മതപരിവർത്തനത്തിന് മുമ്പ് ലഭിച്ച ആനുകൂല്യങ്ങൾ തുടർന്ന് ലഭിക്കണം-പരിവർത്തിത ക്രിസ്ത്യൻ സംഘടനാ പ്രതിനിധികൾ
ക്രിസ്ത്യൻ ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്
മതപരിവർത്തനത്തിന് മുമ്പ് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ തുടർന്ന് ലഭിക്കാൻ സൗകര്യമുണ്ടാക്കണമെന്ന് പരിവർത്തിത ക്രിസ്ത്യൻ സംഘടനാ പ്രതിനിധികൾ. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിംഗിലാണ് സംഘടനാ പ്രതിനിധികൾ കമ്മീഷനോട് ഈ ആവശ്യമുന്നയിച്ചത്. സമൂഹത്തിൽ നിന്നും സഭകളിൽ നിന്നും വേണ്ടത്ര പരിഗണനയില്ലാത്തതിനാൽ ഏറ്റവും വിഷമിക്കുന്ന വിഭാഗമായി പരിവർത്തിത ക്രിസ്ത്യൻ സമൂഹം മാറിയിരിക്കുകയാണെന്നും സംഘടനാ പ്രതിനിധികൾ പറഞ്ഞു. കമ്മീഷൻ രൂപീകരിച്ച ശേഷം സംസ്ഥാനത്ത് നിന്നാകെ ഇതുവരെ 666500 പരാതികൾ ലഭിച്ചതായി ചെയർമാൻ ജസ്റ്റിസ് ജെ ബി കോശി പറഞ്ഞു. ഇതിൽ ഒരു ലക്ഷത്തിലേറെ പരാതികൾ ഇനിയും തരം തിരിക്കാനുണ്ടെന്നും സിറ്റിംഗിന് ശേഷം മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. ജില്ലയിൽ 19 ക്രൈസ്തവ സംഘടനകളെ പ്രതിനിധീകരിച്ച് 36 പേർ സിറ്റിംഗിൽ പങ്കെടുത്തു. ലത്തീൻ കത്തോലിക്ക വിഭാഗക്കാരുടെ സംവരണതോത് കൂട്ടണമെന്ന് ലത്തീൻ സംഘടനകൾ കമ്മീഷനെ അറിയിച്ചു. 20 ശതമാനം പേർക്കും ഭൂമിയില്ല. പത്ത് ശതമാനം പേർക്ക് മൂന്ന് സെന്റിൽ താഴെ മാത്രമാണ് ഭൂമി. പട്ടയപ്രശ്‌നമുള്ളതിനാൽ വായ്പ ലഭിക്കാനും പ്രശ്‌നമുണ്ട് ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് സംഘടനപ്രതിനിധികൾ കമ്മീഷനെ ധരിപ്പിച്ചു.
കാർഷികോൽപന്നങ്ങളുടെ വിലത്തകർച്ചയും വിപണി സാധ്യതകൾ കുറഞ്ഞതും മലയോര കർഷകരുടെ ജീവിതം ദുരിതത്തിലാക്കിയതായി സീറോ മലബാർ സഭയ്ക്ക് കീഴിലെ വിവിധ സംഘടനാ നേതാക്കളും വൈദികരും കമ്മീഷനെ അറിയിച്ചു. കൃഷിസ്ഥലങ്ങളിൽ നിന്നും നിയമാനുസൃതം വെടി വെക്കുന്ന പന്നികളെ ഭക്ഷിക്കാൻ അനുവദിക്കണം. കാർഷിക വായ്പാ നയം ഉദാരമാക്കണം. മലയോര മേഖലയിൽ സർക്കാർ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കണം.
സംഘടനകളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച് കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകും. ഇനി വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സിറ്റിംഗാണ് നടത്താനുള്ളത്. ചെയർമാന് പുറമെ കമ്മീഷൻ അംഗങ്ങളായ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, ജേക്കബ് പുന്നൂസ് എന്നിവരും പങ്കെടുത്തു.
- Log in to post comments