Skip to main content

കുട്ടികളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ: സംസ്ഥാനതലത്തിൽ കൗൺസലിങ്ങ് സംവിധാനം ഒരുക്കും-ബാലാവകാശ കമ്മീഷൻ

ഓൺലൈൻ ഗെയിം: ബോധവൽക്കരണം ആദ്യം വേണ്ടത് രക്ഷിതാക്കളിൽ

കുട്ടികളിലെ മാനസിക, ശാരീരികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന തലത്തിൽ കൗൺസലിങ്ങ് സംവിധാനം ഒരുക്കുന്നതിന് നടപടി ആരംഭിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. കെ വി മനോജ് കുമാർ അറിയിച്ചു. സർക്കാർ കൗൺസലർമാർക്ക് പുറമെ ഐഎംഎയുടെ സഹകരണവും ഇതിനായി ഉണ്ടാകുമെന്ന് കണ്ണൂർ ഗസ്റ്റ്ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കമ്മീഷന്റെ വെബ്‌സൈറ്റ് വഴിയും ബോധവൽക്കരണ പരിപാടികൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. എല്ലാ സ്‌കൂളുകളെയും കമ്മീഷൻ വെബ്‌സൈറ്റുമായി ബന്ധിപ്പിച്ചായിരിക്കും ഈ പ്രവർത്തനം.
കൊവിഡ് കാലത്ത് കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കുട്ടികളുടെ അവകാശത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനുമായി തദ്ദേശസ്ഥാപന വാർഡ് തലത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ രൂപീകരിക്കും. ഇതിനുള്ള നടപടികൾ ആരംഭിച്ചു. ഡിസംബറോടെ ഇത് പൂർത്തിയാക്കും. ഈ സമിതികളുടെ നേതൃത്വത്തിൽ അതത് പ്രദേശത്ത് മുഴുവൻ കുട്ടികളുടെയും വിവര ശേഖരണം നടത്തും. പാർശ്വവൽക്കരിക്കപ്പെട്ടവരും പ്രത്യേക പരിഗണന വേണ്ടവരുമടക്കമുളള കുട്ടികളുടെ പ്രശ്‌നങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനും ഈ വിവരശേഖരം പ്രയോജനപ്പെടും. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുകയെന്നത് ഏറ്റവും വലിയ കർത്തവ്യമായാണ് കമ്മീഷൻ കാണുന്നത്. ഈ ചുമതല സമൂഹം ഒന്നിച്ച് ഏറ്റെടുക്കണം. കണ്ണൂരിൽ ലൈബ്രറി കൗൺസിൽ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുമായി സഹകരിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി 15ന് കലക്ടറേറ്റ് മൈതാനിയിലെ പുസ്തകോത്സവ വേദിയിൽ ' മക്കളേ നമുക്ക് കളിക്കാം ചിരിക്കാം പഠിക്കാം' എന്ന പേരിൽ കുട്ടികളുമായി സംവാദം ഒരുക്കിയിട്ടുണ്ട്. മജീഷ്യൻ മുതുകാടാണ് കുട്ടികളുമായി സംവദിക്കുക.
കൊവിഡ് കാലം കുട്ടികളിൽ ഉണ്ടായിട്ടുള്ള മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെക്കുറിച്ച് കമ്മീഷൻ പഠനങ്ങൾ നടത്തുകയും റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ തുടർ നടപടികൾ ഉണ്ടാകും.
ഓരോ ജില്ലയെയും ബാലസൗഹൃദമാക്കാനുള്ള നടപടികളും സ്വീകരിച്ചു വരുന്നു. എല്ലാ തദ്ദേശസ്ഥാപനങ്ങളും ബാലസൗഹൃദമായ പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം എല്ലാ പദ്ധതികളും ബാലസൗഹൃദമാക്കണമെന്ന നിർദേശവും തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. അപകടകരമായ ഓൺലൈൻ ഗെയിമുകളും സാമൂഹ്യമാധ്യമ ഉപയോഗവും വലിയ ഭീഷണിയായി വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ആദ്യം ബോധവൽക്കരണം ഉണ്ടാവേണ്ടത് രക്ഷിതാക്കളിലാണ്. ബോധവൽക്കരണവും നിരന്തരമായ ഇടപെടലും വഴിയേ ഇതുപോലുള്ള കാര്യങ്ങളെ തടയാനാകൂ. പുതിയ സാങ്കേതിക വിദ്യകളിൽ നിന്ന് നമുക്ക് ഒഴിഞ്ഞുനിൽക്കാനാവില്ല. എന്നാൽ അവ സുരക്ഷിതമായി ഉപയോഗിക്കാനുള്ള ശേഷി ആർജിക്കുകയും അവ സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാക്കുകയുമാണ് ആവശ്യം. ബോധവൽക്കണം തന്നെയാണ് അതിനുള്ള മാർഗമെന്നും ചെയർമാൻ അഭിപ്രായപ്പെട്ടു.
ലൈബ്രറി നവീകരണ വ്യാപന മിഷൻ ചെയർമാൻ ഡോ. വി ശിവദാസൻ എംപി, കോ ഓർഡിനേറ്റർ ടി കെ ഗോവിന്ദൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ, സെക്രട്ടറി പി കെ വിജയൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സി. അംഗം എം കെ രമേഷ് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

date