Skip to main content

കെപിപി നമ്പ്യാര്‍ കാലത്തിനുമുന്‍പേ സഞ്ചരിച്ച ശാസ്ത്ര പ്രതിഭ: മുഖ്യമന്ത്രി *കെല്‍ട്രോണ്‍ ആസ്ഥാനത്ത് കെ.പി.പി നമ്പ്യാരുടെപ്രതിമ അനാച്ഛാദനം ചെയ്തു

കേരളത്തിന്റെ ഇലക്ട്രോണിക് വ്യവസായരംഗത്ത് മറ്റാരേക്കാളും മുന്നില്‍ നടന്ന മഹത് വ്യക്തിത്വമാണ് കെപിപി നമ്പ്യാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇലക്ട്രോണിക് രംഗത്ത് കേരളം ഇന്ത്യക്കും ഇന്ത്യ ലോകത്തിനും  സംഭാവന ചെയ്ത മഹാനാണ് അദ്ദേഹം. കെ.പി.പി നമ്പ്യാരുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെല്‍ട്രോണ്‍ ആസ്ഥാനത്ത് സ്ഥാപിച്ച പ്രതിമയുടെ അനാച്ഛാദനവും ഡിജിറ്റല്‍ പ്രോഗ്രാമബിള്‍ ഹിയറിംഗ് എയ്ഡുകള്‍ പൊതുവിപണിയില്‍ ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇലക്ട്രോണിക്‌സ് മേഖലയുടെ അഭൂതപൂര്‍വമായ വികാസത്തിന് അതുല്യമായ സംഭാവനയാണ്  അദ്ദേഹത്തില്‍നിന്നു ലഭിച്ചത്. ആ സംഭാവനയ്ക്കനുസരിച്ച് തിരിച്ച് പ്രതികരിക്കാന്‍ നമുക്കായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്റെ സാങ്കേതിക വൈദഗ്ധ്യം നാടിനു സമര്‍പ്പിക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് അതിയായ താത്പര്യമുണ്ടായിരുന്നു. നാടിനോടും സംസ്ഥാനത്തിനോടും രാജ്യത്തിനോടും അതുല്യമായൊരു കൂറ് അദ്ദേഹം എക്കാലവും പുലര്‍ത്തിപ്പോന്നു. പല നാടുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരത് ഇലക്ട്രോണിക്‌സിലും ബ്രിട്ടനിലെ ട്രാന്‍സിസ്റ്റര്‍ ഇലക്ട്രോണിക്‌സ് കമ്പനിയിലും ടാറ്റാ ഇലക്ട്രോണിക്‌സ് കമ്പനിയിലും മുബൈ നാഷണല്‍ ഇലക്ട്രോണിക്‌സ് കോര്‍പറേഷനിലും പ്രവര്‍ത്തിച്ചതിനുപുറമേ, രാജ്യത്തിന്റെ ഇലക്ട്രോണിക്‌സ് വകുപ്പ് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതില്‍ പലതും വലിയ പദവികളായിരുന്നെങ്കിലും അദ്ദേഹത്തിന് ഏറ്റവുമധികം തൃപ്തി നല്‍കിയത് കെല്‍ട്രോണിന്റെ സ്ഥാപക ചെയര്‍മാന്‍ എന്ന നിലയിലായിരുന്നു. ടെക്‌നോ പാര്‍ക്കിന്റെ പ്രഥമ പദ്ധതി നിര്‍വഹണ സമിതി ചെയര്‍മാന്‍ എന്നീ നിലയിലെല്ലാം കേരളത്തിനുവേണ്ടി പ്രവര്‍ത്തിച്ചപ്പോഴാണ് തന്റെ ജീവിതം സഫലമായത് എന്ന് അദ്ദേഹം പലഘട്ടങ്ങളിലും പറഞ്ഞിട്ടുള്ളതായി മുഖ്യമന്ത്രി അനുസ്മരിച്ചു. 

1973ലാണ് കെല്‍ട്രോണിന്റെ ചെയര്‍മാനും എംഡിയുമായി അദ്ദേഹം നിയമിതനാവുന്നത്. ഒരുവശത്ത് ഗവേഷണത്തിലൂടെ പുതിയ സാധ്യതകള്‍ കണ്ടെത്താനും മറുവശത്ത്, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ഗ്രാമീണ വനിതകളെയും സൊസൈറ്റികളെയും പങ്കെടുപ്പിച്ചുകൊണ്ട് ആ പ്രവര്‍ത്തനത്തെയാകെ ജനങ്ങളിലേക്കെത്തിക്കാനുമാണ് അദ്ദേഹം നടപടിയെടുത്തത്. 

ഇലക്ട്രോണിക്‌സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സെന്റര്‍, ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രി ഇവയെല്ലാം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വികസനത്തിന്റെയും സ്വീകാര്യതയുടെയും തലങ്ങളിലേക്ക് എത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐടിഐ നവീകരണത്തിലടക്കം അദ്ദേഹം നല്‍കിയ സംഭാവന നിസ്സീമമാണ്. പില്‍ക്കാലത്ത് വിവര സാങ്കേതിക മന്ത്രാലയമായി മാറിയ ഇലക്ട്രോണിക്‌സ് വകുപ്പിന്റെ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചപ്പോഴും ഗവേഷണ ഉത്പാദന രംഗങ്ങളില്‍ അതുവരെയില്ലാത്ത പരിഷ്‌കൃത പദ്ധതികളാണ് ആവിഷ്‌കരിച്ചു നടപ്പാക്കിയത്.  കണ്ണൂര്‍ പവര്‍ പ്രോജക്ട് പദ്ധതി നടപ്പാക്കാനും അദ്ദേഹം കാണിച്ച താത്പര്യം മാതൃകാപരമാണ്. ദേശീയതലത്തില്‍ കേരളത്തിന് ഇലക്ട്രോണിക്‌സ് രംഗത്ത് മേല്‍വിലാസമുണ്ടാക്കിയതില്‍ കെ.പി.പി. നമ്പ്യാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ലണ്ടനിലെ ഇംപീരിയല്‍ കോളേജ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍നിന്ന് ഉന്നതപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം അന്താരാഷ്ട്രതലത്തില്‍ എത്ര ഉന്നത സ്ഥാനവും വഹിക്കാന്‍ പ്രാപ്തനായ വ്യക്തിയായിരുന്നു. എന്നാല്‍ തന്റെ പ്രവര്‍ത്തനം തന്റെ നാടിനാണ് ഉപകരിക്കേണ്ടത് എന്ന ചിന്തയാണ് അദ്ദേഹത്തെ നയിച്ചത്. 

ഇന്ത്യയിലാദ്യമായി എസി, ഡിസി മോട്ടോറുകള്‍, സ്റ്റാറ്റിക് ഇന്‍വെര്‍ട്ടര്‍ റിതം, സ്റ്റാറ്റിക് കണ്‍വെര്‍ട്ടര്‍ റിതം, കാല്‍കുലേറ്ററുകള്‍, ഇലക്ട്രോണിക് ക്ലോക്ക്, ഇവയുടെ ആധുനികരൂപങ്ങള്‍ പുതിയ സമ്പ്രദായത്തിലും വ്യാവസായിക അടിസ്ഥാനത്തിലും നിര്‍മിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചതും അതു നടപ്പാക്കിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. കാലത്തിനുമുന്‍പേ സഞ്ചരിച്ച ശാസ്ത്ര പ്രതിഭയായിരുന്നു കെപിപി നമ്പ്യാര്‍. വരാന്‍ പോകുന്ന കാലത്ത് ഇലക്ട്രോണിക്‌സ് രംഗത്ത് ഏതുവിധത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ശരിയായ രീതിയില്‍ തിരിച്ചറിഞ്ഞുകൊണ്ട് ഭാവനാപൂര്‍ണമായി ആസൂത്രണം ചെയ്ത് നമ്മുടെ നാടിനെ മറ്റു നാടുകളുടെ മുന്നിലെത്തിക്കുക എന്ന ദൗത്യമാണ് അദ്ദേഹം നിര്‍വഹിച്ചത്. അദ്ദേഹം സ്ഥാപിച്ച കമ്പനിയായിരുന്നു രാംടെക്. ആ കമ്പനിയില്‍ നിന്ന് അതുവരെ സങ്കല്‍പിക്കപ്പെടാത്ത നൂതന ഉത്പന്നങ്ങള്‍ ഇലക്ട്രോണിക്‌സ് രംഗത്തു വന്നതുതന്നെ അദ്ദേഹത്തിന്റെ ഭാവനാമൗലികതയുടെ ദൃഷ്ടാന്തമാണ്. 

കല്യാശേരി പോലുള്ള ഒരു ഗ്രാമത്തെ വരെ ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് മാപ്പില്‍ ഉള്‍പ്പെടുത്തുന്നവിധത്തില്‍ വിശാലമായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. ഇലക്ട്രോണിക്‌സ് കമ്പനിയെന്തിനാണ് കല്യാശേരിയില്‍ എന്നു ചോദിച്ച ചിലര്‍ അക്കാലത്തുണ്ടായിരുന്നു. ഇന്ത്യയിലാകെ ഇലക്ട്രോണിക്‌സ് മേഖലയുടെ വികസനത്തിന് ഇടമുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വരും കാലത്തെ മുന്നില്‍ക്കണ്ടുകൊണ്ട് സമതുലിതമായ വികസനം ഇലക്ട്രോണിക്‌സ് രംഗത്ത് സാധ്യമാക്കുക എന്ന ചിന്തയാണ് അദ്ദേഹത്തെ നയിച്ചത്. നവീനമായ പദ്ധതികള്‍ മുന്നോട്ടു വയ്ക്കാന്‍ എപ്പോഴും അദ്ദേഹം ശ്രദ്ധിച്ചു. ആ ഘട്ടത്തിലെല്ലാം ഇദ്ദേഹം മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങള്‍ എത്രത്തോളം പ്രായോഗികമാകുമെന്ന് സംശയിച്ചവരുണ്ട്. പക്ഷേ, അവരുടെ സംശയങ്ങളെല്ലാം ദുരീകരിച്ചുകൊണ്ട് പദ്ധതികളെല്ലാം വിജയമാക്കാന്‍ കെപിപിക്ക് കഴിഞ്ഞു.   

പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു അറുപതുകളില്‍ ആവിഷ്‌കരിച്ച സയന്റിസ്റ്റ് പൂള്‍ പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹം ഇന്ത്യയിലേക്ക് തിരികെയെത്തിയത്. മസ്തിഷ്‌കചോര്‍ച്ച തടയാനും സാര്‍വദേശീയ രംഗത്തെ ശാസ്ത്രപ്രതിഭകളെ ഇന്ത്യക്കുപയോഗിക്കാനും ഉദ്ദേശിച്ച് ആവിഷ്‌കരിക്കപ്പെട്ട പദ്ധതിയാണത്. അതിന്റെ സാധ്യത ആദ്യഘട്ടത്തില്‍ത്തന്നെ ഉപയോഗിച്ചുകൊണ്ട് കെ.പിപി നമ്പ്യാര്‍ ഇന്ത്യയിലേക്കു മടങ്ങിയെത്തി. നമ്മുടെ ശാസ്ത്രപ്രതിഭകളെ തുടര്‍ച്ചയായി ഇന്ത്യക്കു നഷ്ടപ്പെടുന്ന ഇന്നത്തെ അവസ്ഥയുടെ പശ്ചാത്തലം വച്ചുനോക്കിയാല്‍ അന്നത്തെ പദ്ധതിക്കും അതു പ്രകാരമുള്ള ശാസ്ത്രത്തിന്റെ തിരിച്ചുവരവിലുമുള്ള പ്രസക്തിയും ഗൗരവവും മനസ്സിലാകും. കെല്‍ട്രോണിന്റെ പ്രവര്‍ത്തനത്തില്‍ പലതരത്തിലുള്ള പ്രതിസന്ധിഘട്ടങ്ങളുണ്ടായിട്ടുണ്ട്. അതെല്ലാം മറികടന്ന് പുതിയ തലങ്ങളിലേക്ക് വളര്‍ത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. ഇലക്ട്രോണിക്‌സ്, എയറോസ്‌പേസ് ഇലക്ട്രോണിക്‌സ്, ഐടി സോഫ്റ്റ് വെയര്‍, എഡ്യുക്കേഷണല്‍ സര്‍വീസ് എന്നീ മേഖലകളിലേക്കെല്ലാം കെല്‍ട്രോണ്‍ പടര്‍ന്നു വ്യാപിച്ചത് കെ.പിപി നമ്പ്യാരുണ്ടാക്കിയ ബലവത്തായ അടിത്തറ അടിസ്ഥാനമാക്കിയതാണ്. ഈ രംഗത്ത് ശാസ്ത്ര ഗവേഷണ രംഗങ്ങളില്‍ പതിയേണ്ട ശ്രദ്ധയെക്കുറിച്ച് ബോധവാനായിരുന്നു കെ.കെ.പി.നമ്പ്യാര്‍. അതുകൊണ്ടാണ് അന്നുതന്നെ ഡിആര്‍ ആന്റ് ഡിസി സംവിധാനത്തിന് അദ്ദേഹം രൂപം നല്‍കിയത്. 

ശാസ്ത്രജ്ഞന്മാര്‍ സ്വയം നവീകരിക്കേണ്ടതിന്റെയും സ്വന്തം വിജ്ഞാനം  സമൂഹത്തിനായി സമര്‍പ്പിക്കേണ്ടതിന്റെയും ആവശ്യകത സംബന്ധിച്ച സന്ദേശമാണ് മഹാനായ കെ.പി.പി നമ്പ്യാരുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിലൂടെ പങ്കുവയ്ക്കപ്പെടുന്നത്. കെപിപി നമ്പ്യാരുടെ വ്യക്തിത്വത്തിന്റെ മറ്റൊരു സവിശേഷതയായിരുന്നു മനുഷ്യസ്‌നേഹം. കെല്‍ട്രോണിന്റെ ഉത്പന്നമായ ഡിജിറ്റല്‍ പ്രോഗ്രാമബിള്‍ ഹിയറിംഗ് എയ്ഡുകള്‍ പൊതുവിപണിയില്‍ എത്തിക്കുന്നത് ആ വ്യക്തിത്വമൂല്യത്തിനുള്ള ആദരാഞ്ജലിയായിരിക്കുമെന്നും കെല്‍ട്രോണിന്റെ നവീകരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിമ നിര്‍മിച്ച ശില്‍പി കാനായി കുഞ്ഞിരാമനെ മുഖ്യമന്ത്രി പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. 

വ്യവസായ, കായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, വ്യവസായവകുപ്പ് സെക്രട്ടറിയും കെല്‍ട്രോണ്‍ ചെയര്‍മാനുമായ സഞ്ജയ് എം. കൗള്‍, കെല്‍ട്രോണ്‍ മാനേജിംഗ് ഡയറക്ടര്‍  ടി.ആര്‍ ഹേമലത, കെ.പി.പി. നമ്പ്യാരുടെ ഭാര്യ ഉമാ നമ്പ്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

പി.എന്‍.എക്‌സ്.2694/18

date