Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 06-01-2021

ഗതാഗതം നിരോധിച്ചു

പുതിയങ്ങാടി-മുട്ടം ജുമാഅത്ത് എച്ച്എസ്എസ്-അംബേദ്കർ കോളനി റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി ഏഴ് മുതൽ 20 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുന്നതാണ്. പഴയങ്ങാടിയിൽ നിന്നും വരുന്ന വാഹനങ്ങൾ പ്രതിഭാ ടാക്കീസ്-വെൽഫെയർ സ്‌കൂൾ വഴി ടിബി-മുട്ടം റോഡിലേക്കും തിരിച്ചും ഏരിപ്രം റോഡ്-ചൂട്ടാട് ബീച്ച് ഭാഗത്തെ വാഹനങ്ങൾ പുതിയങ്ങാടി വഴിയും പോകേണ്ടതാണെന്ന് കണ്ണൂർ പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ആറളം വന്യജീവി സങ്കേതത്തിൽ പ്രവേശനം നിരോധിച്ചു

ആറളം വന്യജീവി സങ്കേതത്തിൽ ചിത്രശലഭ നിരീക്ഷണ ക്യാമ്പ് നടക്കുന്നതിനാൽ ജനുവരി എട്ട്, ഒമ്പത് തീയതികളിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.

അംഗത്വം പുനസ്ഥാപിക്കാം

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് സ്‌കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്ക് അംഗത്വം പുനസ്ഥാപിക്കാൻ അവസരം.  അഞ്ച് വർഷത്തിൽ താഴെ ക്ഷേമനിധി അംശദായം അടക്കാതെ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് പലിശയും  പിഴപലിശയും ഒഴിവാക്കി അംഗത്വം പുനസ്ഥാപിക്കാൻ ജനുവരി മുതൽ മാർച്ച് 31 വരെ ജില്ലാ ഓഫീസിലും വിവിധ തീയതികളിൽ സബ് ഓഫീസുകളിലും അവസരം ഒരുക്കിയതായി ചെയർമാൻ അറിയിച്ചു. പുതിയ രജിസ്‌ട്രേഷനും അവസരമുണ്ട്.  ഫോൺ: 0497 2705185.  

സോളാർ ടെക്‌നീഷ്യൻ കോഴ്‌സിന് അപേക്ഷിക്കാം

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷൻ സെന്ററിന് കീഴിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗം തുടങ്ങുന്ന സോളാർ ടെക്‌നീഷ്യൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  എസ് എസ് എൽ സി, ഐ ടി ഐ, വയർമാൻ, ഇലക്ട്രീഷ്യൻ, കെ ജി സി ഇ, ഡിപ്ലോമ, ഇലക്ട്രിക്കൽ കോൺട്രാക്‌ടേഴ്‌സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പത്ത് ദിവസത്തെ കോഴ്‌സിന് 4000 രൂപയാണ് ഫീസ്. അവധി ദിവസങ്ങളിലാണ് ക്ലാസ്.  അപേക്ഷാ ഫോറം കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷൻ സെന്ററിൽ ലഭിക്കും. ജനുവരി 21ന് വൈകിട്ട് നാല് മണി വരെ അപേക്ഷ സ്വീകരിക്കും.  ഫോൺ: 9446031710, 9446680061.

സൗജന്യ മത്സര പരീക്ഷാ പരിശീലനം

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്ന്റ് എക്‌സ്‌ചേഞ്ചിന്റെ പരിധിയിലുള്ള പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർഥികൾക്കായി 75 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ജനുവരി 11നകം എംപ്ലോയ്മെന്റ് രജിസ്ട്രേഷന്റെയും യോഗ്യത സർട്ടിഫിക്കറ്റിന്റെയും പകർപ്പുകൾ, പേര്, മേൽവിലാസം, സമുദായം, യോഗ്യത, പ്രായം, പങ്കെടുക്കാൻ പോകുന്ന മത്സര പരീക്ഷകളുടെ വിവരം, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ നമ്പർ എന്നിവ ഉൾപ്പെടുന്ന അപേക്ഷ വെള്ളക്കടലാസിൽ  തയ്യാറാക്കി  മട്ടന്നൂർ ടൗൺ എംപ്ലോയ്ന്റ് എക്‌സ്‌ചേഞ്ചിൽ സമർപ്പിക്കണം.  

വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കിഴുന്നപ്പാറ, കിഴുന്നപ്പള്ളി, ആലിങ്കൽ, ഭഗവതിവില്ല, ബ്ലോക്ക് ഓഫീസ്, ഉറുമ്പച്ചംകോട്ടം, താഴെമണ്ഡപം, ഏഴര, സലഫിപള്ളി, മുനമ്പ്, ബത്തമുക്ക്, നാറാണത്ത്പാലം എന്നീ ഭാഗങ്ങളിൽ ജനുവരി ഏഴ് വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെയും കാപ്പാട് കള്ള്ഷാപ്പ്, ഡിടെക്ക്, കാപ്പാട് പോസ്റ്റോഫീസ്, പുതിയ റോഡ്, ശരവണ മിൽ, സി പി സ്റ്റോർ, മുണ്ടേരിപീടിക എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് രണ്ട്  മുതൽ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.
  പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ പിലാത്തറ സി എം മാൾ, ബി എസ് എൻ എൽ പെരിയാട്ട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി ഏഴ് വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും പിലാത്തറ ടൗൺ, ചിത്തന്നൂർ, വിദ്യ നഗർ, വീരാണ്ടിക്കുളം, കൈരളി, ബാങ്ക്, മതമംഗലം റോഡ് ഭാഗം എന്നീ  ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

ഐ എച്ച് ആർ ഡി പരീക്ഷ

ഐ എച്ച് ആർ ഡി യുടെ കീഴിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആന്റ് സെക്യൂരിറ്റി കോഴ്‌സ് റഗുലർ (2021 സ്‌കീം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് സപ്ലിമെന്ററി (2020 സ്‌കീം) പരീക്ഷകൾ  ജനുവരിയിൽ നടത്തും. പഠിക്കുന്ന സെന്ററിൽ ജനുവരി 11 വരെ പിഴ കൂടാതെയും 15 വരെ 100 രൂപ പിഴയോടുകൂടിയും പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈംടേബിൾ  പ്രസിദ്ധീകരിച്ചു. രജിസ്‌ട്രേഷനുള്ള അപേക്ഷാഫാറം സെന്ററിൽ ലഭിക്കും. വിശദവിവരങ്ങൾ www.ihrd.ac.in എന്ന ഐ എച്ച് ആർ ഡി വെബ്‌സൈറ്റിൽ ലഭിക്കും.
 

സ്വസ്ഥം ഫെസിലിറ്റേറ്റർ: അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പ് വുമൺ പ്രൊട്ടക്ഷൻ ഓഫീസിൽ തുടങ്ങിയ സ്വസ്ഥം കുടുംബ തർക്ക പരിഹാര കേന്ദ്രത്തിലേക്കുള്ള സ്വസ്ഥം ഫെസിലിറ്റേറ്റർമാർക്കായുള്ള അപേക്ഷ ജനുവരി 15 വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. വിരമിച്ച അധ്യാപികമാർ, സർക്കാർ ഉദേ്യാഗസ്ഥർ (വനിതകൾ മാത്രം) എന്നിവർക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവർത്തനം എന്ന നിലയിൽ സൗജന്യ സേവനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. വിശദമായ ബയോഡാറ്റ തപാൽ മാർഗമോ നേരിട്ടോ സിവിൽ സ്റ്റേഷനിലുള്ള വുമൺ പ്രൊട്ടക്ഷൻ ഓഫീസിൽ സമർപ്പിക്കാം. ഫോൺ: 819469393.

കണ്ണൂർ പുഷ്‌പോത്സവം 21 മുതൽ;
 മത്സരത്തിന് രജിസ്റ്റർ ചെയ്യാം

കണ്ണൂർ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്‌പോത്സവം ജനുവരി 21 മുതൽ 31 വരെ കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കും. പുഷ്‌പോത്സവത്തിന്റെ ഭാഗമായി ഹോം ഗാർഡൻ ചെറുത് (50 സ്‌ക്വയർ ഫീറ്റ്),  ഹോം ഗാർഡൻ വലുത് (50 സ്‌ക്വയർ ഫീറ്റിന് മുകളിൽ), ഗ്രൂപ്പ് വെജിറ്റബിൾ ഗാർഡൻ, കാർഷിക ഫോട്ടോഗ്രാഫി എന്നീ ഇനങ്ങളിൽ മത്സരം നടത്തും.  പങ്കെടുക്കാനാഗ്രഹിക്കുന്നവർ ജനുവരി 13ന് വൈകിട്ട് അഞ്ച് മണിക്കകം 0497 2712020, 7012789868 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.  കാർഷിക ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുന്നവർ ജനുവരി 25ന് വൈകിട്ട് അഞ്ച് മണിക്കകം 12x8 സൈസിലുള്ള ഫോട്ടോ സെക്രട്ടറി, കണ്ണൂർ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി, സൗത്ത് ബസാർ, കണ്ണൂർ - 2 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

കാരണം കാണിക്കൽ നോട്ടീസ് നൽകി

അവധിയുടെ കാലാവധി കഴിഞ്ഞിട്ടും ജോലിക്ക് ഹാജരാകാത്ത വളപട്ടണം ഇ എസ് ഐ ഡിസ്‌പെൻസറിയിലെ ക്ലർക്ക് പി കെ ജമീസിന് ഇൻഷൂറൻസ് മെഡിക്കൽ സർവീസ് വകുപ്പ് ഡയരക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. വിദേശത്ത് ജോലി ചെയ്യുന്നതിന് 2015 ആഗസ്റ്റ് ഒന്നു മുതൽ അഞ്ചു വർഷത്തെ ശൂന്യവേതനാവധിയിൽ പോയ ജമീസ് 2020 ജൂലൈ 31 ന് അവധി കഴിഞ്ഞിട്ടും ജോലിയിൽ ഹാജരാകാത്തതിനെ തുടർന്നാണിത്. നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ തുടർനടപടികളുമായി മുന്നോട്ട് പോകുമെന്ന് വകുപ്പ് ഡയരക്ടർ ഡോ.എസ് മാലിനി അറിയിച്ചു.

 

ഡിഎൽആർസി യോഗം

ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം (ഡിഎൽആർസി) ജനുവരി ഏഴ് വെള്ളി രാവിലെ 10.30ന് കണ്ണൂർ താളിക്കാവ് ഹോട്ടൽ ബിനേൽ ഇൻറർനാഷണലിൽ നടക്കും. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷനാവും. കനറാ ബാങ്ക് കണ്ണൂർ നോർത്ത് റീജ്യൻ അസി. ജനറൽ മാനേജർ ആർ സുന്ദരമൂർത്തി മുഖ്യ പ്രഭാഷണം നടത്തും.

ഗതാഗതം നിരോധിച്ചു

മാടത്തിൽ - കൂമന്തോട് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ മാടത്തിൽ മുതൽ കൂമന്തോട് വരെയുള്ള റോഡിലെ ഗതാഗതം വ്യാഴാഴ്ച മുതൽ ഏഴ് ദിവസത്തേക്ക് നിരോധിച്ചു. ഇരിട്ടിയിൽ നിന്ന് കൂമന്തോട് പോകേണ്ട വാഹനങ്ങൾ തന്തോട് ഉളിക്കൽ വഴിയും മാടത്തിൽ നിന്ന് കൂമന്തോട് പോകേണ്ട വാഹനങ്ങൾ വള്ളിത്തോട് - മലയോര ഹൈവേ വഴിയും പോകേണ്ടതാണെന്ന് കണ്ണൂർ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

തൊഴിൽ പരിശീലനം: താൽപര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ പട്ടികവർഗ ഉപപദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 100 പട്ടികവർഗ യുവതീ-യുവാക്കൾക്ക് യൂനിഫോം സേനയിലേക്ക് തൊഴിൽ നേടാനുള്ള മൂന്ന് മാസത്തെ പരിശീലനം നൽകാൻ താൽപര്യമുള്ള അംഗീകൃത ഏജൻസികളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു.  താൽപര്യപത്രം ജനുവരി 12ന് വൈകിട്ട് മൂന്ന് മണിക്കകം സിവിൽ സ്റ്റേഷനിലുള്ള ഐ ടി ഡി പി ഓഫീസിൽ നൽകണം. ഫോൺ: 0497 2700357.

വാഹന ലേലം

മണൽ കടത്ത് കേസിൽ പിടികൂടി  ഉളിക്കൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച  കെ എൽ 13 6896 നമ്പർ മിനിലോറി ജനുവരി 13ന് രാവിലെ 11 മണിക്ക് വയത്തൂർ വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.  കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിലെ ഡി സെക്ഷനിൽ ലഭിക്കും. ഫോൺ: 0490 2494910.

ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലേക്ക് 10 കെവിഎ യുപിഎസ്  നിർമ്മാണ പ്രവൃത്തിയിലേക്ക്‌ ക്വട്ടേഷൻ ക്ഷണിച്ചു.  ജനുവരി 17ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.  
കണ്ണൂർ ഗവ. എൻജനീയറിംഗ് കോളേജിലെ ഇ സി ഇ ഡിപ്പാർട്ട്‌മെന്റിന്റെ ഗവേഷണ പ്രൊജക്ട് പ്രോട്ടോകോൾ പൂർത്തിയാക്കുന്നതിനും സുരക്ഷ നടപ്പാക്കുന്നതിനും ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ജനുവരി 24ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2780226.
ഗവ. എൻജനീയറിംഗ്  കോളേജിലെ ഇ സി ഇ ഡിപ്പാർട്ട്‌മെന്റിലെ ലോ പവർ ലോംഗ് റേഞ്ച് കമ്മ്യൂണിക്കേഷൻ വിഷയത്തിൽ ഗവേഷണത്തിനാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ജനുവരി 22ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2780226.

date