സൗജന്യതൊഴിൽ പരിശീലനത്തിന് ആളെ കിട്ടുന്നില്ല ആറുമാസത്തിനിടെ തൊഴിൽ നേടിയത് 577 യുവാക്കൾ
ആലപ്പുഴ: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിലുള്ള സൗജന്യ തൊഴിൽ പരിശീലന പരിപാടി വഴി ഈ വർഷം ജൂൺ മാസം വരെ ജില്ലയിൽ തൊഴിൽ നേടിയത് 577 യുവാക്കൾ. 1276 പേരാണ് പരിശീലനം നേടിയത്. എട്ടാം ക്ലാസ് മുതൽ മുകളിലേക്ക് വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിൽരഹിതരായ 18നും 35നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് വിവിധ മേഖലകളിൽ അഭിരുചിക്കനുസരിച്ച് പരിശീലനം നൽകുന്നു എന്നതാണ് കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാനമന്ത്രി കൗശൽ കേന്ദ്രത്തിന്റെ പ്രത്യേകത . എന്നാൽ വേണ്ടത്രയാളുകൾ പദ്ധതിയെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് കഴിഞ്ഞദിവസം ചേർന്ന ദിഷ യോഗത്തിൽ അഭിപ്രായമുയർന്നു.
അനൗദ്യോഗിക നൈപുണ്യം, വ്യക്തിഗത പരിശീലനം, പെരുമാറ്റരീതിയിലെ മാറ്റം തുടങ്ങിയവയാണ് ഈ പദ്ധതിയിലുൾപ്പെടുന്നത്. തൊഴിൽ മാർക്കറ്റിലേക്ക് ആദ്യമായി എത്തുന്നവരെ കേന്ദ്രീകരിക്കുന്ന പി.എം.കെ.വി.വൈ പദ്ധതി 10, 12 ക്ലാസുകളിൽ സ്കൂൾ പഠനം ഇടയ്ക്കു അവസാനിപ്പിച്ചവരെയും ലക്ഷ്യമിടുന്നു. എൻ.എസ്.ഡി.സി പരിശീലന പങ്കാളികളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവിൽ 2300 കേന്ദ്രങ്ങളിലായി 187 പരിശീലന പങ്കാളികളാണ് രാജ്യത്ത് എൻഎസ്ഡിസിക്കുള്ളത്.നിലവിൽ സംസ്ഥാനത്ത് നാല് ജില്ലകളിലാണ് പരിശീലന കേന്ദ്രമുള്ളത്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ,കൊല്ലം. തിരുവമ്പാടി എസ്.ബി.ഐക്കു സമീപം ബോസ് ടവറിലാണ് പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്. മൊബൈൽ റിപ്പയറിങ്, ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് , ജി.എസ്.ടി അക്കൗണ്ട് അസിസ്റ്റന്റ്, കാഡ് ഓപ്പറേറ്റർ തുടങ്ങി വിവിധ കോഴ്സുകളാണ് ഉണ്ടായിരുന്നത്. പൂർണമായും സൗജന്യമായാണ് കോഴ്സുകളിൽ പരിശീലനം നടക്കുന്നത്.
പുതുതായി ബാങ്കിങ് ആൻഡ് ഫിനാൻസിങ്, ടെലികോം, ടൂറിസം, ലൈഫ് സയൻസ് ആൻഡ് ഫാർമ, റീട്ടെയിൽ എന്നിങ്ങനെയായി വിവിധ കോഴ്സുകൾ തുടങ്ങുകയാണ്.പുതിയ കോഴ്സുകൾക്ക് എസ്.എസ്.എൽ.സിക്ക് പുറമേ ഐ.ടി.ഐ, ഡിപ്ളോമ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗത്ഭരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. തൊഴിൽ നേടിയവർക്ക് 6500 രൂപ മുതൽ 18000രൂപ വരെ വരുമാനമുണ്ട്. ഫോൺ : 9496249348, 7356263666
(പി.എൻ.എ. 1499/2018)
- Log in to post comments