Skip to main content

മികവിന്റെ മഹാത്മ പുരസ്‌കാരം; ഇത്  തൊഴിലുറപ്പിന്റെ പെരിങ്ങോം-വയക്കര മാതൃക

 

2020-21 വർഷത്തെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മികവിനുള്ള ജില്ലാതലപുരസ്‌കാരം പെരിങ്ങോം -വയക്കര ഗ്രാമപഞ്ചായത്തിന് നേടാനായത് കൂട്ടായ മികച്ച പ്രവർത്തനത്തിലൂടെ. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച രീതിയിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയ പഞ്ചായത്താണ് പെരിങ്ങോം-വയക്കര.

കഴിഞ്ഞ വർഷം നൂറ് തൊഴിൽ ദിനങ്ങൾ ആയിരം പേർക്കാണ് നൽകിയത്. 

വൈവിധ്യങ്ങളായ മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ പഞ്ചായത്തിൽ നടപ്പാക്കിയത്. അരവഞ്ചാൽ കണ്ണങ്കൈ പ്രദേശവാസികളുടെ ദീർഘനാളത്തെ ഗതാഗത പ്രശങ്ങൾക്കുള്ള പരിഹാരമായി അരവഞ്ചാലിൽ നിർമിച്ച ഡാമും കൾവർട്ടും ഉദ്ഘാടനത്തിനൊരുങ്ങി കഴിഞ്ഞു. കൃഷിയിടങ്ങളിൽ ആവശ്യത്തിന് വെള്ളം, വേനൽക്കാലത്തെ രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം എന്നിവയാണ് ഇതുവഴി സാധ്യമാകുക. വേനലിൽ ഒഴുക്ക് നിലക്കുന്ന കണ്ണങ്കൈ പുഴയിൽ രണ്ട് മീറ്റർ ഉയരത്തിൽ നാല് ഷട്ടറുകൾ ഉപയോഗിച്ച് വെള്ളം സംഭരിക്കുന്ന രീതിയിലാണ് കൾവർട്ടിന്റെ നിർമാണം. ഇതോടെ പതിനായിരം ഘന അടി വെള്ളം സംഭരിക്കാൻ കഴിയും. ആറ് മീറ്റർ സ്പാനിലും മൂന്ന് മീറ്റർ വീതിയിലുമുള്ള  ട്രാക്ടർ വേയും പുഴക്ക് കുറുകെ നിർമിച്ചു.19.9 ലക്ഷം രൂപ ചെലവിലാണ് നിർമാണം. അവിദഗ്ധരും, വിദഗ്ധരുമായ തൊഴിലാളികളുടെ കൂട്ടായ പരിശ്രമമാണ് ഇതിനു പിന്നിൽ.

ജലദൗർലഭ്യം എന്ന വലിയ പ്രതിസന്ധിയെ മറികടക്കലാണ് പഞ്ചായത്തിന്റെ മുഖ്യ ലക്ഷ്യം. പതിനാറാം വാർഡിൽ വയക്കര വയലിൽ എട്ടു ലക്ഷം രൂപ ചെലവിൽ കുളം നിർമിച്ചു.ഇതോടെ കാർഷികാവശ്യത്തിനും കുടിവെള്ള ക്ഷാമത്തിനും പരിഹാരമായി.

മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണങ്കൈയിൽ വൃക്ഷത്തെ നഴ്സറിയും നിർമിച്ചു. മാതളം, കൂവളം, നെല്ലി, വീട്ടി, സപ്പോട്ട, കുടംപുളി തുടങ്ങി അര ലക്ഷത്തോളം വൃക്ഷത്തൈകളാണ് ഇവിടെയുള്ളത്. തവിടിശ്ശേരി സ്‌കൂളിന് സമീപത്തെ അമ്പത് സെന്റ് ഭൂമിയിൽ ഫല വൃക്ഷങ്ങളും ഔഷധസസ്യങ്ങളും യഥേഷ്ടമുണ്ട്. ഇവയെ കാക്കാൻ ജൈവവേലിയും ഒരുക്കി.

റോഡ് നിർമാണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും മാത്രമൊതുങ്ങുന്നതല്ല പെരിങ്ങോത്തെ തൊഴിലുറപ്പ് പെരുമ. ശോച്യാവസ്ഥയിലായിരുന്ന കുണ്ടുവാടി അങ്കണവാടി കെട്ടിടം നവീകരിച്ചത് ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു. തൊഴിലുറപ്പ് പദ്ധതി ഫണ്ടിനു പുറമെ പഞ്ചായത്ത്, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്, ശിശുക്ഷേമ വകുപ്പ് എന്നിവയുടെ ഫണ്ടുകൾ സംയോജിപ്പിച്ച്  17 ലക്ഷത്തിലധികം രൂപ ചെലവിലാണ് ഈ ഗ്രാമീണ അങ്കണവാടിയുടെ മുഖച്ഛായ മാറ്റിയെടുത്തത്. ഈ വർഷവും  മികച്ച തൊഴിൽ ദിനങ്ങൾ ഉറപ്പു വരുത്തി ഒന്നാം സ്ഥാനം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് പ്രസിഡണ്ട് വി എം ഉണ്ണികൃഷ്ണനും ഭരണസമിതിയും

date