസ്റ്റ്; അപേക്ഷ ക്ഷണിച്ചു
ജില്ലയിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്തുവരുന്ന പാർട്ട് ടൈം ജീവനക്കാരുടെ ജില്ലാതല സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2021 ജനുവരി ഒന്നിനും 2021 ഡിസംബർ 31നും ഇടയിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സ്ഥിരമായി നിയമനം നൽകി നിരീക്ഷണകാലം തൃപ്തികരമായി പൂർത്തീകരിച്ചവരും ഇതുവരെ പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തവരും അപേക്ഷിക്കാൻ അർഹരാണ്. ക്ലാസ് നാല് തസ്തികയിലെ ക്ലാസ് നാല് കാറ്റഗറിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സമ്മതമുള്ള പാർട്ട്‌ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ പട്ടിക, സമ്മതപത്രം സഹിതം വകുപ്പ് ജില്ലാ ഓഫീസർമാർ ജനുവരി 15നകം കലക്ടറേറ്റിൽ സർപ്പിക്കണം. നിശ്ചിത പ്രഫോർമയിലുള്ള റിപ്പോർട്ടും ഇതോടൊപ്പം സമർപ്പിക്കണം. പ്രഫോർമയും മറ്റ് വിശദാംശങ്ങളും കലക്ടറേറ്റിലെ എ4 സെക്ഷനിൽ ലഭിക്കും.
ഭരണാനുമതി ലഭിച്ചു
ഇരിക്കൂർ മുൻ എം എൽ എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും നാല് ലക്ഷം രൂപ വിനിയോഗിച്ച് ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ നിടിയേങ്ങ എ കെ ജി നഗർ കുടിവെള്ള ടാങ്ക് റോഡ് ടാറിങ്ങ് പ്രവൃത്തിക്കും മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ റോഡ് നവീകരണ പ്രവൃത്തിക്കും ജില്ലാ കലക്ടർ ഭരണാനുമതി നൽകി.
അധ്യാപക കോഴ്‌സ് സീറ്റൊഴിവ്
ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി എസ് സി അംഗീകരിച്ച കോഴ്‌സിന് 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്ടൂ ഉള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി എ, എം എ എന്നിവയും പരിഗണിക്കും. പ്രായം 17 നും 35 നും ഇടയിൽ. പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നോക്കക്കാർക്ക് മൂന്ന് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. ഇ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റർഹവിഭാഗത്തിന് ഫീസ് സൗജന്യം ലഭിക്കും. പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ ജനുവരി 28 വരെ അപേക്ഷ അയക്കാം. ഫോൺ: 0473 4296496, 8547126028.
അക്ഷയ ഊർജ്ജ അവാർഡ്: 21 വരെ അപേക്ഷിക്കാം
അക്ഷയ ഊർജ്ജ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡുകൾക്ക് ജനുവരി 21 വരെ അപേക്ഷിക്കാം. പൊതു സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഇതര സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ, യുവ സംരംഭകർ, വാണിജ്യ സംരംഭകർ, ചെറുകിട വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിലുള്ളവർക്കാണ് അവാർഡ്. 2019 ഏപ്രിൽ 1 മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങളാണ് പരിഗണിക്കുക. അപേക്ഷാ ഫോറവും വിശദവിവരങ്ങളും അനെർട്ടിന്റെ www.anert.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. നിശ്ചിത അപേക്ഷകൾ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, അനെർട്ട് , വികാസ് ഭവൻ പി. ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ജനുവരി 21ന് മുമ്പായി ലഭിക്കണം. ടോൾഫ്രീ നമ്പർ: 1800 425 1803
- Log in to post comments